കൊച്ചി: അര്‍ജുന്‍ ആയങ്കി പ്രതിയായ കരിപ്പൂർ സ്വര്‍ണക്കടത്ത് കേസിന് അന്തര്‍ സംസ്ഥാന ബന്ധമുണ്ടന്ന് കസ്റ്റംസ്. അര്‍ജുന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് ഇക്കാര്യം പ്രത്യേക നാമ്പത്തിക കോടതിയെ അറിയിച്ചത്. സ്വര്‍ണക്കടത്തിന്റെ ബുദ്ധികേന്ദ്രം അര്‍ജുനാണ്. ഇയാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് ബോധിപ്പിച്ചു. അർജുനെ ജൂലൈ ആറു വരെ കോടതി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു.
സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണി അര്‍ജുനാണെന്നതിനു ഡിജിറ്റല്‍ തെളിവുണ്ട്. സ്വര്‍ണക്കടത്തിന് എത്തിയതിന് ഡിജിറ്റല്‍ തെളിവുണ്ട്. അര്‍ജുന്‍ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു. അര്‍ജുന്‍ സഞ്ചരിച്ച കാര്‍ ഇയാളുടെ സ്വന്തമാണ്. എന്നാല്‍, കാര്‍ രജിസ്റ്റര്‍ ചെയ്തത് ബിനാമിയായ സജേഷിന്റെ പേരിലാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്താണിത്. വിപുലമായ അന്വേഷണം വേണം. നിരവധി ചെറുപ്പക്കാര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ട്. ഷഫീക്കിന്റെ കയ്യില്‍ സ്വര്‍ണമുണ്ടെന്ന് അര്‍ജുന് അറിയാമായിരുന്നുവെന്നും കോടതിയെ കസ്റ്റംസ് അറിയിച്ചു.
അതേസമയം, റമീസിനു ലഭിക്കാനുള്ള പണം ഷഫീക്കില്‍നിന്ന് തിരികെ വാങ്ങാനാണ് വിമാനത്താവളത്തില്‍ എത്തിയതെന്നാണ് അര്‍ജുന്‍ കസ്റ്റംസിന് നല്‍കിയ മൊഴിയെന്നാണു ലഭ്യമായ വിവരം. റമീസിനൊപ്പമാണ് അര്‍ജുന്‍ വിമാനത്താവളത്തില്‍ എത്തിയത്. കാര്‍ ഒളിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ പോയെന്നും അര്‍ജുന്‍ മൊഴി നല്‍കിയതായാണു വിവരം.
കസ്റ്റഡിയിലുള്ള പ്രതി മുഹമ്മദ് ഷെഫീഖിനെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. ഷെഫീഖിനെ അര്‍ജുന് ഒപ്പം ഇരുത്തി ചോദ്യം ചെയ്യും. അര്‍ജുനെ കസ്റ്റഡിയില്‍ വാങ്ങാനായി കോടതിയില്‍ ഹാജരാക്കി.
Also Read: ‘തട്ടിയെടുക്കുന്ന സ്വർണത്തിന്റെ ഒരുപങ്ക് പാർട്ടിക്ക്’; ശബ്ദരേഖ പുറത്ത്
കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്നലെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഇന്നലെ രാവിലെ ഹാജരായ അർജുനെ ഒമ്പതു മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട വാഹനങ്ങൾ സ്വർണക്കടത്തിന് ഉപയോഗിച്ചതാണെന്ന് ആരോപണമുയരുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിലാണ് സ്വർണക്കടത്തു സംഘത്തിലെ പ്രധാനികളിൽ ഒരാളായ അർജുനെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
അർജുൻ ആയങ്കിയുടെ ബിനാമിയെന്ന് ആരോപിക്കുന്ന സജേഷിനു കസ്റ്റംസ് നോട്ടിസ് നൽകിയിട്ടുണ്ട്. ഡിവൈഎഫ്ഐ ചെമ്പിലോട് നോര്‍ത്ത് മേഖലാ സെക്രട്ടറിയായിരുന്ന ഇയാളെ ഏതാനും ദിവസം മുൻപ് സിപിഎം പുറത്താക്കിയിരുന്നു.