കരിപ്പൂര്‍ വിമാനത്താവളത്തില്‍പ്പെട്ട് പരിക്കേറ്റ് കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരിൽ 14 പേരുടെ നില ഗുരുതരമെന്ന് മലപ്പുറം ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. കരിപ്പൂരിൽ ലാന്‍ഡിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍പ്പെട്ട 115 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. 57 പേർ വിദഗ്‌ധ ചികിത്സക്ക് ശേഷം വിവിധ ആശുപത്രികളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിൽ 16 പേരും മൗലാനാ ആശുപത്രിയിൽ രണ്ട് പേരും എം.ഇ.എസ്‌ ആശുപത്രിയിൽ മൂന്ന് പേരും കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ രണ്ട് പേരും മിംസ്‌ ആശുപത്രിയിൽ അഞ്ചു പേരും മഞ്ചേരി കൊരമ്പയിൽ ആശുപത്രി മലബാർ ആശുപത്രി എന്നിവിടങ്ങളിൽ ഒരോരുത്തരും ചികിത്സയിൽ കഴിയുന്നു.

Read More: ആ 24 മണിക്കൂറിനുശേഷം; മനസില്‍ തങ്ങുന്നത് രക്ഷാപ്രവര്‍ത്തനത്തിന്റെ അപൂര്‍വ മാതൃക

കോഴിക്കോട് മിംസ് ആശുപത്രിയിൽ 32പേരും മെയ്ത്ര ആശുപത്രിയിൽ 10പേരും ബേബി മെമ്മോറിയൽ ആശുപത്രിയിൽ 22പേരും ഇഖ്‌റ ആശുപത്രിയിൽ അഞ്ചു പേരും മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഒൻപത് പേരും ബീച്ച് ആശുപത്രിയിൽ ഏഴ് പേരും ചികിത്സയിൽ കഴിയുന്നു.

മരിച്ചവരിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനാൽ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചിരുന്നു.ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നവരിൽ ഇതുവരെ ഒരാൾക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളതെന്നും ജില്ലാകലക്ടർ അറിയിച്ചു.

10 കുട്ടികള്‍ ഉള്‍പ്പെടെ 184 യാത്രക്കാരുമായാണ് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വെള്ളിയാഴ്ച (ഓഗസ്റ്റ് ഏഴ്) രാത്രി ദുബായില്‍നിന്ന് എത്തിയത്. അപകടത്തിൽ നാല് കുട്ടികളുള്‍പ്പടെ 18 പേരാണ് മരിച്ചത്.

Read More:  കരിപ്പൂർ വിമാനാപകടം: അന്വേഷണത്തിനായി മുപ്പതംഗ സംഘം രൂപീകരിച്ചു

അതേസമയം വിമാനാപകടത്തിൽ അന്വേഷണം നടത്തുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ സംഘം രൂപികരിച്ചു. മലപ്പുറം അഡീഷനൽ എസ്.പി. ജി. സാബു വിന്റെ നേതൃത്വത്തിൽ 30 അംഗ സംഘമാണ് സംഭവം അന്വേഷിക്കുക.

മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തൽമണ്ണ എ.എസ്. പി ഹേമലത, ഇൻസ്‌പെക്ടർമാരായ ഷിബു, കെ.എം ബിജു, സുനീഷ് പി. തങ്കച്ചൻ, തുടങ്ങിയവരും സൈബർ സെൽ അംഗങ്ങളും ടീമിൽ ഉൾപ്പെടും.

വിമാനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആശുപത്രി ബില്ലുകൾ ആരോഗ്യകുപ്പ് നേരിട്ട് സ്വീകരിക്കും. ഇത് സംബന്ധിച്ച നിർദ്ദേശം ജില്ലാ കലക്ടർ ജില്ലാ മെഡിക്കൽ ഓഫിസർക്ക് നൽകി. ബില്ലുകൾ ആശുപത്രി അധികൃതരെ ചികിത്സയിൽ കഴിയുന്നവർക്ക് നൽകരുത്. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.