scorecardresearch

കരിപ്പൂര്‍ അപകടം: സൂചനകൾ നൽകി തൊട്ടുമുൻപ് എത്തിയ രണ്ട് വിമാനങ്ങളിൽനിന്നുള്ള വിവരങ്ങൾ

അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം വിമാനത്താവളത്തിലിറങ്ങാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ട് തിരിച്ചുപറന്നതിന് തൊട്ടുപിറകെ ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാൻ എയർ ട്രാഫിക് കൺട്രോൾ അനുമതി നൽകിയിരുന്നു

അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം വിമാനത്താവളത്തിലിറങ്ങാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ട് തിരിച്ചുപറന്നതിന് തൊട്ടുപിറകെ ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാൻ എയർ ട്രാഫിക് കൺട്രോൾ അനുമതി നൽകിയിരുന്നു

author-image
WebDesk
New Update
kerala crash, kozhikode crash, kerala plane crash, table top runway, flight safety, indian express

ന്യൂഡൽഹി: ഓഗസ്റ്റ് ഏഴിനുണ്ടായ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനാപകടത്തെക്കുറിച്ച് നിർണായക സൂചനകൾ നൽകി മറ്റ് രണ്ട് വിമാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ. ഏഴിനു വിമാനാപകടം നടന്ന സമയം വരെ കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതോ ടേക്ക് ഓഫ് ചെയ്തതോ ആയ 15 വിമാനങ്ങളിൽ രണ്ടെണ്ണത്തിൽനിന്നുള്ള വിവരങ്ങളാണിത്.

Advertisment

എയർ ഇന്ത്യ എക്‌സ്പ്രസ് ഐഎക്സ് 1344 വിമാനം അപകടത്തിൽ പെടുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തിയ ഇൻഡിഗോയുടെ എടിആർ 72-600 ടർബോ  പ്രോപ്പ് വിമാനമാണ് ഇതിലൊന്ന്. ബംഗളൂരുവിൽ നിന്നുള്ള ഈ വിമാനം കോഴിക്കോട് വിമാനത്താവളത്തോട് അടുത്തമ്പോൾ ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും വൈകിട്ട് 5.58 ഓടെ സുരക്ഷിതമായി ലാൻഡ് ചെയ്തു.

അപകടത്തിൽപ്പെട്ട ഐഎക്സ് 1344 ബോയിങ് 737-800 വിമാനം വിമാനത്താവളത്തിലിറങ്ങാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്ന് തിരിച്ചുപറന്നതിന് തൊട്ടു പിറകെ ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാൻ കരിപ്പൂരിലെ എയർ ട്രാഫിക് കൺട്രോൾ (എടിസി) അനുമതി നൽകി. ദുബായിൽനിന്ന് വന്ന ബോയിങ് വിമാനത്തിലെ ജീവനക്കാർ കാലാവസ്ഥാ പ്രശ്നത്തെക്കുറിച്ചോ വിമാനത്താവളത്തിൽ ആ സമയത്തുണ്ടായിരുന്ന മറ്റ് പ്രതികൂല സാഹചര്യങ്ങളെക്കുറിച്ചോ അപകട മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് ഇത് സൂചിപ്പിക്കുന്നു.

വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു പ്രത്യേക സമിതി രൂപീകരിക്കണമെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB-എഎഐബി) വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ബോയിങ് 737 വിമാനത്തിലെ ഡെസിഗ്നേറ്റഡ് എക്സാമിനർ ആയ ക്യാപ്റ്റൻ എസ്എസ് ചാഹറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സമിതി രൂപീകരിക്കേണ്ടതെന്നും എഎഐബി വ്യക്തമാക്കിയിട്ടുണ്ട്.

Advertisment

അഞ്ച് മാസത്തിനുള്ളിൽ സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. ഒരു ഓപ്പറേഷൻ വിദഗ്ധൻ, ബോയിങ് 737 വിമാനത്തിന്റെ സീനിയർ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ, ഏവിയേഷൻ മെഡിസിൻ വിദഗ്‌ധൻ, എ‌എ‌ഐ‌ബിയുടെ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.

അപകടവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക വിവരങ്ങൾ അന്താരാഷ്ട്ര

സിവിൽ ഏവിയേഷൻ ഓർഗനൈസേഷനു (ഐസി‌എ‌ഒ) സമർപ്പിച്ചതായി ബ്യൂറോ ഡയറക്ടർ ജനറൽ അരബിന്ദോ ഹാൻദ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. എന്നാൽ, വിമാനത്തിന്റെ ബ്ലാക്ക് ബോക്സിൽനിന്നുള്ള ഡേറ്റ വീണ്ടെടുത്ത് പഠനവിധേയമാക്കാന്‍ സാധിച്ചിട്ടില്ല.

യാത്രാ വിമാനങ്ങളുടെ പാത തത്സമയം ട്രാക്ക് ചെയ്യുന്ന ഫ്ലൈറ്റ് റഡാർ 24 നൽകിയ ഫ്ലൈറ്റ് ഡേറ്റ അനുസരിച്ച്, ബെംഗളുരുവിൽനിന്നുള്ള ഇൻഡിഗോ വിമാനം കിഴക്കുഭാഗത്തുനിന്ന് വിമാനത്താവളത്തെ സമീപിക്കാൻ ശ്രമിച്ചെങ്കിലും, 2,200 അടി താഴ്ന്ന ശേഷം ആ ശ്രമം അവസാനിപ്പിച്ചു. പിന്നീട്  3,800 അടിയിലേക്ക് പറന്നുയർന്ന ശേഷം. വിമാനത്താവളത്തിനു മുകളിൽ നിരവധി തവണ വട്ടമിട്ടു. അവസാനം ലാൻഡ് ചെയ്യാൻ പടിഞ്ഞാറ് വശത്തുനിന്ന് പ്രവേശിക്കുകയായിരുന്നു.

അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം അറബിക്കടലിന് മുകളിലൂടെയാണ് എത്തിയത്. അതായത് വിമാനത്താവളത്തിന്റെ പടിഞ്ഞാറ് ഭാഗം വഴി. തുടര്‍ന്ന് ഒരു ടിയര്‍ ഡ്രോപ്പ് അപ്പ്രോച്ച് എടുത്ത വിമാനം, കിഴക്ക് വശത്തുകൂടെ റൺവേയിൽ ലാൻഡ് ചെയ്യാൻ ആദ്യ ഘട്ടത്തിൽ ശ്രമിച്ചു. അത് പരാജയപ്പെട്ടതോടെ ഒരു വട്ടം കൂടി ആകാശത്ത് കറങ്ങിയ വിമാനം, സാധാരണ നിലയിൽ തിരഞ്ഞെടുക്കാത്ത പടിഞ്ഞാറ് വശത്തു കൂടെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. തുടർന്ന് റൺവേയിൽ വിമാനം ലാൻഡ് ചെയ്തു. പിന്നാലെ റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്കു പതിച്ച് രണ്ടായി പിളരുകയായിരുന്നു. സംഭവത്തിൽ പൈലറ്റുമാർ ഉൾപ്പെടെ 18 പേരാണു മരിച്ചത്.

ഇൻഡിഗോയുടെ ടർബോ പ്രോപ് വിമാനം വീണ്ടുമുയർന്ന് ആകാശത്ത് വട്ടമിട്ട സംഭവം (ഗോ-അറൌണ്ട്) ഡിജിസിഎയുടെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ  'അതൊരു റിപ്പോർട്ട് ചെയ്യേണ്ടതില്ലാത്ത സംഭവം' ആണെന്ന് അദ്ദേഹം പറഞ്ഞു.

'' ഓഗസ്റ്റ് ഏഴിന്  ഇൻഡിഗോ വിമാനം കോഴിക്കോട് വിമാനത്താവളത്തിലേക്കു പ്രവേശിക്കുമ്പോൾ നടത്തിയ ഗോ-അറൌണ്ട് റിപ്പോർട്ട് ചെയ്യേണ്ടതായ സംഭവമല്ല. ഇക്കാര്യത്തിലുള്ള ഡി‌ജി‌സി‌എയുടെ നയം 2013 ലെ ഓപ്പറേഷൻ‌സ് സർക്കുലർ‌ ഒന്നിൽ‌ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷ മാനിച്ച് ഇത്തരത്തിൽ ആകാശ പാതയിൽ കറങ്ങുന്നതിന് പൈലറ്റുമാരെ പ്രോത്സാഹിപ്പിക്കുന്നതാണ് ആ നയം,'' ഉദ്യോഗസ്ഥൻ‌ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ, കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യയുടെ എയർബസ് എ 320 വിമാനത്തെ ഹോൾഡിങ് പാറ്റേണിലേക്ക് മാറ്റിയിരുന്നു. പിന്നീട് വൈകുന്നേരം 6.05 ഓടെ ഈ വിമാനം ലാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എക്‌സ്‌പ്രസ് അയച്ച ഇ-മെയിൽ ചോദ്യത്തിന് ഇൻഡിഗോ ഇതുവരെ മറുപടി നൽകിയില്ല.

തകരാറിന്റെ പ്രാഥമിക കാരണം കണ്ടെത്താൻ അന്വേഷകർക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി അരബിന്ദോ ഹാൻദ പറഞ്ഞത് 'ഈ ഘട്ടത്തിൽ എന്തെങ്കിലും വിലയിരുത്തൽ നടത്തുന്നത് അനുചിതവും ധൃതിപിടിച്ച് ചെയ്യുന്നതുമായിരിക്കും,' എന്നാണ്. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ആവശ്യമായി വന്നാൽ ഇന്ത്യയിലോ വിദേശത്തോ ഉള്ള പ്രത്യേക ഏജൻസികളുടെ സഹായം എഎഐബി തേടുമെന്നും ഹൻദ പറഞ്ഞു.

2013 ലെ ഡി‌ജി‌സി‌എയുടെ ഓപ്പറേഷൻ‌സ് സർക്കുലർ‌ ഒന്നിൽ പറയുന്നത്, 'ഒരു കാരണവശാലും, സുരക്ഷിതവും വിജയകരവുമായ ലാൻ‌ഡിങ്ങിനു‌ കഴിയില്ലെന്ന് മനസിലായാൽ ആ ശ്രമം ഉപേക്ഷിക്കുകയോ ഗോ-അറൌണ്ട് നടത്തുകയോ ചെയ്യണം,' എന്നാണ്. എന്നാല്‍ ശ്രമം ഉപേക്ഷിക്കൽ/ഗോ-അറൌണ്ട് പലപ്പോഴും അപ്രതീക്ഷിതവും അതിനാല്‍ തന്നെ പൈലറ്റുമാർക്ക് വെല്ലുവിളികള്‍ ഉന്നയിക്കാവുന്നതുമാണ്. നിലത്തോട് അടുത്താണ് ഈ പ്രക്രിയ നടത്തുന്നതെന്നതിനാൽ, പൈലറ്റുമാർക്ക് എങ്ങനെയാണോ ഇക്കാര്യത്തിൽ പരിശീലനം ലഭിച്ചത് അതുപോലെ കൃത്യമായി ചെയ്യേണ്ടത് അത്യാവശ്യമാണ്," എന്നും സർക്കുലറിൽ പറയുന്നു. ഈ ശ്രമം നടത്തുമ്പോൾ വിമാനത്തിന്റെയും അതിൽ യാത്ര ചെയ്യുന്നവരുടെയും സുരക്ഷയല്ലാതെ മറ്റൊന്നും പൈലറ്റിന്റെ മനസിലുണ്ടാവരുതെന്നും ഡിജിസിഎ നിഷ്കർഷിക്കുന്നു.

നിർ‌ദിഷ്ട നടപടിക്രമങ്ങൾ‌ക്കനുസൃതമായാണ് അപകടത്തിൽപ്പെട്ട ദുബായിൽനിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ആകാശത്ത് കറങ്ങിയത്. പിന്നീടാണ് അപകടമുണ്ടായ ലാൻഡിങ്ങിന് മുൻപാണ് വിമാനത്താവളത്തോട് അടുക്കുന്നത്. ആവശ്യമായ ഉയരത്തിലെത്തിയ ശേഷമായിരുന്നു ആ ലാൻഡിങ് ശ്രമം.

കാലാവസ്ഥയെക്കുറിച്ചോ അല്ലെങ്കിൽ നേരിടുന്ന അടിയന്തിര സാഹചര്യത്തെക്കുറിച്ചോ ഒരു പൈലറ്റ് അപായ സൂചന ഉയർത്തിയിരുന്നെങ്കിൽ, ലാൻഡിങ്ങിനോ ടേക്ക് ഓഫ് ചെയ്യാനോ തയാറെടുക്കുന്ന മറ്റ് വിമാനങ്ങളെ എടിസി ഉടൻ വിവരമറിയിക്കുമായിരുന്നു.

എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം വിമാനം ലാൻഡ് ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് രാത്രി 7.30 ന് ടേക്ക് ഓഫിന് അനുമതി ലഭിച്ചു. ദുബായിൽ‌ നിന്നുള്ള വിമാനം ലാൻഡ് ചെയ്തതിനു ശേഷം മാത്രം പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അത്. ഇത് സൂചിപ്പിക്കുന്നത് അപടത്തിൽപ്പെട്ട വിമാനത്തിന്റെ ജീവനക്കാർ അത്തരം അപായ സാധ്യതകളോ പ്രശ്‌നങ്ങളോ എ‌ടി‌സിയെ അറിയിച്ചിട്ടില്ലെന്നാണെന്ന് അന്വേഷണം നിരീക്ഷിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

'എന്തെങ്കിലും വിലയിരുത്തൽ നടത്തുന്നതിന് മുമ്പായി വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകളിൽ നിന്നുള്ള വിവരങ്ങളുടെ വിശകലനത്തിനായി ഞങ്ങൾ കാത്തിരിക്കേണ്ടതുണ്ട്,' ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

കോഴിക്കോട്ടെ എയർ ട്രാഫിക് കൺട്രോൾ കൈകാര്യം ചെയ്യുന്ന എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഎഐ) ഇ-മെയിലിൽ അയച്ച ചോദ്യത്തിന് ഇതു വരെ മറുപടി ലഭിച്ചിട്ടില്ല.

Read in IE: Before crash in Kozhikode, another plane struggled to land, ATC cleared a take-off

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: