കൊച്ചി: സീറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ ഭൂമി വിവാദത്തിന് ഒടുവില്‍ കെസിബിസിയുടെ ഇടപെടലില്‍ പരിഹാരമാകുന്നു. കര്‍ദിനാള്‍ മാര്‍ ക്ലീമിസിന്റെ നേതൃത്വത്തില്‍ വൈദികരും കര്‍ദിനാളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരത്തിനു വഴി തുറന്നത്. ഇത് ആറാമത്തെ തവണയാണ് കെസിബിസിയുടെ നേതൃത്വത്തില്‍ പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ച നടക്കുന്നത്.

ഭൂമി വില്‍പ്പനയില്‍ സഭയ്ക്കു ലഭിക്കാനുള്ള പണം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായ സാജു കുന്നേലിനതിരേ അതിരൂപതയുടെ നേതൃത്വത്തില്‍ കേസുകൊടുക്കാനും ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. തനിക്ക് ഭൂമി വില്‍പ്പന വിഷയത്തില്‍ തെറ്റു പറ്റിയെന്നും ക്ഷമിക്കണമെന്നും ചൂണ്ടിക്കാട്ടി ഈ യോഗത്തില്‍ കര്‍ദിനാള്‍ മാർ ജോർജ് ആലഞ്ചേരി മാപ്പുപറഞ്ഞതോടെയാണ് പ്രശ്‌നപരിഹാരത്തിനു വഴി തെളിഞ്ഞത്.

മുമ്പ് പല തവണ ഈ വിഷയം ചര്‍ച്ച ചെയ്തപ്പോഴും സാങ്കേതിക വീഴ്ചയെന്നു പറഞ്ഞ് പ്രശ്‌നത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചതാണ് വൈദികരെ ഭൂമി വിഷയത്തില്‍ തെരുവില്‍ സമരത്തിലിറങ്ങുന്നതിലേക്കുവരെ നയിച്ചത്. നാളെ ചേരുന്ന വൈദിക സമിതി യോഗത്തില്‍ അധ്യക്ഷനായ കര്‍ദിനാള്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കും. യോഗത്തില്‍ കര്‍ദിനാള്‍ ഭൂമി വിഷയത്തില്‍ തനിക്ക് തെറ്റു പറ്റിയെന്നു വൈദികരോട് ഏറ്റുപറയുമെന്നാണ് തീരുമാനം.

ഞായറാഴ്ച സമ്പൂര്‍ണ വൈദിക സമിതി യോഗമായ പ്രസ്ബിറ്റോറിയവും വിളിച്ചു ചോര്‍ത്തിട്ടുണ്ട്. തിങ്കളാഴ്ച മൂറോന്‍ കൂദാശയും നടക്കും. ഇതിനിടെ, രൂപത ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് ലഭിക്കാനുള്ള പണത്തില്‍ 13.5 കോടി രൂപ ഇടനിലക്കാരനായ സാജു കുന്നേല്‍ അതിരൂപതയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായാണ് സഭാവൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി മാത്രമേ ഈ പണം ഏറ്റെടുക്കുകയുള്ളുവെന്നും വൈദികര്‍ വ്യക്തമാക്കി.

ഭൂമി വില്‍പ്പനയുടെ ഭാഗമായി സഭയുടെ പേരില്‍ എറണാകും ജില്ലയിലെ കോട്ടപ്പടിയിലും ഇടുക്കി ജില്ലയിലെ ദേവികുളത്തും ലഭിച്ച സ്ഥലങ്ങളും മെഡിക്കല്‍ കോളേജിനായി കാലടിക്കടുത്തു മറ്റൂരില്‍ വാങ്ങിയ ഭൂമിയും വിറ്റു കടം തീര്‍ക്കാനും തീരുമാനമായി. മറ്റൂരിലെ സ്ഥലം വില്‍പ്പന നടത്താനായി ഇതിനോടകം തന്നെ പത്രപരസ്യം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഇനി മുതല്‍ കാനോനിക നിയമങ്ങളും സഭാ സമിതികളും അറിഞ്ഞു മാത്രമേ എല്ലാത്തരത്തിലുമുള്ള ഇടപാടുകളും അതിരൂപതയില്‍ നടത്താന്‍ പാടുള്ളുവെന്നും ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

കെസിബിസി ഔദ്യോഗിക വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടിലിന്റെ നേതൃത്വത്തില്‍ നടത്തിയ അനുരരഞ്ജന ശ്രമങ്ങളാണ് ഒടുവില്‍ സീറോ മലബാര്‍ സഭയെത്തന്നെ പിടിച്ചു കുലക്കിയ ഭൂമി വിവാദം പരിഹരിക്കുന്നതിലേക്കെത്തിച്ചിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ