കോഴിക്കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗിലേക്കുള്ള (ഐഎന്‍എല്‍) പ്രവേശന സാധ്യത തള്ളാതെ മുന്‍ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. സിപിഎം അനുവദിക്കുകയാണെങ്കില്‍ ഐഎന്‍എല്ലിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് റസാഖ് വ്യക്തമാക്കി. ഐഎന്‍എല്‍ സംഘടിപ്പിച്ച ഇബ്രാഹിം സുലൈമാന്‍ സേട്ട് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു റസാഖ്.
“ഇപ്പോള്‍ സിപിഎമ്മിന്റെ ഭാഗമായിട്ടാണ് നില്‍ക്കുന്നത്. സിപിഎം അനുമതി നല്‍കുകയാണെങ്കില്‍ ഐഎന്‍എല്ലിനൊപ്പം നില്‍ക്കുന്നതില്‍ കുഴപ്പമില്ല. ഐഎന്‍എല്ലിനെ ശക്തിപ്പെടുത്തണമെന്ന് സിപിഎം കൂടി ആഗ്രഹിക്കുകയാണെങ്കില്‍ പാര്‍ട്ടിയില്‍ ചേരും,” കാരാട്ട് റസാഖ് പറഞ്ഞു.
നേരത്തെ ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ കാരാട്ട് റസാഖിനെ പാര്‍ട്ടിയിലേക്ക് നേരിട്ട് ക്ഷണിച്ചിരുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനൊപ്പമെത്തിയായിരുന്നു കാസിം റസാഖുമായി ചര്‍ച്ച നടത്തിയത്. അന്ന് ഐഎന്‍എല്ലിലേക്കുള്ള കൂടുമാറ്റം സജീവായിരുന്നെങ്കിലും പിന്നീട് റസാഖ് നിലപാട് മാറ്റുകയായിരുന്നു.
2016 ലാണ് മുസ്ലിം ലീഗില്‍ നിന്ന് റസാഖ് ഇടതു പാളയത്തിലേക്ക് എത്തിയത്. അന്ന് കൊടുവള്ളിയില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.കെ മുനീറിനോട് റസാഖ് പരാജയപ്പെട്ടു.