തിരുവനന്തപുരം: കരമന കൂടത്തിൽ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തിൽ വഴിത്തിരിവ്. കാര്യസ്ഥൻ രവീന്ദ്രൻ നായർക്കെതിരെ ക്രൈം ബ്രാഞ്ചിന്റെ നിർണായക കണ്ടെത്തൽ. മരിച്ച ജയമാധവന്‍ നായര്‍ സ്വത്ത് കൈമാറ്റത്തിന് അനുമതി നല്‍കിയെന്ന കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ മൊഴി വ്യാജമെന്ന് തെളിഞ്ഞു. കാര്യസ്ഥാന്‍ രവീന്ദ്രന്‍ നായരെ പ്രതിയാക്കുന്ന കാര്യം ക്രൈം ബ്രാഞ്ചിന്റെ പരിഗണനയില്‍.

രവീന്ദ്രൻ നായരുടെ അക്കൗണ്ടിൽ അനധികൃതമായി പണം എത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കരമന കുളത്തറ കൂടത്തില്‍ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖി അമ്മ, മക്കളായ ജലബാലകൃഷ്ണന്‍, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥന്റെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍, മറ്റൊരു സഹോദരന്‍ നാരായണ നായരുടെ മകന്‍ ജയമാധവന്‍ നായര്‍ എന്നിവരാണ് വിവിധ കാലഘട്ടങ്ങളിലായി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. ജയമാധവൻ നായരാണ് അവസാനം മരിച്ചത്.

Read Also: കോൺസുലേറ്റ് വഴി ഈന്തപ്പഴം കൊണ്ടുവന്നതിലും അന്വേഷണം

ജയമാധവൻ നായരുടെ മരണ ശേഷം നൂറു കോടിയോളം വിലവരുന്ന സ്വത്തുക്കൾ കാര്യസ്ഥനായ രവീന്ദ്രൻനായരും അകന്ന ബന്ധുക്കളും ചേർന്ന് പങ്കിട്ടെടുത്തതോടെ ദുരൂഹത വർധിച്ചു. കൂട്ടുകുടുംബമായിരുന്നു ഇവരുടേത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടായിരുന്നു. ഇവ കുടുംബാംഗമല്ലാത്ത രവീന്ദ്രന്‍ നായര്‍ എന്ന കുടുംബ സുഹൃത്തിന്റെ പേരിലേക്ക് മാറ്റിയെന്നാണ് വില്‍പ്പത്രം. എന്നാല്‍ വില്‍പ്പത്രം തയ്യാറാക്കിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കാലടി സ്വദേശി അനില്‍ കുമാറിന്റെ പരാതിയിലായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണം.

ഇതിനിടെ വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരി പരാതിയുമായി രംഗത്തെത്തിയിരുന്നു. ഗോപിനാഥന്‍ നായരുടേയും ഭാര്യയുടേയും മരണ ശേഷം രവീന്ദ്രന്‍ നായരായിരുന്നു വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അവസാന അവകാശിയായിരുന്ന ജയമാധവന്‍ നായരെ ആശുപത്രിയിലെത്തിക്കുമ്പോഴേ മരിച്ചിരുന്നു. അദ്ദേഹം അബോധാവസ്ഥയിലായിരുന്ന വിവരം അയല്‍വാസികളെ അറിയിക്കുന്നതിന് പകരം അകലെയുള്ള വീട്ടുജോലിക്കാരിയെ വിളിച്ചു വരുത്തുകയായിരുന്നു എന്നുമാണ് പ്രസന്ന കുമാരി ആരോപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.