തിരുവനന്തപുരം: കരമനയിലെ ദുരൂഹ മരണങ്ങളിലും സ്വത്ത് കേസിലും വിശദമായ അന്വേഷണത്തിന് ആലോചന. ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിപ്പിക്കാനുള്ള സാധ്യതകളാണ് തെളിഞ്ഞു വരുന്നത്. നിലവിലെ അന്വേഷകന്റെ ശുപാര്‍ശയിലാണ് ആലോചന. നാളെ കേസ് കൈമാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

നിലവില്‍ തിരുവനന്തപുരം ഡിസിപി ക്രൈം മുഹമ്മദ് ആരിഫാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, മരണങ്ങള്‍ സാധാരണ മരണങ്ങള്‍ തന്നെയാണെന്നാണ് നിലവിലെ നിഗമനം. സ്വത്ത് തട്ടിയെടുത്തന്ന ആരോപണവും അന്വേഷിക്കുന്നുണ്ട്.

കരമന കുളത്തറ കൂടത്തില്‍ ഗോപിനാഥാന്‍ നായര്‍, ഭാര്യ സുമുഖി അമ്മ, മക്കളായ ജലബാലകൃഷ്ണന്‍, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥന്റെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍, മറ്റൊരു സഹോദരന്‍ നാരായണ നായരുടെ മകന്‍ ജയമാധവന്‍ നായര്‍ എന്നിവരുടെ മരണത്തിലാണ് ദുരൂഹത.

കൂട്ടുകുടുംബമായിരുന്നു ഇവരുടേത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടായിരുന്നു. ഇവ കുടുംബാംഗമല്ലാത്ത രവീന്ദ്രന്‍ നായര്‍ എന്ന കുടുംബ സുഹൃത്തിന്റെ പേരിലേക്ക് മാറ്റിയെന്നാണ് വില്‍പ്പത്രം. എന്നാല്‍ വില്‍പ്പത്രം തയ്യാറാക്കിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കാലടി സ്വദേശി അനില്‍ കുമാറിന്റെ പരാതിയിലായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണം.

ഇതിനിടെ വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരി പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഗോപിനാഥന്‍ നായരുടേയും ഭാര്യയുടേയും മരണ ശേഷം രവീന്ദ്രന്‍ നായരായിരുന്നു വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അവസാന അവകാശിയായിരുന്ന ജയമാധവന്‍ നായരെ ആശുപത്രിയിലെത്തിക്കുമ്പോഴേ മരിച്ചിരുന്നു. അദ്ദേഹം അബോധാവസ്ഥയിലായിരുന്ന വിവരം അയല്‍വാസികളെ അറിയിക്കുന്നതിന് പകരം അകലെയുള്ള വീട്ടുജോലിക്കാരിയെ വിളിച്ചു വരുത്തുകയായിരുന്നു എന്നുമാണ് പ്രസന്ന കുമാരി ആരോപിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.