കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മുഖ്യ പ്രതികളെ സംരക്ഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ നടപടി
അത്ഭുതപ്പെടുത്തുകയാണന്ന് കോടതി അഭിപ്രായപ്പെട്ടു.
ബിഷപ്പ് ഉൾപ്പടെ മുഖ്യ പ്രതികൾക്കെതിരെ അന്വേഷണം നടക്കുന്നില്ലെന്ന് ചുണ്ടിക്കാട്ടിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികൾക്ക് കൂട്ടുനിൽക്കുകയാണെന്നും മുഖ്യ പ്രതികൾക്കെതിരെ ക്രൈം ബ്രാഞ്ച് ചെറുവിരൽ പോലും അനക്കുന്നില്ലെന്നും വമ്പൻ സ്രാവുകൾ ഒരു തടസവുമില്ലാതെ പുളയ്ക്കുകയാണെന്നും വ്യക്തമാക്കി.
കേസിലെ മൂന്നാം പ്രതിയും കോളജിലെ അക്കൗണ്ടന്റുമായ നെയ്യാറ്റിങ്കര വഴുത്തുർ സ്വദേശിനി പി എൽ ഷിജിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ക്രൈംബ്രാഞ്ചിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം.
Read More: സ്വര്ണക്കടത്ത്: റമീസിന്റെ കൂട്ടാളി ജലാൽ പിടിയിൽ
ഒന്നും രണ്ടും പ്രതികളായ ബിഷപ്പ് ധർമരാജ് റസാലം, കോളജ് ഡയറക്ടർ ബെനറ്റ് എബ്രഹാം എന്നിവർക്കെതിരെ സ്വീകരിച്ച നടപടികൾ ഉൾപ്പെടുത്തി അന്വേഷണ പുരോഗതി റിപ്പോർട്ട് പത്ത് ദിവസത്തിനകം സമർപ്പിക്കാൻ കോടതി ക്രൈം ബ്രാഞ്ചിന് നിർദേശം നൽകി.
സിഎസ്ഐ സഭയ്ക്ക് കീഴിലുള്ള മെഡിക്കൽ കോളേജാണ് കാരക്കോണം മെഡിക്കൽ കോളേജ്. 2016-17 അധ്യയന വർഷം പ്രവേശനം വാഗ്ദാനം ചെയ്ത് കേരളത്തിന് പുറത്തു നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് കോടികൾ തലവരി വാങ്ങിയെന്നാണ് കേസ്.
പ്രവേശനം ലഭിക്കാതെ വന്നതിനെ തുടർന്ന് വിദ്യാർത്ഥികൾ പ്രവേശന മേൽനോട്ട സമിതിയെ സമീപിക്കുകയായിരുന്നു. കമ്മിറ്റി കേസേടുക്കാൻ നിർദേശിച്ചു. പണം തിരികെ ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതോടെ പരാതികൾ ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
ചോദ്യം ചെയ്യൽ പൂർത്തിയായെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചതിനെ തുടർന്ന് അക്കൗണ്ടന്റ് ഷിജിക്ക് കർശന ഉപാധികളാടെ കോടതി ജാമ്യം അനുവദിച്ചു.
വിവാദമുണ്ടായ കാലത്ത് കോളേജിന്റെ ഡയറക്ടറായിരുന്നു ബെനറ്റ് എബ്രഹാം. അന്നത്തെ മെഡിക്കൽ കോളേജ് കൺട്രോളർ ഡോ. പി തങ്കരാജൻ, മുൻ പ്രിൻസിപ്പാൾ ഡോ. പി മധുസൂദനൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കേസിൽ സിഎസ്ഐ ബിഷപ്പ് ധർമ്മരാജ് റസാലമടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷിക്കാൻ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ ശുപാർശ നൽകിയിരുന്നതാണ്.