കൊച്ചി: കാരക്കോണം മെഡിക്കൽ കോളെജ് തലവരിക്കേസിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറാണന്ന് സിബിഐ ഹൈക്കോടതിയിൽ. കോടതി നിർദേശിച്ചാൽ അന്വേഷണം നടത്താമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥികളുടെ രക്ഷിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സിബിഐ നിലപാടറിയിച്ചത്. ഹർജി കോടതി നാളെ പരിഗണിക്കാനായി മാറ്റി.
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ പ്രതികളെ സംരക്ഷിക്കുകയാണന്നും ബിഷപ്പ് ഉൾപ്പടെ മുഖ്യ പ്രതികൾക്കെതിരെ അന്വേഷണം നടക്കുന്നില്ലന്നും വമ്പൻ സ്രാവുകൾ പുളയ്ക്കുകയാണന്നും കോടതി വിമർശിച്ചിരുന്നു.
ഒന്നും രണ്ടും പ്രതികളായ ബിഷപ്പ് ധർമരാജ് റസാലം, കോളജ് ഡയറക്ടർ ബന്നറ്റ് എബ്രഹാം എന്നിവർക്കെതിരെ സ്വീകരിച്ച നടപടികൾ ഉൾപ്പെടുത്തി അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചിരുന്നു. ഈ കേസ് കോടതി അടുത്ത ആഴ്ച പരിഗണിക്കും.
2016-17 അധ്യയന വർഷം പ്രവേശനം വാഗ്ദാനം ചെയ്ത് കേരളത്തിന് പുറത്തു നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരിൽ നിന്ന് കോടികൾ തലവരി വാങ്ങിയെനാണ് കേസ്. പ്രവേശനം ലഭിക്കാതെ വന്നതിനെ തുടർന്ന് വിദ്യാർത്ഥികൾ പ്രവേശന മേൽനോട്ട സമിതിയെ സമീപിക്കുകയായിരുന്നു. കമ്മിറ്റി കേസേടുക്കാൻ നിർദേശിച്ചു. പണം തിരികെ ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ മജിസ്ടേറ്റ് കോടതിയെ സമീപിച്ചതോടെ പരാതികൾ ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.