തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്തെ ശാഖാകുമാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് നിഗമനം. ശാഖാകുമാരിയുടെ പോസ്റ്റ്‌മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൂർത്തിയായി.

കൊലപാതകം ആസൂത്രിതമാണെന്നും ശ്വാസംമുട്ടിച്ച് ബോധംകെടുത്തിയ ശേഷം ശാഖയെ ഷോക്കടിപ്പിച്ചെന്നുമാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള ഭർത്താവ് അരുണിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കൊലക്കുറ്റം ചുമത്തിയാകും അറസ്റ്റ് ചെയ്യുക. അറസ്റ്റിന് ശേഷം കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തുമെന്നാണ് സൂചന.

Read Also: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിലേക്ക് ജമാ അത്തെ ഇസ്ലാമിയെ വിളിച്ചില്ല; ഉചിതമായ തീരുമാനമെന്ന് സമസ്ത

ഡിസംബർ 26 ശനിയാഴ്‌ച പുലർച്ചെ വീടിനുള്ളില്‍ ശാഖയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അരുണാണ് വിവരം അയൽവാസികളെ അറിയിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിട്ട് മണിക്കൂറുകൾ ആയെന്നായിരുന്നു ഡോക്ടറുടെ മറുപടി.

വീട്ടിലെ വൈദ്യുതാലങ്കാരത്തിൽ നിന്ന് ശാഖയ്‌ക്ക് ഷോക്കേറ്റെന്നായിരുന്നു ഭർത്താവ് അരുൺ ആദ്യം മൊഴി നൽകിയത്. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതോടെ പൊലീസ് കൂടുതൽ അന്വേഷണം നടത്തി. അരുണിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ഒക്ടോബർ 20-നാണ് ശാഖയും അരുണും വിവാഹിതരായത്. നാല് വർഷത്തോളം നീണ്ട അടുപ്പത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. സ്വത്ത് മോഹിച്ചാണ് ശാഖയെ വിവാഹം കഴിച്ചതെന്ന് അരുൺ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Read Also: ഇരുപത്തിയൊന്നുകാരി രേഷ്‌മ ഇനി പഞ്ചായത്ത് ഭരിക്കും; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്

51 വയസ്സാണ് ശാഖയുടെ പ്രായം. അരുണിന് 28 വയസ്. ഇരുവരും തമ്മിൽ 23 വയസ്സിന്റെ വ്യത്യാസമുണ്ട്. സ്വത്ത് മോഹിച്ചാണ് അരുണ്‍ ശാഖയെ വിവാഹം കഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന സംശയം നേരത്തെ തന്നെ ശാഖയുടെ ബന്ധുക്കള്‍ക്ക് ഉണ്ടായിരുന്നു.

അരുണിന്റെ ബന്ധുക്കൾക്ക് ഇരുവരുടെയും വിവാഹത്തെ കുറിച്ച് അറിയില്ലായിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഇരുവർക്കും ഇടയിൽ തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും രൂപപ്പെട്ടു.

വിവാഹ ഫോട്ടോ ശാഖ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചതും വിവാഹം രജിസ്റ്റർ ചെയ്യാൻ നിർബന്ധിച്ചതും അരുണിനെ പ്രകോപിപ്പിച്ചു.

ശാഖയുമായുള്ള പ്രായവ്യത്യാസം എടുത്തുകാട്ടി അരുണിനെ സുഹൃത്തുക്കൾ കളിയാക്കിയിരുന്നു. ഇത് അരുണിനെ മാനസികമായി ഏറെ തളർത്തി. ഇതിനിടെ, ശാഖയിൽനിന്ന് പത്ത് ലക്ഷത്തോളം രൂപയും കാറും അരുൺ സ്വന്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook