തിരുവനന്തപുരം: കുറ്റസമ്മതത്തിനു ശേഷവും കൂസലില്ലാതെ കാരക്കോണം കൊലക്കേസ് പ്രതി അരുൺ. തനിക്ക് എത്ര വർഷത്തെ ശിക്ഷ ലഭിക്കുമെന്നാണ് കുറ്റസമ്മതത്തിനു ശേഷം അരുൺ പൊലീസിനോട് ചോദിച്ചത്. ‘സാറെ, എനിക്ക് എത്ര കൊല്ലത്തെ ശിക്ഷയായിരിക്കും കിട്ടുക..15 ആണോ?’ എന്നാണ് കുറ്റസമ്മതത്തിനു ശേഷം അരുൺ ചോദിച്ചത്.
ശാഖയെ പരിചയപ്പെട്ടത് തമാശയ്ക്കായിരുന്നു. പിന്നീട് ഇഷ്ടത്തിലായി, വിവാഹം കഴിച്ചു. വീട്ടുകാരുമായി അകന്നതോടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായി. വിവാഹശേഷം കാര്യങ്ങൾ കൈവിട്ട് പോയെന്നും പിന്നീട് ശാഖയെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നെന്നും അരുൺ പറയുന്നു.
Read Also: തിരുവനന്തപുരം മേയർ ആര്യയെ അഭിനന്ദിച്ച് കമൽഹാസൻ
ശാഖയുമായുള്ള പ്രായവ്യത്യാസം എടുത്തുകാട്ടി അരുണിനെ സുഹൃത്തുക്കൾ കളിയാക്കിയിരുന്നു. ഇത് അരുണിനെ മാനസികമായി ഏറെ തളർത്തി. തമാശയ്ക്കാണെങ്കിലും കൂട്ടുകാരുടെ കളിയാക്കൽ അരുണിന് സഹിക്കാനായില്ല. കൊല ചെയ്യാൻ തീരുമാനിച്ചത് ഇക്കാരണങ്ങൾ കൊണ്ടാണെന്ന് അരുൺ സമ്മതിക്കുന്നു. ശാഖയെ ഇല്ലാതാക്കി സ്വത്ത് മുഴുവൻ സ്വന്തമാക്കാനും അരുൺ ആഗ്രഹിച്ചിരുന്നു. ഇതിനിടെ, ശാഖയിൽനിന്ന് പത്ത് ലക്ഷത്തോളം രൂപയും കാറും അരുൺ സ്വന്തമാക്കിയിരുന്നു.
കൊലപാതകം ആസൂത്രിതമാണെന്നും ശ്വാസംമുട്ടിച്ച് ബോധംകെടുത്തിയ ശേഷം ശാഖയെ ഷോക്കടിപ്പിച്ചെന്നുമാണ് പോസ്റ്റുമോർട്ടത്തിലെ നിഗമനം. ഡിസംബർ 26 ശനിയാഴ്ച പുലർച്ചെ വീടിനുള്ളില്‍ ശാഖയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അരുണാണ് വിവരം അയൽവാസികളെ അറിയിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിട്ട് മണിക്കൂറുകൾ ആയെന്നായിരുന്നു ഡോക്ടറുടെ മറുപടി.
വീട്ടിലെ വൈദ്യുതാലങ്കാരത്തിൽ നിന്ന് ശാഖയ്ക്ക് ഷോക്കേറ്റെന്നായിരുന്നു ഭർത്താവ് അരുൺ ആദ്യം മൊഴി നൽകിയത്. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതോടെ പൊലീസ് കൂടുതൽ അന്വേഷണം നടത്തി. അരുണിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഒക്ടോബർ 20-നാണ് ശാഖയും അരുണും വിവാഹിതരായത്. നാല് വർഷത്തോളം നീണ്ട അടുപ്പത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. സ്വത്ത് മോഹിച്ചാണ് ശാഖയെ വിവാഹം കഴിച്ചതെന്ന് അരുൺ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
Read Also: കരള്‍ മാറ്റിവയ്ക്കലിനു ശേഷമുള്ള ജീവിതം
51 വയസ്സാണ് ശാഖയുടെ പ്രായം. അരുണിന് 28 വയസ്. ഇരുവരും തമ്മിൽ 23 വയസ്സിന്റെ വ്യത്യാസമുണ്ട്. സ്വത്ത് മോഹിച്ചാണ് അരുണ്‍ ശാഖയെ വിവാഹം കഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന സംശയം നേരത്തെ തന്നെ ശാഖയുടെ ബന്ധുക്കള്‍ക്ക് ഉണ്ടായിരുന്നു.
അരുണിന്റെ ബന്ധുക്കൾക്ക് ഇരുവരുടെയും വിവാഹത്തെ കുറിച്ച് അറിയില്ലായിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഇരുവർക്കും ഇടയിൽ തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും രൂപപ്പെട്ടു. വിവാഹ ഫോട്ടോ ശാഖ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചതും വിവാഹം രജിസ്റ്റർ ചെയ്യാൻ നിർബന്ധിച്ചതും അരുണിനെ പ്രകോപിപ്പിച്ചു.