കോഴിക്കോട്: സര്‍ക്കാര്‍ സര്‍വീസുകളില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ സുന്നി കാന്തപുരം വിഭാഗം. രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയ വന്‍ ചതിയാണ് മുന്നോക്ക സംവരണമെന്ന് എ. പി വിഭാഗം മുഖപത്രമായ സിറാജിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരില്‍ സംവരണത്തിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ കുഴിച്ചുമൂടിയെന്നും ലേഖനത്തില്‍ പറയുന്നു.

“രാജ്യത്തെ ജനസംഖ്യയുടെ നാലില്‍ മൂന്ന് ശതമാനം വരുന്ന ജനവിഭാഗത്തെ നിശബ്ദമാക്കിക്കൊണ്ടാണ് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരില്‍ സംവരണത്തിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ കുഴിച്ച് മൂടിയിരിക്കുന്നത്. സംവരണം സമ്പത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രചരിപ്പിക്കുന്നതിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തിന്റെ ചരിത്രത്തെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. അതേസമയം, സംവരണം അട്ടിമറിക്കാന്‍ സര്‍ക്കാരുകള്‍ നിരത്തിയ കാരണങ്ങളും അതിന് വെച്ച ഉപാധികളും ഏത് മാനദണ്ഡ പ്രകാരമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല,” മുഖപ്രസംഗത്തില്‍ പറയുന്നു.

ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ അതിനുള്ള പ്രതിബന്ധങ്ങള്‍ എത്ര ദുഷ്‌കരമാണെന്ന് ബോധ്യമുള്ളതാണെന്നും അതിനാല്‍ സാമ്പത്തിക സംവരണം പുനപരിശോധിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Read More: സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിൽ ആശങ്ക: കുഞ്ഞാലിക്കുട്ടി

സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ മുസ്ലിം ലീഗും രംഗത്തെത്തിയിരുന്നു. കേരളത്തിൽ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിമർശനം. തീരുമാനം സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന് എറണാംകുളത്ത് ചേർന്ന് സമരങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംവരണത്തിൽ ആശങ്കയുള്ളത് മുസ്ലീം സംഘടനകൾക്ക് മാത്രമല്ല. അതുകൊണ്ടാണ് എല്ലാ പിന്നോക്ക സംഘടനകളുമായി ആലോചിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. പിന്നാക്കക്കാരുടെ സവരണത്തിന്റെ കടക്കൽ സംസ്ഥാന സർക്കാർ കത്തി വച്ചുവെന്ന് ഇടി മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചു.

ശനിയാഴ്ചയാണ് മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇതോടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണമെന്നത് എല്ലാ പിഎസ്സി നിയമനങ്ങള്‍ക്കും ബാധകമാവും.

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്യാത്തത് മൂലം സംസ്ഥാനത്ത് നടപ്പായിരുന്നില്ല. ജസ്റ്റിസ് ശശിധരന്‍ നായര്‍ അധ്യക്ഷനായ കമ്മിറ്റിയുടെയും പി.എസ്.സിയുടെയും ശുപാര്‍ശകള്‍ പരിഗണിച്ചു കൊണ്ടാണ് കെ.എസ്.എസ്.ആറില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.