കണ്ണൂര്‍: തളാപ്പ് ഭജനമുക്കില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തിപ്പെടുത്തി. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കെ. സുശീല്‍ കുമാർ, പി.വി. ശിവദാസൻ, എ എൻ മിഥുൻ എന്നിവർക്കാണ് വെട്ടേറ്റത്. വയറിനും കൈകാലുകള്‍ക്കും പരിക്കേറ്റ സുശീല്‍ കുമാറിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പി.വി. ശിവദാസന്‍, എ.എന്‍. മിഥുന്‍ എന്നിവര്‍ കണ്ണൂരിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി 9.30 ഓടെ മൂന്നു ബൈക്കുകളിലെത്തിയ ആറംഗ മുഖംമൂടി സംഘം തളാപ്പ് ഭജനമുക്കില്‍ നില്‍ക്കുകയായിരുന്ന സുശീല്‍ കുമാറിനെയും മറ്റുള്ളവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഈ സംഭവം നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് തലശേരി പൊന്ന്യം നായനാര്‍ റോഡില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ ബോംബേറുണ്ടായിരുന്നു. ഇതിനു പിന്നില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു സിപിഎം ആരോപിച്ചിരുന്നു. ബോംബേറ് നടന്ന് മണിക്കൂറുകള്‍ക്കകമാണ് ബിജെപി, ആര്‍എസ്എസ് കേന്ദ്രമായ ഭജനമുക്കില്‍ വച്ച് മൂന്നുപേര്‍ക്കു വെട്ടേറ്റത്. പൊന്ന്യത്തെ ബോംബേറും തളാപ്പിലെ പ്രശ്നവും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ബിജെപി പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിനു പിന്നില്‍ സിപിഎമ്മാണെന്നു ബിജെപി നേതൃത്വം ആരോപിച്ചു.

സിപിഎം കണ്ണൂരില്‍ വ്യാപക അക്രമ പരമ്പര നടത്താന്‍ തയാറെടുക്കുന്നു എന്നതിന്റെ സൂചനയാണ് തളാപ്പിലെ അക്രമമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശും ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാറും ആരോപിച്ചു. സുശീല്‍ കുമാറിനുനേരെ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമം നടന്നത്. നിലവില്‍ ശാന്തത നിലനില്‍ക്കുന്ന കണ്ണൂര്‍ നഗര പ്രദേശത്തും അക്രമ അഴിച്ചു വിടാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. ഒരു ഭാഗത്തു സമാധാന യോഗവും മറുഭാഗത്തു അക്രമവും അഴിച്ചു വിടുന്ന സിപിഎം നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് അവർ പറഞ്ഞു.

എന്നാൽ ഈ സംഭവത്തില്‍ സിപി എമ്മിന് പങ്കില്ലെന്ന് ഏരിയാ സെക്രട്ടറി കെ പി സുധാകരൻ പറഞ്ഞു. ഇതിൽ സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നത് തെറ്റിദ്ധാരണാജനകമാണ്. ബിജെപിയുടെയും കോണ്‍ഗ്രസിന്റേയും ശക്തി കേന്ദ്രമാണ് അക്രമം നടന്ന പ്രദേശം. ബിജെപിക്കുള്ളിലെ ഗ്രൂപ്പ് വഴക്കാണ് അക്രമത്തിനു കാരണമെന്നാണ് കരുതുന്നത്. പ്രദേശത്ത് നേരത്തെ നടന്ന ആത്മഹത്യയുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളില്‍ ശക്തമായ ധ്രുവീകരണം നടക്കുന്നുണ്ട്. ഇത് മറച്ചുവയ്ക്കുന്നതിന് അക്രമണത്തിന്റെ പിറകില്‍ സിപിഎമ്മാണെന്ന കള്ള പ്രചാരണം അഴിച്ച് വിടുകയാണ്. പോലീസ് അന്വേഷണം ശക്തമാക്കി യഥാര്‍ഥ പ്രതികളെ അറസ്റ്റു ചെയ്യാനും ഗൂഢലോചന പുറത്തു കൊണ്ടുവരാനും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ