കണ്ണൂര്‍: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍ , ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്ത സമാധാന ചര്‍ച്ചയിലാണ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.

പത്തുദിവസത്തിനകം അണികളില്‍ ഈ ധാരണ എത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പയ്യന്നൂരിലും തലശേരിയിലും ഇരുപാര്‍ട്ടികളുടെയും പ്രാദേശിക നേതാക്കളെ ഉള്‍പെടുത്തി ഉഭയകക്ഷി ചര്‍ച്ച നടത്തും. സമാധാനവും ശാന്തിയും ഉണ്ടാകാന്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും യോഗശേഷം വ്യക്തമാക്കി. ഇനി ഒരു തുളളി ചോര വീഴാതിരിക്കാനുളള പ്രവര്‍ത്തനമാണ് വേണ്ടതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

സമീപകാലത്ത് സംഘര്‍ഷങ്ങളുണ്ടായ പയ്യന്നൂരിലും തലശ്ശേരിയിലും പ്രശ്‌നപരിഹാരത്തനായി ഇരുപാര്‍ട്ടികളുടേയും ജില്ലാ നേതാക്കള്‍ മുന്‍കൈയ്യെടുത്ത് സമാധാന ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ആഗസ്റ്റ് പതിനൊന്നിന് പയ്യന്നൂരില്‍ ആദ്യയോഗം ചേരും. ഞായറാഴ്ച്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന സമാധാന യോഗത്തിന് ശേഷം കണ്ണൂരില്‍ സര്‍ക്കാര്‍ തലത്തിലുള്ള സമാധാനചര്‍ച്ചകളും ആരംഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ