വിസി നിയമനം: മന്ത്രി ആർ. ബിന്ദുവിന്റെ രാജിക്കായി പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

വിഷയത്തിൽ ലോകായുക്തയ്ക്ക് പരാതി നൽകുമെന്ന് ചെന്നിത്തല ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു

R Bindhu, Kannur University
Photo: Facebook/ Dr. R Bindhu

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ രാജിക്കായി പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ആവശ്യപ്പെട്ടു ഗവർണർക്കു ശുപാർശ കത്തു നൽകിയ മന്ത്രിയുടെ നടപടി അധികാര ദുർവിനിയോഗമാണെന്നാണ് ആരോപണം.

മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ മന്ത്രിയുടെ രാജിയല്ലാതെ പിന്നോട്ടില്ല എന്ന നിലപാടിലാണ്. വിഷയത്തിൽ ലോകായുക്തയ്ക്ക് പരാതി നൽകുമെന്ന് ചെന്നിത്തല ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പ്രോ ചാൻസലർ എന്ന അധികാരം ഉപയോഗിച്ചാണ് മന്ത്രി ഗവർണർക്ക് പരാതി നൽകിയത്. എന്നാൽ ഇതിനു മന്ത്രിക്ക് അധികാരമില്ല. സെർച്ച് കമ്മിറ്റി ഗവർണർക്ക് പട്ടിക നൽകുകയും ഗവർണർ അതിൽ നിന്നും വിസിയെ തിരഞ്ഞെടുക്കുകയുമാണ് ചെയ്യുക. അതിനാൽ ഇല്ലാത്ത അധികാരം ഉപയോഗിച്ചു ഗവർണർക്ക് കത്തെഴുതിയ മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.

“ഇത്തരം അഴിമതി കാണിക്കുന്ന മന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അര്‍ഹതയില്ല. മന്ത്രി ആര്‍. ബിന്ദു നാളെ രാവിലെ തന്റെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കണം. കേരളത്തിലെ ഒരു ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഇത്രയും വലിയ അഴിമതിയോ സ്വജനപക്ഷപാതമോ കാണിച്ച ചരിത്രമില്ല. ഇത് സംബന്ധിച്ച് ലോകായുക്തയ്ക്ക് പരാതി കൊടുക്കും,” എന്നും ചെന്നിത്തല പറഞ്ഞു .

ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സംബന്ധിച്ച് രണ്ട് കത്തുകളാണ് ആര്‍. ബിന്ദു ഗവര്‍ണര്‍ക്ക് അയച്ചിരിക്കുന്നത്. സര്‍വകലാശാലയുടെ മികവ് മുന്നോട്ട് പോകുന്നതിന് പുനര്‍നിയമനം ആവശ്യമാണെന്ന് മന്ത്രി കത്തില്‍ പറയുന്നു. പുതിയ വിസിയെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. വിഷയത്തിൽ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kannur vc appointment congress asks for minister r bindhus resignation

The moderation of comments is automated and not cleared manually by malayalam.indianexpress.com