കൊച്ചി: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികളായ ഗവർണർ, സർക്കാർ, യൂണിവേഴ്സിറ്റി, വിസി ഗോപിനാഥ് രവീന്ദ്രൻ എന്നിവർക്ക് കോടതി നോട്ടീസയച്ചു. ഗവർണർക്ക് പ്രത്യേക ദൂതൻ വഴിയാണ് നോട്ടീസ്.
വിസിക്ക് 60 വയസു കഴിഞ്ഞെന്നും തുടരാൻ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി.ജോസ് എന്നിവർ അപ്പീൽ സമർപ്പിച്ചത്. വിസി നവംബർ 23 ന് വിരമിക്കേണ്ടതായിരുന്നു. പുതിയ വിസിയെ തിരഞ്ഞെടുക്കുന്നതിന് സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് വിജ്ഞാപനം ഇറക്കിയെങ്കിലും പിൻവലിച്ച് ഗോപിനാഥ് രവീന്ദ്രനെ തുടരാൻ അനുവദിച്ചെന്ന് ഹർജിയിൽ പറയുന്നു.
വിജ്ഞാപനം പിൻവലിച്ചത് പ്രോ ചാൻസലറായ മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പിന്നീടാണ് പുറത്തു വന്നതെന്നും മന്ത്രിയുടെ ഇടപെടൽ നിയമ വിരുദ്ധമാണെന്നും വിസിയെ നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വിസിയുടെ പുനര്‍ നിയമനം ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയത്. നിയമനം സുതാര്യവും സത്യസന്ധവുമാണെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
Also Read: സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തരുത്; അടിയന്തര പ്രമേയവുമായി ലീഗ്