scorecardresearch

പ്രിയാ വര്‍ഗീസിന്റെ നിയമനം: ഗവര്‍ണറുടെ നടപടിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല കോടതിയിലേക്ക്

ഗവര്‍ണറുടെ നടപടിയില്‍ കോടതിയെ സമീപിക്കുമെന്ന് സര്‍വകലാശാല വിസി ഇന്നലെ വ്യക്തമാക്കിയിരുന്നു

പ്രിയാ വര്‍ഗീസിന്റെ നിയമനം: ഗവര്‍ണറുടെ നടപടിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല കോടതിയിലേക്ക്

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയാ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം മരവിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ നീങ്ങാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗ തീരുമാനം. വിഷയത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വാദം തള്ളിയായിരുന്നു നിയമന റാങ്ക് പട്ടിക റദ്ദാക്കാനുള്ള ഗവര്‍ണറുടെ തീരുമാനം.

ഗവര്‍ണറുടെ നടപടിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഇന്ന് ചേര്‍ന്ന് സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം. ഗവര്‍ണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അനുമതി നല്‍കി. നാളെ തന്നെ ഇതുസംബന്ധിച്ച് ഹര്‍ജി നല്‍കുമെന്നാണ് സൂചന. വിഷയത്തില്‍ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് സിന്‍ഡിക്കേറ്റ് യോഗം വിലയിരുത്തിയത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയക്ക് ഒന്നാംറാങ്ക് നല്‍കാന്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റി മുന്‍വിധിയോടെയാണ് ഇന്റര്‍വ്യൂ നടത്തിയത് എന്ന ആരോപണം വന്നതോടെയാണ് വിഷയത്തില്‍ ചാന്‍സലറുടെ അധികാരം ഉപയോഗിച്ച് ഗവര്‍ണര്‍ ഇടപെട്ടത്. വിഷയത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചരുന്നു. കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലെ സെക്ഷന്‍ 7(3) പ്രകാരം ചാന്‍സലറായ ഗവര്‍ണര്‍ക്കുള്ള അധികാരം ഉപയോഗിച്ചായിരുന്നു നടപടി. കണ്ണൂര്‍ സര്‍വകലാശാലയുടെ 1996ലെ ആക്ട് പ്രകാരമാണ് നടപടി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിന്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് ഗവര്‍ണര്‍ നടപടി സ്വീകരിച്ചത്.

ഗവര്‍ണറുടെ നടപടിയില്‍ കോടതിയെ സമീപിക്കുമെന്ന് സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഗവര്‍ണറുടെ നടപടി നിയമ വിധേയമല്ലെന്നും വൈസ് ചാന്‍സലര്‍ സൂചിപ്പിച്ചു. കണ്ണൂര്‍ സര്‍വകലാശാല ചട്ടം7(3) വായിച്ചായിരുന്നു വിസിയുടെ പ്രതികരണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kannur university appointment controversy syndicate legal action