/indian-express-malayalam/media/media_files/uploads/2023/06/Kannur-Train-Attack.jpg)
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിനു തീയിട്ട കേസില്‍ പൊലീസ് പിടിയലായ കൊല്‍ക്കത്ത സ്വദേശിയായ പ്രസൂണ്‍ജിത്ത് സിദ്ഗര്‍ തന്നെയാണ് കൃത്യത്തിന് പിന്നിലെന്ന് ഉത്തരമേഖല ഐജി നീരജ്കുമാര്‍ ഗുപ്ത. പ്രസൂണ്‍ജിത്തിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൊല്‍ക്കത്തയിലെ പര്‍ഗനാസ് സ്വദേശിയായ പ്രസൂണ്‍ജിത്ത് രണ്ട് വര്‍ഷമായി ഭിക്ഷാടനത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിലാണ് ജീവിക്കുന്നതെന്നും തലശേരിയില്‍ എത്തിയ ശേഷം കാര്യമായി പണം ലഭിച്ചിരുന്നില്ലെന്നും ഐജി പറഞ്ഞു. ഇത് പ്രസൂണ്‍ജിത്തിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു. പണം ലഭിക്കാത്തതിന്റെ നിരാശയാണ് കൃത്യത്തിന് പിന്നിലെന്നും ഐജി കൂട്ടിച്ചേര്‍ത്തു.
തീയിടുന്നതിനായി എന്തെങ്കിലും ഇന്ധനം ഉപയോഗിച്ചൊ എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച് അന്വേഷണവും നടത്തും. എലത്തൂരിൽ ട്രെയിനിന് തീവച്ച സംഭവവുമായി ഈ കേസിന് എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല. പ്രതി നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ തന്നെയാണെന്നും അദ്ദേഹം അറിയിച്ചു.
ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ തീപിടിച്ച കോച്ചില്‍നിന്ന് 100 മീറ്റര്‍ അകലെ ബിപിസിഎല്ലിന്റെ ഇന്ധന സംഭരണകേന്ദ്രമാണ്. ഇവിടേക്കുള്ള ഇന്ധനക്കുഴല്‍ കോച്ചിന് തൊട്ടടുത്തുമുണ്ടായിരുന്നു. കോച്ചിലെ തീ അണക്കാന്‍ ഒരു മണിക്കൂറോളം വൈകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയായിരുന്നു സംഭവം.
മൂന്നാം പ്ലാറ്റ് ഫോമിനു സമീപം എട്ടാമത്തെ യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്തിരുന്ന ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി പതിനൊന്നോടെ എത്തിയ ട്രെയിന്‍ നിര്‍ത്തിയിട്ടതാണ്. ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. പുറമേനിന്നു തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേന രാത്രി 2.20-ഓടെ തീ അണക്കുകയയിരുന്നു.
രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു തീയിടുന്നത്. ഏപ്രില്‍ രണ്ടിനു രാത്രി ഓടിക്കൊണ്ടിരിക്കെ എലത്തൂരില്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ 2 കോച്ചുകളില്‍ അക്രമി തീയിട്ടതിനെത്തുടര്‍ന്ന് 3 പേര്‍ മരിച്ചിരുന്നു. ഈ കേസില്‍ ഡല്‍ഹി സ്വദേശി ഷാറുഖ് സെയ്ഫിയെ അറസ്റ്റ് ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.