കണ്ണൂർ: തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവന്നു. ബോംബ് വീണ് പൊട്ടുന്നതും ആളുകൾ ചിതറിയോടുന്നതുമാണ് ദൃശ്യത്തിൽ. വധൂവരന്‍മാര്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ബോംബ് പൊട്ടുന്നത്.
ബോംബ് തലയിൽ പതിച്ചെന്നും തല പൊട്ടിയെന്നും ചോരയും ഇറച്ചിയും വീണെന്നും ഓട്ടത്തിനിടയിൽ ചിലർ പറയുന്നതും വിഡിയോയിലുണ്ട്. ആദ്യ ബോംബ് വീണ ശേഷം ആൾക്കൂട്ടത്തിലേക്ക് രണ്ടാമത്തെ ബോംബ് വീഴുന്നതിന്റെയാണ് പുതിയ ദൃശ്യം.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ജിഷ്ണു എന്ന യുവാവാണ് ബോംബേറിൽ കൊല്ലപ്പെട്ടത്. കല്യാണത്തിന്റെ തലേന്ന് വരന്റെ വീട്ടില്‍ ഏച്ചൂരില്‍ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. നാട്ടുകാരിടപെട്ട് സംഘര്‍ഷം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചയോടെ ഏച്ചൂരില്‍ നിന്നുള്ള സംഘം ബോംബുമായി എത്തുകയായിരുന്നു.
സംഭവത്തിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ഏച്ചൂര്‍ സ്വദേശിയായ മിഥുനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബോംബ് നിര്‍മ്മിച്ചത് മിഥുനാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. മിഥുനെ കൂടാതെ ഗോകുൽ, സനാദ്, അക്ഷയ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഏറ് പടക്കം വാങ്ങി സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു ബോംബ് നിര്‍മ്മാണം.
Also Read: ഭാര്യയെ കൊല്ലാൻ ശ്രമിച്ചു; അറസ്റ്റ് തടയാൻ ഹൈക്കോടതിയുടെ പേരിൽ വ്യാജ ഉത്തരവ് ചമച്ച പ്രതി പിടിയിൽ