കണ്ണൂര്‍: പെരളശേരി എകെജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ റിയ പ്രവീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി സഹപാഠി.
മഷി ഡെസ്കിലും ചുമരിലും ആയതോടെ പിഴയായി 25,000 രൂപ നല്‍കണമെന്നും സ്റ്റുഡന്റ്സ് കേഡറ്റ് അംഗത്വം റദ്ദാക്കുമെന്ന അധ്യാപിക റിയയോടെ പറഞ്ഞതായും സഹപാഠി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
റിയയുടെ ആത്മഹത്യയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. റിയയുടെ ആത്മഹത്യക്കുറിപ്പില്‍ പേരുള്ള അധ്യാപികയ്ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരെ ഇന്ന് ചോദ്യം ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ശേഷമായിരിക്കും കേസില്‍ വിശദമായ അന്വേഷണം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പേനയിലെ മഷി റിയയുടെ കൈയില്‍ നിന്ന് ഡെസ്കിലും ചുമരിലും പറ്റിയതിന് അധ്യാപിക ശകാരിച്ചത്. റിയ നല്‍കിയ വിശദീകരണത്തില്‍ അധ്യപിക തൃപ്തയായിരുന്നില്ല. രക്ഷകര്‍ത്താക്കളെ വിളിച്ചുകൊണ്ടു വന്നാല്‍ മാത്രമെ സ്കൂളില്‍ പ്രവേശിപ്പിക്കുകയുള്ളുവെന്നും അധ്യാപിക പറഞ്ഞതായാണ് വിവരം.
അധ്യാപികയുടെ വാക്കുകള്‍ കുട്ടിക്ക് മാനസിക സമ്മര്‍ദം നല്‍കിയെന്നാണ് പൊലീസിന്റെ പ്രാഥമികമായ നിഗമനം. സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ റിയ അധ്യാപികയുടേയും സഹപാഠിയുടേയും പേരെഴുതിവച്ച് ജനലില്‍ ഷോള്‍ കുരുക്കി ജീവനൊടുക്കുകയായിരുന്നു.
മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻജിഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918