കണ്ണൂര്‍: പോക്സോ കേസിൽ പ്രതിയായ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യുന്നത് വെെകിപ്പിക്കാൻ ശ്രമം നടക്കുന്നതായി ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും. ഈ സാഹചര്യത്തിൽ പ്രതിയെ സംരക്ഷിക്കാനുള്ള നീക്കങ്ങൾക്കെതിരേ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാനൊരുങ്ങുകയാണെന്നും അവർ വ്യക്തമാക്കി.

മാർച്ച് 19നായിരുന്നു ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഡിവൈഎസ്പിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചെങ്കിലും ഒരു മാസത്തോളമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.

Also Read: ‘ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്;’ കോവിഡ് ചികിത്സയിലെ പരിയാരം മോഡല്‍

പ്രതി ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നുമാണ് അന്വേഷണത്തിന്റെ തുടക്കത്തിൽ പൊലീസ് അറിയിച്ചത്. അതേസമയം മൊഴികളിൽ വെെരുദ്ധ്യമുണ്ടെന്ന് പറഞ്ഞ് കേസ് വെെകിപ്പിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.

“നീതി വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഏഴ് തവണയാണ് പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തത്. തങ്ങളെ തളർത്തി കേസിൽ നിന്ന് പിൻമാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്,” പെൺകുട്ടിയുടെ ബന്ധു പറഞ്ഞു.

പ്രതി മൂന്നു തവണ കുട്ടിയെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. മാതാവിനൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്. സംഭവം പുറത്തുപറഞ്ഞാല്‍ പെൺകുട്ടിയെയും മാതാവിനെയും കൊല്ലുമെന്നും വീടിനു തീവയ്ക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു. കുട്ടിയെ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ആന്തരിക ഭാഗങ്ങളിൽ പരുക്കുകൾ കണ്ടെത്തിയിരുന്നതായും അവർ വ്യക്തമാക്കി.

സ്ഥലം മാറിയ ശേഷവും സിഐ കേസിൽ ഇടപെട്ടു

നേരത്തേ കേസന്വേഷണ ചുമതലയിലുണ്ടായിരുന്ന സിഐ സ്ഥലം മാറിപ്പോയിരുന്നു. പുതിയ സിഐക്കാണ് ഇപ്പോൾ അന്വേഷണ ചുമതല. ആദ്യം കേസന്വേഷിച്ച ഉദ്യോഗസ്ഥൻ കേസിൽ അലംഭാവം കാണിച്ചതായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി ഹരീന്ദ്രൻ ആരോപിച്ചു. സ്ഥലം മാറിയ ശേഷവും സിഐ കേസിൽ ഇടപെട്ടതായും, പെൺകുട്ടിയെ കോഴിക്കോട് കൗൺസിലിങ്ങിന് കൊണ്ടു പോയപ്പോൾ സിഐ അവിടെ സിവിൽ വേഷത്തിൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു.

“പീഡനം നടന്നതായി പെൺകുട്ടി പറയുന്ന ദിവസങ്ങളിലെ ടവർ ലൊക്കേഷൻ പോലുള്ള വിവരങ്ങൾ പരിശോധിച്ചപ്പോൾ അന്ന് പ്രതി സ്ഥലത്തുണ്ടായിരുന്നില്ലെന്നതടക്കമുള്ള വാദങ്ങളാണ് പൊലീസ് പറയുന്നത്. എന്നാൽ സംഭവം നടന്ന് രണ്ടാഴ്ചയിലധികം കഴിഞ്ഞാണ് പെൺകുട്ടി പരാതി നൽകിയത്. 10 വയസ്സുള്ള പെൺകുട്ടിക്ക് ദിവസം കൃത്യമായി ഓർത്തെടുക്കാൻ ബുദ്ധിമുട്ടുണ്ടാവാം,” ഹരീന്ദ്രൻ പറഞ്ഞു.

Also Read: ലോക്ക്ഡൗണ്‍: വിമാന, ട്രെയിന്‍ സര്‍വീസുകള്‍ മേയ് 3 വരെയില്ല

പെൺകുട്ടിയെ വെെദ്യ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ കടുത്ത പീഡനം നടന്നതായി കണ്ടെത്തിയിരുന്നു. പീഡനം നടന്നുവെന്നതിന് ശക്തമായ തെളിവാണ് അത്. എന്നിട്ടും എന്തുകൊണ്ട് പ്രതിയെ പിടികൂടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഇത്രയും ശക്തമായ തെളിവുള്ളതിനാൽ പൊലീസിന് കേസിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഹരീന്ദ്രൻ വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് പരാതി

കേസന്വേഷണത്തിലെ പൊലീസ് അലംഭാവം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കേസിൽ പൊലീസ് വേണ്ട നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞാഴ്ച മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു. പുതുതായി ചുമതലയേറ്റ സർക്കിൾ ഇൻസ്പെക്ടറെയും സന്ദർശിച്ചുവെന്നും കേസ് പഠിച്ചു വരുന്നതെയുള്ളൂവെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണമെന്നും അവർ വ്യക്തമാക്കി. നിലവിൽ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പരിമിതികളുണ്ടെന്ന് പുതിയ സിഐ അറിയിച്ചെന്നും അവർ പറഞ്ഞു. അതേസമയം കേസിൽ അന്വേഷണം പുരോഗമിക്കുന്നതായും പ്രതി ഒളിവിലാണെന്നുമാണ് ഇന്ന് സർക്കിൾ ഇൻസ്പെക്ടറോട് ടെലഫോണിൽ സംസാരിച്ചപ്പോൾ അറിയിച്ചത്. കേസിൽ അലംഭാവമുണ്ടെന്ന വാദം പൊലീസ് നിഷേധിക്കുകയും ചെയ്തു.

ഓൺലെെന്‍ പ്രതിഷേധം

അറസ്റ്റ് വെെകുന്നതിനെതിരേ പ്രതിഷേധ പരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് ആക്ഷൻ കമ്മിറ്റി. പ്രാദേശിക ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾക്കു പുറമേ ഡിവെെഎഫ്ഐ, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകൾ  പ്രതിഷേധവുമായി രംഗത്തുണ്ടെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ അറിയിച്ചു.

കോവിഡ് വ്യാപനത്തെത്തുടർന്നുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഓൺലെെൻ വഴിയുള്ള പ്രതിഷേധ രീതികളാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

പ്രതിയായ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ഡിവെെഎഫ്ഐ പ്രാദേശിക ഘടകം വ്യാഴാഴ്ച ഫേസ്ബുക്ക് ലെെവിൽ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

പെൺകുട്ടിക്ക് നീതി ലഭ്യമാക്കുക, ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യുക എന്നീ അവശ്യങ്ങളുന്നയിച്ച്  ശനിയാഴ്ച മെഴുകുതിരികൾ കത്തിച്ചു പ്രതിഷേധിക്കുമെന്ന് എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്.

Also Read: കേരളത്തിലെ വവ്വാലുകളിൽ കൊറോണ വെെറസ് കണ്ടെത്തി; മനുഷ്യരിലേക്ക് പകരാം

സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമന്നൊവശ്യപ്പെട്ട് സാഹിത്യ സാംസ്കാരിക പ്രവർത്തകരടക്കമുള്ളവരുടെ തുറന്ന പരാതി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോക്സോപ്രകാരം കേസെടുത്ത പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളർത്താനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് പരാതിയിൽ പറയുന്നു.

ലോക്ഡൗണിന്റെ പേര് പറഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യാനുള്ള ഇടപെടലുകൾ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന പോലീസ് ഉദ്യേഗസ്ഥർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. കെആർ മീര, കെ സച്ചിദാനന്ദൻ, ബിആർപി ഭാസ്കർ, കെ അജിത, എംഎൻ കാരശ്ശേരി, ജെ ദേവിക, ടിടി ശ്രീകുമാർ, ഡോ. ഖദീജ മുംതാസ്, പി ഗീത, സിഎസ് ചന്ദ്രിക, സിവിക് ചന്ദ്രൻ, കെകെ രമ തുടങ്ങി നിരവധി പേർ പരാതിക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.

 

  • Editor’s Note: In accordance with a Supreme Court order, any information that could lead to the identification of a victim of rape and/or sexual assault, or a child in conflict with the law, cannot be disclosed or revealed in any manner.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.