scorecardresearch

"ആർക്കെങ്കിലും കൊലയാളിയാകാൻ താൽപര്യമുണ്ടാകുമോ?" രാഷ്ട്രീയ അക്രമങ്ങളുടെ കാണാ കാഴ്ചകൾ

"എല്ലാവരേയും പോലെ പത്താം ക്ലാസ് കഴിഞ്ഞ് ഗൾഫിലേക്ക് പോകാൻ തന്നെയായിരുന്നു എന്റെയും ആഗ്രഹം. ആർക്കെങ്കിലും ഒരു കൊലയാളി ആകാൻ താൽപ്പര്യമുണ്ടാകുമോ?' 31കാരന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് ലേഖകരായ അരുൺ ജനാർദ്ദനനും ഷാജി ഫിലിപ്പും എഴുതുന്നു.

"എല്ലാവരേയും പോലെ പത്താം ക്ലാസ് കഴിഞ്ഞ് ഗൾഫിലേക്ക് പോകാൻ തന്നെയായിരുന്നു എന്റെയും ആഗ്രഹം. ആർക്കെങ്കിലും ഒരു കൊലയാളി ആകാൻ താൽപ്പര്യമുണ്ടാകുമോ?' 31കാരന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് ലേഖകരായ അരുൺ ജനാർദ്ദനനും ഷാജി ഫിലിപ്പും എഴുതുന്നു.

author-image
Arun Janardhanan
അപ്‌ഡേറ്റ് ചെയ്‌തു
New Update
kannur political violence, cpm, bjp,

രണ്ടു ദശാബ്ദങ്ങളിലായി 96 കൊലപാതകങ്ങൾ... കൊലപാതക കണക്കുകൾ അവർ കൃത്യമായി വിഭജിച്ചു. നീതിക്ക് നീണ്ട കാലതാമസം... നിയമം അതിന്റെ വഴിക്കും; എതിരാളികൾ ഒരേ സാമൂഹിക മേഖലകളിൽ നിന്ന് അവരുടെ ഇരകളെ തിരഞ്ഞെടുക്കുന്നു. ഇവയൊക്കെ കണ്ണൂരിൽ സിപിഐഎമ്മും ബി.ജെ.പി.-ആർഎസ്എസ്സും തമ്മിലുള്ള ആക്രമണങ്ങളുടെ രാഷ്ട്രീയ അളവുകൾ ആണെങ്കിൽ, കേരളത്തിലെ അക്രമത്തിന്റെ യാഥാർഥ്യം ആഴത്തിലുള്ള വ്യക്തിപരമായ വിഷയങ്ങളാണ്. ഒരു വെട്ടിലോ അല്ലെങ്കിൽ ഒരു ബോംബ് സ്ഫോടനത്തിലോ ആരംഭിക്കുന്നു ഈ ഘടകങ്ങൾ. ഇത് ശേഷിച്ചവന്റെ വേദനയും നിസ്സഹായതയും ആണ്, കൊല്ലപ്പെട്ടവരുടെയും കൊലപാതകികളുടെയും രക്ഷിതാക്കളുടെയും ഭാര്യമാരുടെയും കുട്ടികളുടെയും കൂടി വേദനയാണ്.

Advertisment

അവരിൽ പലരും സാമ്പത്തികമായി, ചിലപ്പോൾ നിയമപരമായി, അവരുടെ രാഷ്ട്രീയ രക്ഷാധികാരികളാൽ പിന്തുണയ്ക്കപ്പെടാമെങ്കിലും ദുഃഖവും മാനസികാഘാതവും അവർ ഒറ്റക്ക് തന്നെ നേരിടേണ്ടി വരുന്നു. അവരിൽ പലരും ജീവച്ഛവങ്ങളായി നടക്കുന്നു, തങ്ങളുടെ പാർട്ടിയെയും നേതാക്കളെയും രക്ഷപ്പെടുത്താനായി കുറ്റം ഏറ്റേടുക്കേണ്ടി വന്നു എന്ന് സ്വകാര്യമായി പലരും സമ്മതിക്കുന്നു.

കണ്ണൂരിൽ സിപിഐ(എം)ന്റെ പാർട്ടി ഗ്രാമമായ പത്തിപ്പാലം മുതൽ ആർ.എസ്.എസ് ശക്തി കേന്ദ്രമായ മാക്കൂൽപീടിക വരെയും പയ്യന്നൂരിലെ ചെങ്കോട്ടകളിലുമെല്ലാം ഇന്ത്യൻ എക്സ്പ്രസ് യാത്രചെയ്തു. ഇവിടെ അന്തരീക്ഷത്തിൽ കനമുള്ള ഒരു ചോദ്യം മുറ്റി നിൽക്കുന്നു. എന്തു കൊണ്ട് കാലാൾപ്പട മാത്രം ആക്രമിക്കപ്പെടുന്നു. എന്തു കൊണ്ട് അവരുടെ ജീവനും വീടുകളും ഇല്ലാതാക്കപ്പെടുന്നു?

ഈ ചോദ്യം നിങ്ങളെ പിണറായിയിലെ ഗീതയുടെ അടുത്തെത്തിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് വിജാഘോഷ ജാഥയിൽ, പിണറായി വിജയന്റെ വീടിനടുത്ത് വെച്ച്, ആർഎസ്എസുകാർ ബോംബെറിഞ്ഞപ്പോൾ കൊല്ലപ്പെട്ട സിപിഐഎം അനുഭാവിയായ പി.വി. രവീന്ദ്രൻ ഗീതയുടെ ഭർത്താവാണ്.

Advertisment

ഈ ചോദ്യം മാഹിയുടെ അതിർത്തി ഗ്രാമമായ ചോക്ലിയിൽ ഒരു ടൊയോട്ട ഇന്നോവക്കുള്ളിലേയ്ക്കും നിങ്ങളെ കൊണ്ടുപോകും. അവിടെയാണ് മുഹമ്മദ് ഷാഫി എന്നയാൾ തുറന്നു സംസാരിക്കുന്നത്. പാർട്ടി വിട്ട ടിപി ചന്ദ്രശേഖരനെ കൊന്ന കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷാഫി, പരോളിനിറങ്ങിയതാണ്.

പിന്നൊരു ജോജി, മുൻ ആർഎസ്എസ് പ്രവർത്തകനായിരുന്നു. 14 വർഷം മുൻപ് സിപിഐ (എം) പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു. പിന്നീട് കുറ്റമുക്തനാക്കപ്പെട്ടു. പിന്നെ പ്രദീപൻ, 1999-ൽ അധ്യാപകനും ബിജെപി നേതാവുമായ കെ. ടി. ജയകൃഷ്ണന്റെ കൊലപാതകത്തിൽ ജീവപര്യന്തം തടവ് അനുഭവിച്ച പ്രദീപൻ ഇപ്പോൾ സ്കൂളിലെ പി.ടി.എ.പ്രസിഡന്റാണ്.

പിണറായിയിൽ ഗീത ഇപ്പോഴും ഭർത്താവിന്റെ മരണത്തിൽ നിന്ന് മുക്തി നേടിയിട്ടില്ല. "കണ്ണൂരിൽ നിരപരാധികളെ കശാപ്പു ചെയ്യുമ്പോൾ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ല, സിപിഐ (എം) 10 ലക്ഷം രൂപ സഹായിച്ചു. എന്നാൽ ജീവിതത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് എനിക്കറിയില്ല" ഗീത പറഞ്ഞു. കൂലിത്തൊഴിലാളിയായ ജിതിൻ, സ്വകാര്യ കമ്പനി ജീവനക്കാരനായ രാഖിൽ - ഗീതയക്ക് വൈകാരിക പിന്തുണ നൽകാൻ മക്കളായ ഇവർ മാത്രമാണുള്ളത്.

2012 ൽ സി.പി.ഐ (എം) വിമതനായി മാറുകയും പിന്നീട് ആർ എം പി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്ത ടി പി ചന്ദ്രശേഖരന്റെ കൊലപ്പെടുത്തിയ കേസിൽ അഞ്ചാം പ്രതിയാണ് ഷാഫി. താനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാനായി കഴിഞ്ഞ മാസമാണ് ഷാഫി പരോളിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകൻ അടക്കം 3000ത്തോളം ആളുകൾ വിവാഹത്തിൽ സംബന്ധിച്ചു. വിവാഹ വേദിയിൽ വരൻ ഓഡി കാറിൽ വന്നതൊക്കെ വാർത്തയായി. ഇങ്ങനെയൊക്കെയാണെങ്കിലും ദിവസങ്ങൾക്കിപ്പുറവും 'കണ്ണൂരിലെ കൊലയാളി' എന്ന പേര് ഷാഫിയെ വിടാതെ പിന്തുടരുന്നു.

"എന്റെ വിവാഹ വേദിയിൽ നിൽക്കുന്പോൾ, ആളുകൾ എന്നെ ഒരു പ്രത്യേക രീതിയിൽ ആണ് തുറിച്ചു നോക്കിക്കൊണ്ടിരുന്നത്. വിവാഹം കഴിക്കരുതായിരുന്നെന്ന് തോന്നിപ്പോയി എനിക്ക്. എല്ലാവരേയും പോലെ പത്താം ക്ലാസ് കഴിഞ്ഞ് ഗൾഫിലേക്ക് പോകാൻ തന്നെയായിരുന്നു എന്റെയും ആഗ്രഹം. പക്ഷേ എന്റെ പേരിൽ കേസുകളുണ്ടായിരുന്നതിനാൽ അതിന് സാധിച്ചില്ല. ഓട്ടോ ഓടിച്ചും, കൂലിപ്പണിയെടുത്തും ജീവിച്ചു. ആർക്കെങ്കിലും ഒരു കൊലയാളി ആകാൻ താൽപ്പര്യമുണ്ടാകുമോ?' 31കാരന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

മുൻ ആർ.എസ്.എസ് പ്രവർത്തകനായ ജോജി, കുറ്റമുക്തനാക്കപ്പെട്ട ശേഷം തന്റെ നാട് വിടേണ്ടി വന്നു. ഇന്ന് ജോജി ഒരു ശിൽപിയാണ്, തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്ര കുളത്തിന് നടുവിൽ നിന്ന് നിർമ്മിച്ച പല തലകളുള്ള ആനകയുടെ പ്രതിമ ജോജി രൂപകൽപന ചെയ്തതതാണ്. "സംഭവിച്ചതിന്റെ ആഘാതത്തിൽ നിന്ന് ഞാൻ ഇപ്പോഴും മോചിതനായിട്ടില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാൻ ഒരുപാട് അനുഭവിച്ചു, എന്റെ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്ത് ഇവിടെ ജീവിക്കേണ്ടി വന്നു, ഒന്നോ രണ്ടോ ദിവസം കൊണ്ടും പറഞ്ഞു തീർക്കാൻ പറ്റില്ല അത്'. 33 വയസുകാരൻ നെടുവീർപ്പിടുന്നു.

28ആം വയസ്സിൽ ശിക്ഷിക്കപ്പെട്ട് ഇപ്പോൾ 18 വർഷം കഴിഞ്ഞു, പ്രദീപന് പറയാനുള്ളതെല്ലാം താൻ പിടിഎ പ്രസിഡന്റായിരിക്കുന്ന മൊകേരി സർക്കാർ സ്കൂളിനെ കുറിച്ചാണ്. ജയകൃഷ്ണൻ വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് കൊല്ലപ്പെട്ട അതേ സ്കൂളാണിത്. "ഞാൻ ഈ സ്കൂളിലെ ഒരു മുൻ വിദ്യാർഥിയാണ്, 2011 ൽ ജയിലിൽ നിന്ന് ഞാൻ തിരിച്ചെത്തിയപ്പോൾ ഇവിടുത്തെ വിദ്യാർത്ഥികളുടെ എണ്ണം 600 ൽ നിന്ന് 50 ആയി കുറഞ്ഞിരുന്നു. ഇപ്പോൾ 1000 വിദ്യാർത്ഥികൾ ഉണ്ട് ഇവിടെ" ഒരു ചരിത്ര ബിരുദധാരിയായ പ്രദീപൻ പറയുന്നു. കേസിനെക്കുറിച്ച് ചോദിച്ചപ്പോൾ, "ഇനി നിരപരാധിയാണെന്നു പറഞ്ഞിട്ട് എന്താണ് കാര്യം?'' എന്നായിരുന്നു മറുപടി.

ഇരകളും ബന്ധുക്കളും നേരിടുന്ന മാനസിക ആഘാതത്തെ കുറിച്ച് ഇരുഭാഗത്തുമുള്ള നേതാക്കളോടും ഇൻഡ്യൻ എക്സ്പ്രസ് ചോദിച്ചു. അവരുടെ മറുപടി എല്ലാം വ്യക്തമാക്കുന്നു.

മുതിർന്ന ആർഎസ്എസ് നേതാവ് വി ശശിധരൻ പറഞ്ഞു: "ഈ മാനസിക ആഘാതം ഒരു യാഥാർത്ഥ്യമാകാം, ഞങ്ങൾ ഒരു സമൂഹത്തിൽ ജീവിക്കുന്നു, ഞങ്ങൾ പരസ്പരം പിന്തുണയ്ക്കുന്നു, ഇപ്പോൾ അത്രയേ സാധിക്കൂ" അദ്ദേഹം പറഞ്ഞു. സി.പി.ഐ (എം) എംഎൽഎ എം എൻ ഷംസീർ പറഞ്ഞു, "മാനസികാഘോതമോ? അത് അഡ്ജസ്റ്റ് ചെയ്യണം, നിയന്ത്രിക്കണം, വേറെ എന്തു ചെയ്യാനാകും?"

ആക്രമണങ്ങളുടെ ഇരകൾക്കും അവരുടെ ബന്ധുക്കൾക്കും ആവശ്യമായ സാന്പത്തിക സഹായം നൽകുന്നുണ്ടെന്നും നിയമപരിരക്ഷ നൽകുന്നുണ്ടെന്നും വിദ്യാഭ്യാസം നൽകുന്നുണ്ടെന്നും ഇരു പാർട്ടികളും അവകാശപ്പെടുന്നു. ഇരു വിഭാഗങ്ങളും ഇരകൾക്കായി ശേഖരിക്കുന്നത് കോടികളാണ്. സിപിഐഎം ബക്കറ്റ് പിരിവിലൂടെയാണെങ്കിൽ ആർഎസ്എസ്-ബിജെപിക്ക് ഇത് 'ഡൽഹിയിൽ നിന്ന് വരുകയാണ്'.

പക്ഷെ ഈ സംഘർഷങ്ങളൊന്നും പലപ്പോഴും പാർട്ടി നേതാക്കളെയോ പാർട്ടി ഓഫീസുകളേയോ ബാധിക്കാത്തതെന്തുകൊണ്ടാണ്? കണ്ണൂർ നഗരത്തിലെ സി.പി.ഐ (എം) ആസ്ഥാനം, രണ്ട് നിലകളുള്ള വലിയ ഒരു കെട്ടിടമാണ്. ഇതിന് യാതൊരു സുരക്ഷാ സംവിധാനമോ സിസിടിവി ക്യാമറ പോലുമോ ഇല്ല. ആർഎസ്എസിന്റെ ജില്ലാ ഓഫീസിലേക്ക് നയിക്കുന്ന മൺപാത രാത്രിയിൽ ശരിക്ക് കാണണമെങ്കിൽ ടോർച്ച് അടിക്കണം.

സിപിഐ (എം) ജില്ലാ സെക്രട്ടറിയായ പി ജയരാജൻ പറയുന്നു: "ഞങ്ങൾ കൊലയാളികളോ കുറ്റവാളികളോ അല്ല, ഇത്രയും പ്രതിബദ്ധതയും സ്നേഹവുമുള്ള ആളുകളെ നിങ്ങൾക്ക് വേറെ എവിടേയും കാണാനാകില്ല. പല കേസുകളിലും, ഇരയുടെ സുഹൃത്തുക്കൾ കുടുംബത്തിന് വേണ്ടി പ്രതികാരം ചെയ്യുകയാണ്. അങ്ങനെയാണ് പലപ്പോഴും ഞങ്ങളുടെ മനോഹരമായ ഗ്രാമങ്ങളിൽ കൊലപാതകങ്ങൾ നടക്കുന്നത്?" 1999 ൽ ആർ.എസ്.എസുകാർ നടത്തിയ ആക്രമണത്തിന്റെ ഇരയാണ് ജയരാജൻ. അദ്ദേഹത്തിന്റെ വലതു കൈ ഏറെക്കുറെ വെട്ടിമാറ്റപ്പെട്ടതാണ്. എന്നിട്ടും ജയരാജന് ഇപ്പോഴും ഔദ്യോഗിക സുരക്ഷാ സംവിധാനം ഒന്നും തന്നെയില്ല.

ആർ.എസ്.എസ് നേതാവ് കെ കെ ബലറാം ഒരിക്കലും ആക്രമണത്തിന് ഇരയായിട്ടില്ലെന്ന് പറയുന്നു. കണ്ണൂർ നഗരത്തിൽ ഓഫീസുള്ള അഭിഭാഷകനാണദ്ദേഹം, ബലറാംപറയുന്നു: "വിഷയങ്ങൾ പലപ്പോഴും പ്രാദേശികവും പെട്ടെന്നുള്ളതുമായതിനാൽ നേതാക്കൾ ലക്ഷ്യം വെക്കപ്പെടാറില്ല. എന്നാൽ, ഭീഷണി നേരിടുന്ന സാഹചര്യത്തിൽ, ഞങ്ങളുടെ നേതാക്കന്മാരെ ഒറ്റയ്ക്ക് യാത്രചെയ്യാൻ അനുവദിക്കാറില്ല.'

കണ്ണൂരിൽ നടന്ന ഈ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന് ഇരുവരും നേതാക്കളോടും ഞങ്ങൾ ചോദിച്ചു.

ചോദ്യത്തിന് ബാലാറാം പുഞ്ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു. "ഞങ്ങൾ കൊലപാതകങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കണം, അതല്ലേ നിങ്ങൾ അർത്ഥമാക്കുന്നത്? ഒരു കൊലപാതകവും ഉന്നതതലത്തിൽ ആസൂത്രണം ചെയ്യപ്പെട്ടിട്ടില്ല" അദ്ദേഹം അവകാശപ്പെട്ടു.

ജയരാജൻ ഒരു നിമിഷം നിശ്ശബ്ദനായി, പിന്നെ തലയുയുർത്തി പറഞ്ഞു "ഞങ്ങൾ ഫാസിസ്റ്റുകൾക്കെതിരെ പോരാടുമ്പോൾ മാത്രം."

Cpm Rss Kannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: