കണ്ണൂർ: പിണറായിയിൽ പൊലീസ് മർദനത്തിൽ യുവാവ് മരിച്ചതായി ബന്ധുക്കളുടെ ആരോപണം. കണ്ണൂർ എടക്കാട്ട് ഓട്ടോ ഡ്രൈവറായ ഉനൈസ് പൊലീസ് മർദനത്തെ തുടർന്ന് രണ്ടു മാസം കിടപ്പിലായശേഷമാണ് മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി.

ഭാര്യാ പിതാവിന്റെ പരാതിയെ തുടർന്ന് ഫെബ്രുവരി 21 നാണ് ഉനൈസിന പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യ പിതാവിന്റെ സ്കൂട്ടർ തീവച്ചുവെന്നായിരുന്നു ഉനൈസിന്റെ പേരിലുളള കേസ്. എടക്കാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഉനൈസിനെ രാവിലെ മുതൽ വൈകിട്ട് വരെ മർദിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഏഴു പൊലീസുകാരും എസ്ഐയും ചേർന്നാണ് ഉനൈസിനെ മർദിച്ചതെന്നും അവശനായ ഉനൈസിനെ ഫെബ്രുവരി 24 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ഉനൈസ് കുറേനാൾ കിടപ്പിലായിരുന്നു. ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. മെയ് 2 ന് ഉനൈസ് മരിക്കുകയും ചെയ്തു.

ഉനൈസിന് പൊലീസ് മർദനത്തിലാണ് പരുക്കേറ്റതെന്നാണ് ആശുപത്രി രേഖകളിലുളളത്. ഉനൈസിന്റെ മരണം പൊലീസ് മർദനത്തെ തുടർന്നാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് തയ്യാറായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.