കണ്ണൂർ: നഗരം വീണ്ടും പുലിപ്പേടിയിൽ. കണ്ണൂർ നഗരത്തിൽ രണ്ടാഴ്ചയ്ക്കിടെ വീണ്ടും പുലി ഭീഷണി. കഴിഞ്ഞ മൂന്നു ദിവസമായി പയ്യാമ്പലം പളളിയാംമൂല ഭാഗത്താണ് പുലിയെ കണ്ടതെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പ് അധികൃതർ ഇത് പുലിയാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെ പളളിയാംമൂല ആറാംകോട്ടയിലെ സ്വകാര്യ ആയുർവേദ ആശുപത്രിക്ക് സമീപം രണ്ട് പശുക്കളെ അജ്ഞാതജീവി കടിച്ചു കൊന്നു. ഇത് പുലിയാണെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും വനം വകുപ്പ് അക്കാര്യം നേരത്തെ ഉറപ്പിച്ചിരുന്നില്ല. അഴീക്കൽ ഭാഗത്ത് പുലിയെ പിടിക്കാനായി വനം വകുപ്പ് കൂട് വച്ചിട്ടുണ്ട്. പരിശോധന ശക്തമാക്കി. ജനങ്ങളെ ഭീതിയിലാഴത്തിയാണ് വീണ്ടും പുലിഭീഷണി.

അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ പരിശോധിക്കുന്നു

ചാലാട് പള്ളിയാംമൂലയിലെ എം.കെ. ജസീലിന്റെ പശുവിനെയും കിടാവുമാണ് ചത്തത്. കാസര്‍ഗോഡ് നിന്നും രണ്ടു ദിവസം മുന്പ് കൊണ്ടു വന്ന വെച്ചൂര്‍ ഇനം പശുക്കളാണ് ചത്തത്. വിവരമറിഞ്ഞു പ്രദേശത്ത് ആളുകള്‍ തടിച്ചു കൂടി. തുടര്‍ന്നു വനംവകുപ്പിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ വനംവകുപ്പധികൃതര്‍ ഉച്ചയോടെയാണ് സ്ഥലത്തെത്തിയത്. ഇത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കി.

വനംവകുപ്പുദ്യോഗസ്ഥര്‍ ചത്ത പശുക്കളെയും പ്രദേശവും പരിശോധിച്ചു. ചത്ത മൃഗങ്ങളിലെ മുറിവും കണ്ടെത്തിയ കാല്‍പ്പാടുകളും പരിശോധിച്ച വനം വകുപ്പുദ്യോഗസ്ഥര്‍ പുലിയുടേതാവാനുള്ള സാധ്യതയാണ് വിലയിരുത്തിയത്.

ഒരാഴ്ച മുന്പ് ഇതിനു സമീപത്ത് വായിപ്പറന്പില്‍ പുലിയെ കണ്ടാതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചിരുന്നു. കൂട്ടില്‍ ഇരയായി നായയെ ഇട്ടിരുന്നെങ്കിലും അത് കഠിനമായ എതിർപ്പിന് ഇരയായി. എസ് പി സി എ നായയെ ഇരയായി ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടു.വനംവകുപ്പിനു നോട്ടീസ് നല്‍കി. നായയക്കു പകരം പോത്തിറിച്ചി ഉപയോഗിക്കാനായിരുന്നു അവർ നിര്‍ദേശിച്ചു. വായിപ്പറമ്പിൽ സ്ഥാപിച്ച കൂട് പളളിയാംമൂലയിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. കടിച്ചുകൊന്ന പശുവിന്റെ ജഡമാണ് ഇപ്പോൾ പുലിയ പിടിക്കാൻ കൂട്ടിലിട്ടിരിക്കുന്നത്.

ഈ മാസം അഞ്ചാം തിയതി വൈകുന്നേരത്തോടെയാണ് നഗരമധ്യത്തിലെ തായത്തെരു കസാനക്കോട്ടയിൽ പുലിയിറങ്ങിയത്. മൂന്ന് പേരെ ആക്രമിച്ച പുലിയെ രാത്രിയോടെ മയക്ക് വെടിവച്ച് പിടിക്കുകയായിരുന്നു. ബംഗാളിൽ നിന്നുളള ഒരു തൊഴിലാളിക്കും രണ്ട് പ്രദേശവാസികൾക്കുമാണ് പുലിയുടെ ആക്രമണത്തിൽ അന്ന് പരുക്കേറ്റത്. അന്നേ ദിവസം തന്നെ രാത്രി പന്ത്രണ്ട് മണിയോടെ പുലിയെ മയക്കുവെടിവച്ച് പിടിച്ചു. ട്രെയിൻ വഴിയാണ് പുലി നഗരത്തിലെത്തിയതെന്നായിരുന്നു അന്നത്തെ നിഗമനം.
Read More:കണ്ണൂരിനെ ഭീതിയുടെ മുനയിൽ നിർത്തിയ പുലി പിടിയിൽ
മയക്കുവെടിവച്ച് പിടിച്ച പുലിയെ പിന്നീട് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി. ഏതാനും ദിവസത്തെ ശാന്തതയ്ക്കു ശേഷമാണ് വീണ്ടും നഗരം പുലിഭീതിയിലേയ്ക്കു വീണത്. പുഴവഴിയോ കടൽ വഴിയോ നീന്തിയെത്തിയാതാകാം പുലിയെന്നാണ് നാട്ടുകാർ പറയുന്നത്. പുലിയാണെന്ന് സംശയിക്കുന്നത് ഇതിന് മുന്പും ഇവിടെ പുലിയിറങ്ങിയിട്ടുണ്ടെന്നതിനാലാണെന്ന് പ്രദേശവാസികൾ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ