കണ്ണൂര്‍: വീടുകളിലും റെസ്റ്റോറന്റുകളിലും ക്ലബ്ബുകളിലും നടത്തുന്ന ജന്മദിനാഘോഷങ്ങള്‍ മലയാളിക്ക് മടുത്ത് കഴിഞ്ഞു. വ്യത്യസ്തമായ രീതിയില്‍ ജന്മദിനങ്ങള്‍ ആഘോഷിക്കാനാണ് ഇന്ന് നമ്മള്‍ ആഗ്രഹിക്കുന്നത്. അതിന് എന്ത് റിസ്കും എടുക്കാന്‍ നമ്മള്‍ തയ്യാറുമാണ്.
എന്നാല്‍ വലിയ റിസ്കൊന്നും എടുക്കാതെ തന്നെ ഗംഭീരമായൊരു ജന്മദിനാഘോഷമാണ് കഴിഞ്ഞ ദിവസം ‘ആകാശത്ത്’ അരങ്ങേറിയത്. ആകാശത്ത് എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കേണ്ട, വിമാനത്തിലാണ് ആഘോഷം നടന്നത്.
വിമാനത്തില്‍ ജന്മദിനം ആഘോഷിക്കുന്നത് ഇത് പുതിയ വാര്‍ത്തയല്ലെങ്കിലും ഈ ആഘോഷത്തിന് ഒരു പ്രത്യേകതയുണ്ട്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുളള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇത് ആദ്യമായിട്ടാണ് ഒരു ജന്മദിനാഘോഷം അരങ്ങേറുന്നത്. വ്യാഴാഴ്ച്ച അബൂദാബിയില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട യാത്രക്കാരനാണ് അപൂര്‍വ്വ ഭാഗ്യം ലഭിച്ചത്. റാം അജിത് എന്ന യാത്രക്കാരന് വേണ്ടി എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരാണ് വിമാനത്തില്‍ സര്‍പ്രൈസ് ഒരുക്കിയത്.
റാമിന്റെ ഭാര്യ അമിത അശോകനായിരുന്നു ഭര്‍ത്താവിന് സര്‍പ്രൈസ് ഒരുക്കാനുളള തിരക്കഥ രചിച്ചത്. ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ എയര്‍ ഇന്ത്യ എക്സ്പ്രസിനോട് അമിത അപേക്ഷിക്കുക മാത്രമാണ് ചെയ്തത്. അമിതയും ഭര്‍ത്താവും മകളും വിമാനത്തില്‍ എത്തിയപ്പോഴേക്കും അധികൃതര്‍ കേക്കും, പൂക്കളുമൊക്കെയായി തയ്യാറായി നിന്നിരുന്നു.
തുടര്‍ന്ന് യാത്രയ്ക്കിടെ റാമിന്റെ ജന്മദിനം ആണെന്ന് ക്യാപ്റ്റന്‍ മൈക്കിലൂടെ അറിയിക്കുകയായിരുന്നു. യാത്രക്കാരുടെ കരഘോഷത്തിനിടെ റാം വിമാനത്തില്‍ വെച്ച് കേക്ക് മുറിച്ചു. വിമാനത്തിലുളള എല്ലാവരും അധികൃതരുടെ ഈ നീക്കത്തെ അഭിനന്ദിക്കുകയും ചെയ്തതായി അമിത പറയുന്നു.
എയര്‍ ഇന്ത്യ എക്സ്പ്രസിന് അമിത ഫെയ്സ്ബുക്കിലൂടെ തന്നെ നന്ദി അറിയിച്ചിട്ടുണ്ട്. വിമാനത്തിലെ ഭൂരിഭാഗം പേര്‍ക്കും കേക്ക് നല്‍കിയെങ്കിലും ചിലര്‍ക്ക് കേക്ക് കൊടുക്കാന്‍ കഴിയാഞ്ഞതിന്റെ സങ്കടവും അമിത പങ്കുവെക്കുന്നുണ്ട്. വിമാനം ലാന്‍ഡ് ചെയ്യാന്‍ സമയം ആയത് കൊണ്ടായിരുന്നു ചിലര്‍ക്ക് കേക്ക് നല്‍കാന്‍ കഴിയാതിരുന്നത്.