കണ്ണൂർ: ഒന്നരവയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ തയ്യലിൽ സ്വദേശിനി ശരണ്യ റിമാൻഡിൽ. ശരണ്യയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്. മജിസ്‌ട്രേറ്റിനു മുന്നിലേക്ക് കൊണ്ടുപോകുന്നതിനിടെ കുറ്റകൃത്യം ചെയ്‌തതിൽ കുറ്റബോധമുണ്ടോ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചു. ‘ഉണ്ട്’ എന്ന് ശരണ്യ മറുപടി നൽകി, തലയാട്ടുകയും ചെയ്‌തും. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ശരണ്യയുടെ പ്രതികരണം.
തെളിവെടുപ്പിനായി ശരണ്യയെ ഇന്നു വീട്ടിൽ എത്തിച്ചിരുന്നു. ശരണ്യക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. വൻ പൊലീസ് സുരക്ഷാ സന്നാഹങ്ങളുമായാണ് പൊലീസ് ശരണ്യയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതിഷേധം ശക്തമായതോടെ 20 മിനിറ്റ് കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് ശരണ്യയുമായി മടങ്ങി.
ഒന്നരവയസ്സുകാരനെ പാറക്കൂട്ടത്തിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മ ശരണ്യ തനിച്ചാണെന്ന് പൊലീസ് പറയുന്നു. ഭർത്താവിനും കാമുകനും പങ്കില്ല. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചെന്ന് കണ്ണൂർ സിറ്റി സിഐ പി.ആർ.സതീഷ് നേരത്തെ പറഞ്ഞു.
ശരണ്യയെ തൂക്കിക്കൊല്ലണമെന്ന് അച്ഛൻ വത്സരാജ് പറഞ്ഞു. മകൾക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാൽ അത്രയും സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.
കാമുകനൊപ്പം ജീവിക്കാനാണ് തയ്യിൽ കൊടുവളളി ഹൗസിൽ ശരണ്യ (22) ഒന്നര വയസുളള മകനെ കൊലപ്പെടുത്തിയത്. ഭർത്താവുമായി അകന്ന് സ്വന്തം മാതാപിതാക്കൾക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാൽ ഞായറാഴ്ച ഭർത്താവിനെ വിളിച്ചുവരുത്തി വീട്ടിൽ താമസിച്ചു. പിറ്റേന്നു പുലർച്ചെയാണ് മകനെ കൊന്നത്. കുറ്റം ഭർത്താവിനുമേൽ ചുമത്തിയശേഷം കാമുകനൊപ്പം ജീവിക്കുകയായിരുന്നു ശരണ്യയുടെ പദ്ധതി.
പൊലീസ് ചോദ്യം ചെയ്യലിൽ ഭർത്താവാണ് മകനെ കൊന്നതെന്നാണ് ശരണ്യ ആവർത്തിച്ചത്. എന്നാൽ ഫൊറൻസിക് പരിശോധനയിൽ ശരണ്യ ധരിച്ച വസ്ത്രത്തിൽ ഉപ്പുവെളളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ശരണ്യയുടെ ഫോൺ കോളുകൾ പരിശോധിച്ചപ്പോൾ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്നുളള ചോദ്യം ചെയ്യലിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്.
ശരണ്യയാണ് പ്രതിയെന്ന് പൊലീസിന് മനസ്സിലായത് എങ്ങനെ?
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് കുട്ടിയുടെ അമ്മ ശരണ്യ കുറ്റംസമ്മതിച്ചതെന്ന് പൊലീസ് പറയുന്നു. ഭാര്യയും ഭർത്താവും പരസ്‌പരം കുറ്റമാരോപിച്ചതു പൊലീസിനെ കൺഫ്യൂഷനിലാക്കി. കുട്ടിയെ രാത്രി തട്ടിക്കൊണ്ടുപോയതാണെന്നു പോലും ശരണ്യ പൊലീസിനോട് പറഞ്ഞിരുന്നു. അന്വേഷണം വഴിതെറ്റിച്ചു വിടാനായിരുന്നു ഇങ്ങനെയൊരു നുണ പറഞ്ഞത്.
തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ-പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹം തയ്യിൽ കടപ്പുറത്താണ് കണ്ടെത്തിയത്. കടലിനോട് ചേര്‍ന്നുള്ള പാറക്കെട്ടിലാണ് കുട്ടിയുടെ മൃതദേഹം കിടക്കുന്നുണ്ടായിരുന്നത്. കുട്ടിയുടെ തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. രാത്രി അച്ഛനൊപ്പം കിടന്നുറങ്ങിയിരുന്ന കുട്ടി എങ്ങനെയാണ് കടപ്പുറത്തെത്തിയതെന്ന് പൊലീസ് അന്വേഷിച്ചു.
കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ പ്രണവാണ് പൊലീസിൽ പരാതി നൽകിയത്. പ്രണവിനെതിരെ ശരണ്യയും ആരോപണമുന്നയിച്ചു. ഇതോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചാേദ്യം ചെയ്‌തു. ചോദ്യം ചെയ്യലിൽ ഇരുവരും പറഞ്ഞ മൊഴികളിൽ പൊരുത്തക്കേട് തോന്നിയിരുന്നു. മൊഴിയിലെ പൊരുത്തക്കേടാണ് പിന്നീട് പ്രതിയെ കണ്ടെത്താൻ കാരണമായത്.
ശാസ്ത്രീയ പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടി അമ്മയോടൊപ്പമാണ് ഉറങ്ങാന്‍ കിടന്നതെന്നും പുലര്‍ച്ചെ മൂന്നുമണിക്ക് കരഞ്ഞപ്പോള്‍ ശരണ്യ ഉറക്കിയെന്നുമാണ് പ്രണവ് മൊഴി നൽകിയത്. എന്നാൽ, കുട്ടി അച്ഛനൊപ്പം ആയിരുന്നു കിടന്നതെന്ന് ശരണ്യയും മൊഴി നൽകി. ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി.
കുഞ്ഞിനെ തലയ്‌ക്കടിച്ചു കൊന്ന ശേഷം കടലിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. അച്ഛൻ പ്രണവിനൊപ്പം കിടന്നുറങ്ങിയിരുന്ന കുഞ്ഞിനെയും എടുത്ത് പുലർച്ചെ രണ്ടുമണിക്ക് ശരണ്യ കടപ്പുറത്തേക്ക് പോകുകയായിരുന്നു. ഇവിടെവച്ച് കുഞ്ഞിനെ കടൽഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. വീഴ്‌ചയുടെ ആഘാതത്തിൽ കുട്ടിയുടെ തലയ്‌ക്ക് ഗുരുതരമായ പരുക്കേറ്റു. കുഞ്ഞ് കരയാൻ തുടങ്ങിയപ്പോൾ ശരണ്യ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു. ശരണ്യയുടെ വസ്ത്രത്തിൽ കടൽവെള്ളത്തിന്റെയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയതാണ് കേസ് തെളിയാൻ കാരണമായത്.