കണ്ണൂർ: തയ്യിലിൽ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശരണ്യയുടെ കാമുകൻ നിതിനെ അറസ്റ്റ് ചെയ്തു. പ്രേരണാക്കുറ്റത്തിനാണ് അറസ്റ്റ്. കുട്ടിയെ കൊല്ലാൻ പ്രേരിപ്പിച്ചത് വലിയന്നൂർ സ്വദേശിയായ നിതിനാണെന്ന് ശരണ്യ പൊലീസിന് മൊഴി നൽകിയിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് നിതിൻ.

ശരണ്യയെ അറസ്റ്റ് ചെയ്യുന്നതിനു മുൻപ് നിതിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ശരണ്യയെ വിവാഹത്തിനു നിർബന്ധിച്ചിട്ടില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തെക്കുറിച്ച് അറിവില്ലെന്നുമായിരുന്നു യുവാവിന്റെ മൊഴി. എന്നാൽ, കൊലപാതകത്തലേന്ന് ഇയാളെ സംശയകരമായ സാഹചര്യത്തിൽ ശരണ്യയുടെ വീടിനു സമീപം കണ്ടെന്ന് അയൽവാസി മൊഴിനൽകി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കൊലപാതകത്തിനു തലേന്നു വൈകീട്ടു ശരണ്യയുമായി വീടിനു സമീപം കൂടിക്കാഴ്ച നടത്തിയതായി നിതിൻ സമ്മതിച്ചിരുന്നു. ഇയാളെ ഇന്നു വീണ്ടും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Read Also: മകനെ കൊന്ന കേസ്: ശരണ്യ റിമാൻഡിൽ, കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിനു മറുപടി

കഴിഞ്ഞ 17 നാണു തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യയുടെയും പ്രണവിന്റെയും മകൻ വിയാനെ കടൽത്തീരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. നിതിനൊപ്പം ജീവിക്കാനാണ് ശരണ്യ (22) ഒന്നര വയസുളള മകനെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് പറയുന്നത്. ഭർത്താവുമായി അകന്ന് സ്വന്തം മാതാപിതാക്കൾക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാൽ കൊലപാതകത്തിന്റെ തലേന്ന് ഭർത്താവ് ശരണ്യയുടെ വീട്ടിൽ താമസിച്ചിരുന്നു. ഇതു ശരണ്യ വിളിച്ചുവരുത്തിയതാണെന്നാണു പൊലീസ് പറയുന്നത്. പിറ്റേന്നു പുലർച്ചെയാണ് മകനെ കൊന്നത്. കുറ്റം ഭർത്താവിനുമേൽ ചുമത്തിയശേഷം കാമുകനൊപ്പം ജീവിക്കുകയായിരുന്നു ശരണ്യയുടെ പദ്ധതിയെന്നു പൊലീസ് പറയുന്നു.

പൊലീസ് ചോദ്യം ചെയ്യലിൽ ഭർത്താവാണ് മകനെ കൊന്നതെന്നാണ് ശരണ്യ ആവർത്തിച്ചത്. എന്നാൽ ഫൊറൻസിക് പരിശോധനയിൽ ശരണ്യ ധരിച്ച വസ്ത്രത്തിൽ ഉപ്പുവെളളത്തിന്റെ സാന്നിധ്യം കണ്ടെത്തി. ശരണ്യയുടെ ഫോൺ കോളുകൾ പരിശോധിച്ചപ്പോൾ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട നിതിനെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്നുളള ചോദ്യം ചെയ്യലിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.