കണ്ണൂർ: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നാളെ. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ഫ്ലാഗ്ഓഫ് ചെയ്യുന്നതോടെ കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂരിന് സ്വന്തം.
രാവിലെ 6 മണിക്ക് മട്ടന്നൂര്‍-വായന്തോട് സഹകരണ പരിസരത്ത് ആദ്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് സ്വീകരണം നല്‍കും. 6.30ഓടെ ഇവരെ ടെര്‍മിനലിലെത്തിക്കും. 7 മണിക്ക് വിമാനത്താവളത്തില്‍ ഇ.പി.ജയരാജന്റെ സാന്നിധ്യത്തില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കും. 7.15നാണ് യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കുക. 7.30ഓടെ വേദിയില്‍ കലാപരിപാടികള്‍ ആരംഭിക്കും. 9.30നാണ് ഡിപ്പാര്‍ച്ചര്‍ ഹാളില്‍ വച്ച് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നടത്തുന്നത്.
രാവിലെ 9.50ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി വിമാനമാണ് ആദ്യം പറക്കുക. വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ മുഖ്യാതിഥിയാകും. മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷത വഹിക്കും. 97,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ആഭ്യന്തര, അന്തർദേശീയ പാസഞ്ചർ ടെർമിനലുകളും 3050 മീറ്റർ റൺവേയുമുൾപ്പെട്ട കണ്ണൂർ വിമാനത്താവളത്തിൽ 20 വിമാനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാം. 24 ചെക്ക് ഇന്‍ കൗണ്ടറുകളും 32 എമിഗ്രേഷന്‍ കൗണ്ടറുകളും നാല് ഇ-വിസ കൗണ്ടറുകളും 16 കസ്റ്റംസ് കൗണ്ടറുകളുമാണ് ഒരുക്കിയിട്ടുള്ളത്.
വൻകിട വിമാനങ്ങളിൽ നേരിട്ട് പാസഞ്ചർ ടെർമിനലിലേക്ക് പ്രവേശിക്കാവുന്ന ആറ് എയ്റോബ്രിഡ്ജുകളും പ്രത്യേകതയാണ്. ഒരേസമയം 2000 യാത്രക്കാർക്ക് വന്നു പോകാവുന്ന വിധത്തിൽ അഞ്ച് നിലകളിലായി പാകപ്പെടുത്തിയതാണ് പാസഞ്ചർ ടെർമിനൽ.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ഗൾഫ് സർവ്വീസുകളാണ് തുടക്കം മുതൽ ആരംഭിക്കുന്നത്. അബുദാബി, ദോഹ, ദുബായ്, ഷാർജ, മസ്കറ്റ്, റിയാദ് എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസിന് അനുമതി ലഭിച്ചത്. വിമാനത്താവളങ്ങളിലെ സ്ലോട്ട് അനുമതിയും വിമാനത്തിന്റെ കുറവും കാരണം ദുബായ്, മസ്കറ്റ് സർവ്വീസുകൾ ഉടനെ ഉണ്ടാവില്ല. കണ്ണൂർ- ഷാർജ റൂട്ടിൽ ശനി, തിങ്കൾ, ബുധൻ, വെള്ളി, കണ്ണൂർ- അബുദാബി റൂട്ടിൽ ഞായർ, ചൊവ്വ, വ്യാഴം, കണ്ണൂർ-ദോഹ റൂട്ടിൽ തിങ്കൾ, ചൊവ്വ, ബുധൻ, ശനി, കണ്ണൂർ- റിയാദ് റൂട്ടിൽ ഞായർ, വ്യാഴം, വെള്ളി, റിയാദ്-കണ്ണൂർ റൂട്ടിൽ വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിലാണ് സർവ്വീസ്.