ന്യൂഡൽഹി: കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കി. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും അധികാരങ്ങൾക്ക് മേലുളള കടന്നു കയറ്റമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഓർഡിനൻസ് നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്യുകയും 2016-17 വർഷത്തെ വിദ്യാർത്ഥി പ്രവേശനം റദ്ദാക്കുകയും ചെയ്തിരുന്നു. പ്രവേശനം നേടിയ 180 വിദ്യാർത്ഥികളെ പുറത്താക്കാനുളള നിർദേശവും കോടതി നൽകിയിരുന്നു.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടു വച്ച ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ പ്രവേശനം നടത്തിയ നടപടിയാണ് സുപ്രീം കോടതി തടഞ്ഞത്. 2016-17 വര്‍ഷത്തേക്ക് ഈ രണ്ടു കോളേജുകളിലേക്കുമുള്ള പ്രവേശനം കോടതി തടയുകയും ചെയ്തിരുന്നു. ഇതിനെ മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഓർഡിനൻസിലൂടെ ഈ കോളേജുകളിലേക്ക് വിദ്യാർത്ഥി പ്രവേശനം നടത്താനായിരുന്നു സർക്കാരിന്റെ ശ്രമം.

സർക്കാരിന്റെ ഓർഡിനൻസിനെതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്. മെഡിക്കൽ കൊളേജുകൾക്ക് പ്രത്യക്ഷത്തിൽ സാധിക്കാത്തത് പരോക്ഷമായി ചെയ്തു കൊടുക്കാൻ ആണ് സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കിയതെന്നും മറ്റ് സംസ്ഥാനങ്ങളും ഈ പാത പിന്തുടർന്നാൽ രാജ്യത്ത് നിയമവിരുദ്ധമായി നേടിയ എല്ലാ മെഡിക്കൽ പ്രവേശനവും അനുവദിച്ചു കൊടുക്കേണ്ടി വരുമെന്നുമാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ മെഡിക്കൽ കൗൺസിൽ ആരോപിച്ചത്. ഈ ഹർജിയിൽ വാദം കേട്ട കോടതി ഓർഡിനൻസ് സ്റ്റേ ചെയ്യുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.