ന്യൂഡൽഹി: കണ്ണൂർ, കരുണ മെഡിക്കൽ കോളേജിലെ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രവേശനം നേടിയ 180 വിദ്യാർത്ഥികളെയും പുറത്താക്കണമെന്ന് കോടതി നിർദേശിച്ചു. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും സർക്കാരിന്റെ ബിൽ നിയമ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനം അംഗീകരിച്ച് നിയമസഭയിൽ ബുധനാഴ്ച ബിൽ പാസാക്കിയിരുന്നു. ഐക്യകണ്ഠ്യേനയാണു ഇതുമായി ബന്ധപ്പെട്ട ബിൽ നിയമസഭ പാസാക്കിയത്. ബിൽ ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി തയ്യാറായില്ല.

കോളേജുകളിലേക്കുളള പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയതാണ്. അഡ്മിഷൻ കമ്മിറ്റിക്ക് പിന്നെ എങ്ങനെയാണ് ഇതിന്മേൽ തീരുമാനം എടുക്കാൻ സാധിക്കുക. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കാത്തത് കൊണ്ട് നിയമമായിട്ടില്ല. അതുകൊണ്ടു തന്നെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

രണ്ടു കോളജുകളിലും ചട്ടം ലംഘിച്ചു നടത്തിയ വിദ്യാർഥികളുടെ പ്രവേശനം ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും ജെയിംസ് കമ്മിറ്റിയുടെ തീരുമാനം ശരിവച്ചിരുന്നു. അതിനു പിന്നാലെയാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്. ഇതു ചോദ്യം ചെയ്താണ് മെഡിക്കൽ കൗൺസിൽ സുപ്രീം കോടതിയെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.