തൃശ്ശൂർ: കഴിഞ്ഞ വർഷം കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലഭിച്ച ബാലാവകാശ കമ്മിഷന്റെ പേരിലുളള അപ്പീലുകളിൽ പകുതിയും വ്യാജം. തൃശ്ശൂർ കലോത്സവത്തിൽ വ്യാജ അപ്പീലുകൾ പിടികൂടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

കഴിഞ്ഞ വർഷം ബാലാവകാശ കമ്മിഷൻ അനുവദിച്ച അപ്പീലുകൾ 67 എണ്ണം മാത്രമാണ്. ബാലാവകാശ കമ്മിഷന്റെ പേരിൽ ആകെ മത്സരിച്ചത് 116 പേരും. വിശദമായ അന്വേഷണത്തിൽ ബാലാവകാശ കമ്മിഷന്റെ അപ്പീലുമായി മത്സരിച്ചത് 58 പേർ മാത്രമാണെന്നും മറ്റുളളവർ വ്യാജ അപ്പീലുമായാണ് മത്സരിച്ചതെന്നും ക്രൈം ബ്രാഞ്ചിന് മനസിലായി.

ഗ്രൂപ്പിനങ്ങളിലും വ്യാജ ഉത്തരവുകളിൽ മത്സരിച്ചവരുണ്ട്. വ്യാജ ഉത്തരവുകളുമായി മത്സരിച്ച വിദ്യാർത്ഥികൾ എ ഗ്രേഡ് ലഭിച്ചിട്ടുണ്ടെങ്കിൽ ഇവർക്ക് എസ്എസ്എൽസി പരീക്ഷയ്ക്ക് 30 മാർക്ക് അധികമായി ലഭിക്കും. ഈ അധികമാർക്ക് വഴി പ്ലസ് ടുവിന് പ്രവേശനം നേടിയവരും ഉണ്ടാകും.

വ്യാജ ഉത്തരവുമായി മത്സരിച്ചവരെ കണ്ടെത്തി അധികമാർക്ക് കുറയ്ക്കുമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കിയിരിക്കുന്നത്. തൃശ്ശൂരിൽ കലോത്സവത്തിനിടെ പിടിയിലായ നൃത്താധ്യാപകരായ ജോബിന്‍ ജോര്‍ജ്, സൂരജ് എന്നിവര്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലാണ്. ഒന്നാം പ്രതി തിരുവനന്തപുരം വട്ടപ്പാറ കണക്കോട് ചിലക്കാട്ടില്‍ വീട്ടില്‍ സതികുമാർ ഒളിവിലാണ്. ഇയാൾ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേസില്‍ നൃത്താധ്യാപകരായ വൈശാഖന്‍, മുനീര്‍ എന്നിവരും പിടിയിലാകാനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ