കണ്ണൂർ: ഇരിട്ടിയിൽ വീണ്ടും കാട്ടാന, ഭയത്തിന്റെ മുനയിൽ നാട്ടുകാർ. നാട്ടിലിറങ്ങിയ ഒറ്റയാൻ ഇരിട്ടിയിലെ കാക്കയങ്ങാട്, ചാക്കാട് പ്രദേശത്ത് ഭീതി വിതച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് നാട്ടിലിറങ്ങിയ കാട്ടാനയെ നാട്ടുകാർ കണ്ടത്.
കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയ്സകനായ ഒരാൾക്ക് പരുക്കേറ്റു. കാലിനും വയറിനും ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ വലിയമറ്റം സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ നടക്കാനിറങ്ങിയതായിരുന്നു ഇയാൾ. റോഡിൽ ബോധം കെട്ടു കിടന്ന നിലയിലാണ് നാട്ടുകാർ ഇയാളെ കണ്ടെത്തയിത്.
ആറളം ഫാമിലൂടെയാണ് കാട്ടാന നാട്ടിലേയ്ക്ക് വരുന്നതെന്ന് നാട്ടുകാർ പറയുന്നു. കാട്ടിൽ നിന്നും പുഴകടന്നാണ് കാട്ടാന നാട്ടിലെത്തിയത്. ഇവിടെ എത്തിയ കാട്ടാന വനംവകുപ്പിന്റെ ഒരു ജീപ്പും തകർത്തിട്ടുണ്ട്. അതിനുളളിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ രക്ഷപ്പെട്ടു. ഡ്രൈവർ മജൂംദാറും മറ്റൊരു ജീവനക്കാരനായ രാജീവും ആണ് ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. പറമ്പിൽ കെട്ടിയിട്ടിരുന്ന ഒരു പശുക്കിടാവ് ആനയുടെ ആക്രമണത്തിൽ മരിച്ചു.

ആറ് മാസം മുമ്പ് ഇതേ സ്ഥലത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. അന്ന് കുറച്ച് പ്രദേശങ്ങളിലെ കൃഷിയും രണ്ട്, മൂന്ന് വീടുകളുടെ മതിലും കാട്ടാനക്കൂട്ടം തകർത്തിരുന്നു. അന്ന് രാത്രിയോടെയാണ് കാട്ടാനക്കൂട്ടത്തെ തിരികെ കാട്ടിലേയ്ക്ക് മടക്കി വിടാൻ സാധിച്ചത്. ഇന്നിറങ്ങിയ കാട്ടാനെയെയും പടക്കം പൊട്ടിച്ച് കാട്ടിലേയ്ക്ക് കയറ്റിവിടാൻ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും രംഗത്തുണ്ട്. ഈ ഭാഗത്ത് പുല്ല് വളർന്ന് നിൽക്കുന്ന മൈതാനത്താണ് ആന ഇപ്പോഴുളളത്. അവിടെ നിന്നും അതിനെ ഓടിച്ച് കാറ്റിലേയ്ക്ക് കയറ്റാനാണ് ശ്രമം നടത്തുന്നത്.