കൊച്ചി: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബർ 9 ന് ഉദ്ഘാടനം നടത്താനാണ് തീരുമാനം. റൺവേയുടെ നീളം ഇപ്പോൾ 3050 ആണ്. ഇത് ഉദ്ഘാടനത്തിന് മുൻപ് തന്നെ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

റൺവേ നാല് കിലോമീറ്ററാക്കാനാണ് തീരുമാനം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ റൺവേയുടെ നീളം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഇടതുപക്ഷം ഉന്നയിച്ചിരുന്നു. എന്നാൽ അന്നത്തെ സർക്കാർ ഇത് അംഗീകരിച്ചിരുന്നില്ല. ഇടതുപക്ഷം ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

കണ്ണൂർ വിമാനത്താവളത്തിന് ഏറോഡ്രാം ലൈസൻസ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇന്നലെയാണ് നൽകിയത്. പരീക്ഷണപ്പറക്കൽ വിജയമായതിന്റെ പശ്ചാത്തലത്തിലാണ് അനുമതി ലഭിച്ചത്.

ലൈസൻസ് അനുവദിക്കുന്നതിനു മുന്നോടിയായി വിമാനത്താവളത്തിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കാലിബറേഷൻ വിമാനം ഉപയോഗിച്ചുളള പരിശോധന വിജയകരമായിരുന്നു. സുരക്ഷിതമായി പറന്നിറങ്ങാൻ വിമാനങ്ങൾക്ക് നിർദേശങ്ങൾ കൈമാറുന്ന സംവിധാനമായ ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റത്തിന്റെ (ഐഎൽഎസ്) കൃത്യത പരിശോധിക്കുന്നതിനാണ് വിമാനം എത്തിയത്. ഇതു വിജയകരമായതോടെ വലിയ യാത്രാ വിമാനം ഉപയോഗിച്ചുളള പരീക്ഷണ ലാൻഡിങ് നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.