കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. വാർഷികാഘോഷ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം ഡിസംബർ ഒമ്പതിനായിരുന്നു കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. വിപുലമായ പരിപാടികളാണ് ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഇന്ന് കിയാൽ സംഘടിപ്പിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് നാലാമതൊരു വിമാനത്താവളം വേണോ എന്ന് ചോദിച്ചവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് കണ്ണൂർ വിമാനത്താവളത്തിന്റെ വിജയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടതാണ്. നിർഭാഗ്യവശാൽ അനുമതി ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Kannur Airport

ആദ്യ ഒൻപത് മാസം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരും അൻപതോളം സർവീസുകളുമായി രാജ്യത്തെ വ്യോമയാന ചരിത്രത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കണ്ണൂരിന് കഴിഞ്ഞു. എന്നാൽ വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താനുള്ള കേന്ദ്രാനുമതി ലഭിക്കാത്തതും ഡ്യൂട്ടിഫീ ഷോപ്പുകളടക്കം ആരംഭിക്കാത്തതും കണ്ണൂരിന്റെ പ്രധാന പോരായ്മകളാണ്.

വിപുലമായ പരിപാടികളാണ് ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഇന്ന് കിയാൽ സംഘടിപ്പിച്ചിട്ടുള്ളത്. ആർട്ട് ഗാലറി, ഇന്റർനാഷണൽ ലോഞ്ച്, ടൂറിസം ഇൻഫർമേഷൻ കൗണ്ടർ, സൗജന്യ വൈഫൈ സേവനം എന്നിവയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കണ്ണൂർ വിമാനത്താവളത്തിന് മുന്നിൽ ഇന്ത്യൻ എയർഫോഴ്സ് നൽകിയ പ്രദർശന വിമാനത്തിന്റെ അനാച്ഛാദനവും ഇന്ന് നടക്കും. ഉദ്ഘാടന ദിവസം അബുദാബിയിലേക്കുള്ള ആദ്യവിമാനത്തിൽ യാത്രചെയ്തവർ ഇന്ന് വീണ്ടും അതേ വിമാനത്തിൽ ഒത്തുചേരുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.