കണ്ണൂര്‍: കണ്ണൂരില്‍ നിന്നുള്ള എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാന ടിക്കറ്റ് ബുക്കിങ് 12 മുതല്‍ ആരംഭിക്കും. വിമാന ഷെഡ്യൂള്‍ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അംഗീകരിച്ചതോടെയാണ് തിയതി സംബന്ധിച്ച് വ്യക്തതയായത്.

ഇന്നലെ വൈകിട്ട് 6.30ഓടെയാണ് അനുമതി വിവരം ഡി.ജി.സി.എയില്‍ നിന്ന് എയര്‍ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ക്കു ലഭിച്ചത്. നേരത്തേ നവംബര്‍ 9 മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കാനായിരുന്നു തീരുമാനം. ഇന്നും നാളെയും അവധിയായതിനാല്‍ 12നു രാവിലെ ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയ ഉടന്‍ ബുക്കിങ് ആരംഭിക്കുമെന്ന് എയര്‍ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.

സാങ്കേതിക അനുമതി ലഭിച്ചാല്‍ ഇന്നലെ തന്നെ ബുക്കിങ് ആരംഭിക്കാനായിരുന്നു അധികൃതരുടെ നീക്കം. എന്നാല്‍ ഉത്തരവായ വിവരം ലഭിക്കാന്‍ വൈകി. ഉദ്ഘാടന ദിവസമായ ഡിസംബര്‍ ഒന്‍പതിനു കണ്ണൂരില്‍ നിന്നുള്ള ഷെഡ്യൂളുകളിലും എയര്‍ഇന്ത്യാ എക്‌സ്പ്രസ് മാറ്റംവരുത്തി. രാവിലെ 10ന് പുറപ്പെടുന്ന ആദ്യവിമാനം യു.എ.ഇ സമയം ഉച്ചക്ക് 12.30ന് അബൂദബിയിലെത്തും. യു.എ.ഇ സമയം 1.30ന് അബൂദബിയില്‍നിന്നു പുറപ്പെട്ട് രാത്രി ഏഴിന് എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെ ആദ്യവിമാനം യാത്രക്കാരുമായി കണ്ണൂരില്‍ പറന്നിറങ്ങും.

അതേ വിമാനം അന്നുരാത്രി ഒന്‍പതിന് റിയാദിലേക്കു തിരിക്കും. നേരത്തെ പുറത്തിറക്കിയ ഷെഡ്യൂളില്‍ റിയാദിലേക്കു കണ്ണൂരില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് ഉണ്ടായിരുന്നില്ല. ദുബൈ, ഷാര്‍ജ, മസ്‌കത്ത്, ദോഹ എന്നിവിടങ്ങളിലേക്കാണു കണ്ണൂരില്‍നിന്ന് എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെ മറ്റു രാജ്യാന്തര സര്‍വിസ്. ആഴ്ചയില്‍ നാല് സര്‍വീസുകളുണ്ടാകും. ദുബായിലേക്കും ഷാര്‍ജയിലേക്കും പ്രതിദിന സര്‍വീസ് ഉണ്ടാകും. മസ്കറ്റിലേക്ക് ആഴ്ചയില്‍ മൂന്ന്, ദോഹയിലേക്ക് ആഴ്ചയില്‍ നാല്, റിയാദിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുമുണ്ടാകും.

അതേസമയം ദുബൈയിലേക്കുള്ള സര്‍വിസ് ജനുവരിയില്‍ തുടങ്ങാനാണു സാധ്യതയെന്നും എയര്‍ഇന്ത്യാ എക്‌സ്പ്രസ് പ്രതിനിധി അറിയിച്ചു. കണ്ണൂരിനായി എയര്‍ഇന്ത്യാ എക്‌സ്പ്രസ് വാങ്ങിയ 763-800 വിമാനം ഡിസംബര്‍ എട്ടിനു വിമാനത്താവളത്തില്‍ എത്തിക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.