കണ്ണൂര്‍: ആന്തൂര്‍ വിവാദ വിഷയത്തിലെ വിവാദങ്ങള്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദനും ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയും ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. ജില്ലാ കമ്മിറ്റി യോഗത്തില്‍ പി.കെ.ശ്യാമളയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉയരാനാണ് സാധ്യത. പി.ജയരാജന്‍ ഉന്നയിച്ച വിമര്‍ശനങ്ങളും ചര്‍ച്ചയാകും. ശ്യാമളയ്ക്ക് വീഴ്ച സംഭവിച്ചതായാണ് ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. ഇതില്‍ നടപടി സ്വീകരിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. നഗരസഭാ അധ്യക്ഷ സ്ഥാനത്തുനിന്ന് ശ്യാമളയെ മാറ്റണമെന്നും ആവശ്യം ഉയര്‍ന്നേക്കാം.

Read Also: ആത്മഹത്യ ചെയ്ത സാജന്റെ ഓഡിറ്റോറിയത്തില്‍ നാല് ചട്ടലംഘനം

അതേസമയം, ആന്തൂരില്‍ ജീവനൊടുക്കിയ പ്രവാസി വ്യവസായി സാജന്റെ കെട്ടിടത്തില്‍ ചട്ടലംഘനം ഉണ്ടെന്നുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സാജന്റെ പാര്‍ഥ ഓഡിറ്റോറിയത്തില്‍ നാല് ചട്ടലംഘനമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചീഫ് ടൗണ്‍ പ്ലാനര്‍ വിജിലന്‍സിന്റെയാണ് റിപ്പോര്‍ട്ട്. ചീഫ് ടൗണ്‍ പ്ലാനര്‍ റിപ്പോര്‍ട്ട് തദ്ദേശ സ്വയംഭരണ മന്ത്രിക്ക് കൈമാറി.

പാര്‍ഥ ഓഡിറ്റോറിയത്തിലേക്കുള്ള റാമ്പിന്റെ ചരിവ് കുറവാണ്. ബാല്‍ക്കണിയുടെ കാര്‍പ്പറ്റ് ഏരിയ കൂടുതലാണ്. ആവശ്യത്തിന് ശുചിമുറികളില്ല എന്നിവയാണ് റിപ്പോര്‍ട്ടില്‍ പറയുന്ന ന്യൂനതകള്‍. ഇത് പരിഹരിച്ചാല്‍ അനുമതി നല്‍കാമെന്ന് ചീഫ് ടൗണ്‍ പ്ലാനര്‍ അറിയിച്ചു. അനുമതി നല്‍കാതെ നീട്ടിക്കൊണ്ടുപോകാന്‍ മാത്രം ഗുരുതരമായ ചട്ടലംഘനങ്ങളല്ല ഇവ.

Read Also: ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ പരാമര്‍ശം നടത്തിയിട്ടില്ല: ജെയിംസ് മാത്യു എംഎല്‍എ

പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ കടുത്ത നിലപാടുമായി ഹൈക്കോടതി രംഗത്ത് വന്നിരുന്നു. വ്യവസായി സാജന്റെ മരണം നടുക്കവും അസ്വസ്ഥതയും ഉണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട കോടതി ജൂലൈ 15 നകം റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സംഭവത്തില്‍ കോടതിക്ക് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.