കണ്ണൂർ: കണ്ണൂരിലെ കൂട്ടമരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മൂത്ത മകൻ സൂരജിനെ കെട്ടിത്തൂക്കിയത് ജീവനോടെയാണെന്നും മറ്റു രണ്ടു കുട്ടികളായ സുജിൻ, സുരഭി എന്നിവരെ കെട്ടിത്തൂക്കുമ്പോൾ ജീവനുണ്ടായിരുന്നില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടികൾക്ക് ഭക്ഷണത്തിൽ ഉറക്കഗുളിക നൽകിയിരുന്നു. മക്കളെ കൊലപ്പെടുത്തിയതിനുശേഷമാണ് ശ്രീജയും ഷാജിയും തൂങ്ങിമരിച്ചത്.
ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പാടിയോട്ടുചാൽ വാച്ചാലിൽ അമ്മയും 3 കുട്ടികളുമടക്കം ഒരു കുടുംബത്തിലെ നാലു പേരെയും ഒപ്പം താമസിക്കുന്ന സുഹൃത്തിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജ (38), സുഹൃത്തായ ഷാജി (40), ശ്രീജയുടെ മക്കളായ സൂരജ് (12), സുജിൻ (10), സുരഭി (8) എന്നിവരാണ് മരിച്ചത്.
രണ്ടാഴ്ച മുൻപാണ് ഷാജിയും ശ്രീജയും വിവാഹിതരായത്. ശ്രീജയുടെ ആദ്യ ഭർത്താവ് സുനിലിന്റെ പേരിലുള്ള വീട്ടിലായിരുന്നു ശ്രീജയും സുഹൃത്തും കുട്ടികൾക്കൊപ്പം താമസിച്ചത്. ഈ വീട്ടിൽ നിന്ന് ഇറങ്ങാൻ സുനിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ ചൊല്ലി സുനിലും ശ്രീജയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ് ഷാജി. ശ്രീജയും നിർമാണത്തൊഴിലാളിയായ ഷാജിയും തമ്മിൽ പരിചയപ്പെട്ടിട്ട് 8 മാസമേ ആയിട്ടുള്ളൂവെന്നു പൊലീസ് പറഞ്ഞു.
ശ്രീജയെയും ഷാജിയെയും വീട്ടിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് സുനിൽ ചെറുപുഴ പൊലീസിനു പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ച് കാര്യങ്ങള്‍ സംസാരിക്കാനായി ശ്രീജയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ, കുട്ടികളെ കൊന്നതായും ഷാജിയും താനും ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും രാവിലെ 6 മണിയോടെ ശ്രീജയും ഷാജിയും പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചു. പൊലീസ് പെട്ടെന്നുതന്നെ വീട്ടിൽ എത്തിയെങ്കിലും ആരെയും രക്ഷിക്കാനായില്ല.