കണ്ണൂര്‍: അഞ്ച് യു പി സ്കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെ 79 വര്‍ഷം കഠിനതടവിനു ശിക്ഷിച്ച് കോടതി. പെരിങ്ങോം ആലപ്പടമ്പ് ചൂരല്‍ സ്വദേശി പി ഇ ഗോവിന്ദന് നമ്പൂതിരി(50)യെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. പ്രതി 2.75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജഡ്ജി പി മുജീബ് റഹ്മാന് ഉത്തരവിട്ടു.
തളിപ്പറമ്പ് മേഖലയിലെ ഒരു സ്കൂളിലെ വിദ്യാര്‍ഥിനികളെ നിരന്തരം പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെയാണു കുട്ടികള്‍ പീഡനത്തിനിരയായത്. സംഭവത്തെത്തുടര്‍ന്ന് ഗോവിന്ദനെ സര്‍വീസില്‍നിന്ന് നീക്കിയിരുന്നു.
അഞ്ച് വിദ്യാര്‍ഥിനികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയിരുന്നെങ്കിലും നാല് കേസുകളിലാണ് ഗോവിന്ദന് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ഒരു കുട്ടി കൂറുമാറിയിരുന്നു.
ശിക്ഷിക്കപ്പെട്ട നാല് കേസുകളില്‍ മൂന്നെണ്ണത്തില്‍ പോക്സോ, ബാലനീതി നിയമം ഉൾപ്പെടെയുള്ള നിയമങ്ങളിലെ നാല് വകുപ്പുകളും നാലാമത്തേതില്‍ മൂന്നു വകുപ്പുകളും പ്രകാരമാണു കുറ്റക്കാരനെന്നു കണ്ടെത്തിയത്.
മൂന്ന് കേസില്‍ മൂന്നു വകുപ്പുകള്‍ പ്രകാരം ഏഴു വര്‍ഷം വീതവും മറ്റൊരു വകുപ്പ് പ്രകാരം ആറു മാസവുമാണു ശിക്ഷ. നാലാമത്തെ കേസില്‍ രണ്ടു വകുപ്പുകള്‍ പ്രകാരം ഏഴു വര്‍ഷം വീതവും മറ്റൊരു വകുപ്പ് പ്രകാരം ആറു മാസവും ശിക്ഷിച്ചു. ഇങ്ങനെ മൊത്തത്തിലാണു 79 വര്‍ഷം തടവ്.
എന്നാല്‍ പ്രതി ഏഴു വര്‍ഷം മാത്രം ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. ഓരോ വകുപ്പിലെയും ശിക്ഷ മൊത്തത്തില്‍ അനുഭവിച്ചാല്‍ മതി എന്നതുകൊണ്ടാണ് ഇത്. ഓരോ കേസിലും ബന്ധപ്പെട്ട വകുപ്പുകളില്‍ 25,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കേസിലെ മറ്റു പ്രതികളായ സ്കൂള്‍ പ്രധാന അധ്യാപികയെയും ഹെല്പ് ഡെസ്ക് ചുമതലയുള്ള അധ്യാപികയെയും കോടതി വെറുതെ വിട്ടു. കുട്ടികള്‍ പീഡനത്തിനിരയായെന്ന പരാതി കിട്ടിയിട്ടും യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്നായിരുന്നു ഇവര്‍ക്കെതിരായ കുറ്റം.