കണ്ണൂര്‍: ദക്ഷിണ കൊറിയയോടേറ്റ ഏകപക്ഷീയമായ രണ്ട് ഗോളിന്‍റെ പരാജയത്തില്‍ ലോകകപ്പില്‍ നിന്നും പുറത്തേക്ക് പോയ ജർമ്മനിയുടെ ആരാധകരുടെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. പകച്ചു നില്‍ക്കുന്ന ആരാധകരോട് കണ്ണൂര്‍ കലക്‌ടറായ മിര്‍ മുഹമ്മദ് അലിയുടെ നിർദ്ദേശമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ജര്‍മനിയുടെ തോല്‍വിക്ക് പിന്നാലെ നഗരത്തിലെ ഫ്ലക്‌സ് നീക്കാനാണ് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടത്. ‘കണ്ണൂരിലെ എല്ലാ ജർമ്മൻ ആരാധകരും ജർമ്മൻ ടീമിന് വേണ്ടി വച്ച എല്ലാ ഫ്ളക്‌സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’, കലക്‌ടര്‍ കുറിച്ചു.

ജില്ലയിൽ പൂർണമായി പ്ലാസ്റ്റിക് നിരോധിക്കുന്നതി​ന്റെ ഭാഗമായി കണ്ണൂരില്‍ ഫ്ലക്‌സുകള്‍ നിരോധിച്ചിരുന്നു. ലോകകപ്പ് തുടങ്ങിയപ്പോള്‍ നഗരത്തില്‍ ഫ്ലക്‌സുകള്‍ ഉയര്‍ന്നത് ജില്ലാ ഭരണകൂടത്തിന് തലവേദനയാകുകയും ചെയ്‌തു. തുടര്‍ന്ന് പൊലീസ് നിരവധി കൂറ്റന്‍ ഫ്ലക്‌സുകള്‍ നീക്കം ചെയ്‌തിരുന്നു. എന്നാല്‍ ഒന്ന് നീക്കം ചെയ്യുമ്പോള്‍ മറ്റൊന്നായി ഫ്ലക്‌സുകള്‍ ഉയര്‍ന്നു. ഇതിനിടെയാണ് ജർമ്മനിയുടെ പുറത്താവല്‍.

ദക്ഷിണ കൊറിയയാണ് ജർമ്മനിയെ അട്ടിമറിച്ചത്. തുടക്കം മുതല്‍ പ്രതിരോധത്തിലായിരുന്നു കൊറിയയുടെ ശ്രദ്ധ. നാല് പ്രതിരോധതാരത്തിന് പുറമേ രണ്ട് ഡിഫന്‍സീവ് സ്വഭാവമുള്ള മധ്യനിരയും ചേര്‍ന്ന് ആറുപേര്‍ അടങ്ങുന്ന ഒരു പ്രതിരോധ നിരയാണ് കൊറിയയുടേത്‌. ഓസിലും റോയിസും വെര്‍ണറും ഗോരെറ്റ്സ്കയുമടങ്ങിയ ജർമ്മനിയുടെ ക്രിയാത്മകമായ മുന്നേറ്റനിരയെ നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ അവര്‍ക്കായി.
തുടക്കത്തില്‍ തന്നെ ലഭിച്ച ഫ്രീകിക്കില്‍ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കൊറിയയ്‌ക്ക് ഗോള്‍ നഷ്‌ടമായത്. ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ തടുത്ത പന്ത് റീബൗണ്ട് ചെയ്‌ത് കൊറിയന്‍ താരത്തിന്റെ കാലിലേക്ക്. നോയറിന്റെ അവസാന സെക്കന്റ് സേവ് !

രണ്ടാം പകുതിയില്‍ തന്നെ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച ലിയോണ്‍ ഗോരേറ്റ്സ്കയുടെ ഹെഡ്ഡര്‍ തലനാരിഴയ്‌ക്കാണ് കൊറിയന്‍ പോസ്റ്റ്‌ കടന്നുപോയത്. വൈകാതെ തന്നെ ഖെദീരയ്‌ക്ക് പകരം ഗോമസിനെ ഇറക്കിക്കൊണ്ട് ജർമ്മനി തങ്ങളുടെ മുന്നേറ്റത്തിന് മൂര്‍ച്ചകൂട്ടി. മരിയോ ഗോമസും പിന്നീട് പകരക്കാരനായി ഇറങ്ങിയ തോമസ്‌ മുള്ളറും അക്രമത്തില്‍ തങ്ങളുടെ പങ്ക് നിര്‍വഹിച്ചു.

85-ാം മിനിറ്റില്‍ മാറ്റ്സ് ഹുമ്മല്‍സിന് മറ്റൊരു സുവര്‍ണാവസാരം. കൊറിയന്‍ ബോക്‌സിനകത്ത് ലഭിഹ ഓപണ്‍ ഹെഡ്ഡര്‍ ബയേണ്‍ മ്യൂണിക് താരം നഷ്‌ടപ്പെടുത്തുന്നു. 90 മിനിറ്റ് കഴിഞ്ഞുള്ള അധികസമയത്തില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് കിം യോങ് വോണ്‍ ജര്‍മന്‍ പോസ്റ്റിലേക്ക് അടിച്ചുകയറ്റുന്നു. ഓഫ്സൈഡ് എന്ന് ജര്‍മനി വാദിച്ചെങ്കിലും വീഡിയോ റഫറിങ്ങില്‍ വിധി ജർമ്മനിക്ക് അനുകൂലം.

90 മിനിറ്റ് കഴിഞ്ഞുള്ള അധികസമയത്തില്‍ ജർമ്മനിയുടെ റഷ്യന്‍ സ്വപ്‌നങ്ങള്‍ക്ക് മേല്‍ അവസാനത്തെ ആണി. കൊറിയന്‍ പോസ്‌റ്റിനരികില്‍ ലഭിച്ച ഫ്രീകിക്കിനായി ജർമ്മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ അടക്കമുള്ള താരങ്ങള്‍ കൊറിയന്‍ പോസ്‌റ്റിനരികില്‍ നിലയുറപ്പിക്കുന്നു. സെറ്റ് പീസില്‍ കാലിലൊതുക്കിയ പന്തുമായി കൊറിയയുടെ കൗണ്ടര്‍ അറ്റാക്ക് ! ആളില്ലാ പോസ്റ്റില്‍ സോങ് ഹ്യൂങ് വൂമിന്‍റെ ഗോള്‍ ! അങ്ങനെ ഗ്രൂപ്പ് തല മൽസരത്തില്‍ പരാജിതരായി ചാമ്പ്യന്മാരുടെ റഷ്യന്‍ സ്വപ്‌നങ്ങള്‍ക്ക് അവസാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ