തിരുവനന്തപുരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കുന്ന ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരു തടവുകാരന്‍ തനിക്ക് കത്ത് അയച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പേര് പുറത്തുപറയരുതെന്ന് പറഞ്ഞത് കൊണ്ട് തന്നെ സ്വകാര്യവിവരങ്ങള്‍ ചെന്നിത്തല വ്യക്തമാക്കിയില്ല. ലഹരിയുടെ തലസ്ഥാനമായി കണ്ണൂർ സെൻട്രൽ ജയിൽ മാറിക്കഴിഞ്ഞു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് സെഷൻസ് ജഡ്ജ് സാക്ഷ്യപ്പെടുത്തി അയച്ച കത്തിലുള്ളതെന്ന് ചെന്നിത്തല തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
രാത്രിയായാൽ ഡാൻസ് ബാറിന്റെ അന്തരീക്ഷമാണ്. പൊതുവായി ഉപയോഗിക്കുന്ന മുറിയിൽ കഞ്ചാവിന്റെയും ബീഡിയുടെയും പുക നിറഞ്ഞു നിൽക്കും. ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ നിന്ന് ഉച്ചത്തിൽ പാട്ട് കേൾക്കുന്നതിനും കഞ്ചാവ് വലിക്കുന്നതിനും എതിരായി ചെറിയ ശബ്ദം പോലും ഉയരില്ല. കണ്ണൂർ ജയിലിനെ ലഹരിയുടെ ഷോപ്പിംഗ് മാൾ എന്നാണ് കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറയുന്നു.
ജയിലിൽ 600 മൊബൈൽ ഫോണെങ്കിലും ഉപയോഗിക്കപ്പെടുന്നുണ്ട്. ഏഴാം ബ്ലോക്കിൽ മൊബൈൽ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു തടവുകാരൻ ഷോക്ക് അടിച്ചു വീണിട്ടു കുറെ നേരത്തേയ്ക്ക് ആരും അറിഞ്ഞില്ല. കോടതിയെ വിവരം ധരിച്ച ശേഷം സ്വിച്ച് ബോർഡ് പുറം വരാന്തയിലേക്ക് മാറ്റി സ്ഥാപിച്ചു. രാത്രി 9 മണിക്കാണ് ടിവി ഓഫ് ചെയ്യേണ്ടത്. പക്ഷെ പലരും പുലരുവോളം പരിധിയില്ലാതെ ഉപയോഗിക്കുകയാണ് നിലവിൽ ചെയ്യുന്നതെന്നും തടവുകാരന്‍ എഴുതിയ കത്തില്‍ പറയുന്നതായി ചെന്നിത്തല വ്യക്തമാക്കുന്നു.
ഒരു പൊതി ബീഡി പുറമെ നിന്ന് എത്തിച്ചു കൊടുക്കുന്ന ആൾക്ക് 100 രൂപയാണ് പ്രതിഫലം. അടുത്ത തടവുകാരൻ മറിച്ചു വിൽക്കുമ്പോൾ 200 ആകും. 20 കെട്ട് വീതമുള്ള 2 ബണ്ടിലുകളാണ് കടത്തുന്നത്. ഇതിനു സഹായിക്കുന്ന ഉദ്യോഗസ്ഥർക്ക് എല്ലാദിവസവും 4000 രൂപ ലഭിക്കാവുന്ന ബിസിനസ് ആയി മാറിക്കഴിഞ്ഞു. ഒരു പ്രധാന നേതാവിന്റെ ഫോട്ടോ തലക്കൽ ഭാഗത്ത് ഒട്ടിച്ചു വച്ചാണ് ഈ അനധികൃത കച്ചവടമെന്നും കത്തില്‍ പറഞ്ഞതായി ചെന്നിത്തല കൂട്ടിച്ചേര്‍ക്കുന്നു.
ജയിലിനുള്ളിലേക്കുള്ള പച്ചക്കറി , മീൻ ,ഇറച്ചി എന്നിവ ഡോക്റ്റർ പരിശോധിക്കണം എന്നാണ് ചട്ടം. പക്ഷെ ഒരു തടവുകാരൻ ആണ് പരിശോധിക്കുന്നത്. ചീഞ്ഞതല്ല എന്ന് അയാൾക്ക് ബോധ്യപ്പെടാൻ , അയാൾ പറയുന്ന അളവിൽ പാൻമസാലകൾ എത്തിച്ചു കൊടുക്കണം. പുറത്തു ലഭിക്കുന്നതിനേക്കാൾ ആംപ്യൂൾ ,കഞ്ചാവ് ബീഡി എന്നിവയൊക്കെ അകത്ത് സുലഭം. എക്സൈസ് കമ്മീഷണർ ഋഷി രാജ് സിങ്ങിനും വിവരങ്ങൾ കൈമാറിയെന്ന് എഴുത്തിൽ പങ്ക് വയ്ക്കുന്നുണ്ടെന്നും ചെന്നിത്തല പറയുന്നു.
ഇടതുപക്ഷ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നടപടിക്രമങ്ങൾ കീഴ്മേൽ മറിയുകയും അച്ചടക്ക ലംഘനം നിരന്തരം ഉണ്ടാവുകയും ചെയ്യുന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ തടവുകാരന്റെ കത്ത്. രാഷ്ട്രീയ മുഖം നോക്കാതെ ശക്തമായ നടപടിയാണ് ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. നേരത്തേയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ചട്ടലംഘനങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.