കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്കുസമീപം ഇന്നു രാവിലെയായിരുന്നു അപകടം.
ഗർഭിണിയായ റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴാണ് കാർ അപകടത്തിൽപ്പെട്ടത്. ആറുപേരാണ് കാറിലുണ്ടായിരുന്നത്. റീഷയുടെ ഭർത്താവായിരുന്നു കാറോടിച്ചിരുന്നത്. മുൻസീറ്റിലായിരുന്നു ഗർഭിണിയായ റീഷ. മറ്റു നാലുപേർ പുറകിലെ സീറ്റിലായിരുന്നു. കാറിന്റെ വാതിൽ ജാമായതിനാൽ മുൻസീറ്റിലുണ്ടായിരുന്ന പ്രജിത്തിനും റീഷയ്ക്കും രക്ഷപ്പെടാനായില്ല.
പുറകിൽനിന്നും വന്ന വാഹനത്തിലുണ്ടായിരുന്നവരാണ് തീപിടിച്ച വിവരം അറിയിച്ചത്. ഉടൻ തന്നെ പ്രജിത്ത് പുറകിലെ ഡോർ തുറന്നു. ഇതിലൂടെ പുറകിലെ സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാലു കുടുംബാംഗങ്ങളും രക്ഷപ്പെട്ടു. എന്നാൽ മുൻവശത്തെ വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ തീ പടർന്നുപിടിക്കുകയായിരുന്നു.