കണ്ണൂര്‍: തോട്ടടയില്‍ ബോംബേറിനിടെ ജിഷ്ണുവെന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കടമ്പൂര്‍ സ്വദേശി അരുണിനെയാണ് പിടികൂടിയത്. ഇന്നലെ അറസ്റ്റിലായ സനാദിന് ആയുധങ്ങള്‍ നല്‍കിയത് അരുണാണെന്നാണ് പൊലീസ് പറയുന്നത്. തോട്ടട സംഘവുമായുള്ള ഏറ്റമുട്ടലിനിടെ എച്ചൂരില്‍ നിന്നുള്ളവര്‍ സനാദിനെ സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
തോട്ടടയില്‍ യാഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നും പൊലീസ് വിശദീകരണം നല്‍കിയിട്ടുണ്ട്. വിവാഹത്തിന്റെ തലേ ദിവസത്തെ ആഘോഷത്തിനിടെയാണ് എല്ലാത്തിന്റേയും തുടക്കം. തലേന്ന് തോട്ടട, വെച്ചൂര്‍ സംഘങ്ങള്‍ രണ്ട് തവണ ഏറ്റുമുട്ടി. തോട്ടട സംഘത്തിലുള്ളവരാണ് ആദ്യം പ്രശ്നമുണ്ടാക്കിയതെന്നാണ് വിവരം. കൊലപാതകക്കേസിലെ പ്രതികളിലൊരാളായ അക്ഷയ് എന്ന യുവാവിനാണ് ആദ്യം മര്‍ദനമേറ്റത്.
തുടര്‍ന്ന് നാട്ടുകാരനായ റിജോയിയെ അക്ഷയ് കൈയ്യേറ്റം ചെയ്തു. പിന്നട് പ്രശ്നം കൂടുതല്‍ വഷളാകാതെ പരിഹരിക്കുകയായിരുന്നു. എന്നാല്‍ ഇരു സംഘങ്ങളും വീണ്ടും ആക്രമിച്ചു. അറസ്റ്റിലായ മിഥുന്‍ താക്കോലുപയോഗിച്ച് ഒരാളെ കുത്തി പരുക്കേല്‍പ്പിച്ചു. ഇത് കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിച്ചു. ആക്രമണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ് മിഥുന്‍ ബോംബ് നിര്‍മ്മിച്ചതെന്നും പൊലീസ് പറയുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്. മിഥുന്‍, ഗോകുല്‍, സനാദ്, അക്ഷയ് എന്നിവര്‍. ബോംബ് നിര്‍മ്മിച്ചത് താനാണെന്ന് മിഥുന്‍ സമ്മതിച്ചതായി പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംഭവസ്ഥലത്ത് വച്ച് രണ്ട് തവണ ബോംബ് എറിഞ്ഞു. രണ്ടാമത്തെ തവണ എറിഞ്ഞതാണ് അബദ്ധത്തില്‍ ജിഷ്ണുവിന്റെ തലയില്‍ പതിച്ചത്. മൂന്നാമതൊരു ബോംബ് കൂടി പൊലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Also Read: കണ്ണൂരിലെ വിവാഹസംഘത്തിന് നേരെയുള്ള ബോംബേറ്; പുതിയ ദൃശ്യങ്ങൾ പുറത്ത്