scorecardresearch

ചാവശ്ശേരി സ്‌ഫോടനം സഭയിൽ; സംഭവം ദൗർഭാഗ്യകരം, പ്രതിപക്ഷത്തിന് വിഷയദാരിദ്രമെന്ന് മുഖ്യമന്ത്രി

ജാഗ്രതയോടെയുള്ള അന്വേഷണം പൊലീസ് നടത്തുകയും കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Kerala Assembly, Pinarayi Vijayan

തിരുവനന്തപുരം: കണ്ണൂർ ചാവശ്ശേരിയിൽ ആക്രിവസ്തുക്കൾ സൂക്ഷിക്കുന്ന വീട്ടിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ രണ്ടു അസം സ്വദേശികൾ മരിച്ച സംഭവം സഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം. സംഭവത്തിന്റെ ഉത്തരവാദികളെ ഇതുവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎൽഎ അടിയന്തര പ്രമേയ നോട്ടീസ് നൽകി.

ബോംബ് നിര്‍മിച്ചത് ആരെന്നും ആരെ ലക്ഷ്യമിട്ടാണെന്നും കണ്ടെത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്ഫോടനം നടന്നത് സിപിഎം കേന്ദ്രത്തിലാണെന്നും സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ലെന്നും സണ്ണി ജോസഫ് നോട്ടീസ് അവതരിപ്പിച്ചു പറഞ്ഞു.

അതേസമയം, ഉണ്ടായത് തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്ഫോടനം നടന്നത് സിപിഎം കേന്ദ്രമാണെന്ന പ്രമേയ അവതാരകന്റെ വാദം തള്ളി. മേഖല എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട്, ആര്‍ എസ് എസ് തുടങ്ങിയ വര്‍ഗീയ സംഘടനകള്‍ക്ക് ചില പോക്കറ്റുകളുള്ള പ്രദേശങ്ങളാണ്. അവര്‍ പരസ്പരം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ആയുധശേഖരണം നടത്തുകയും ചെയ്യാറുണ്ടെന്ന് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കര്‍ശന നടപടികളിലൂടെ അത്തരം വസ്തുക്കള്‍ കണ്ടെത്തി നിര്‍വീര്യമാക്കാനും സമാധാനം സ്ഥാപിക്കാനും തുടര്‍ച്ചയായ ശ്രമങ്ങളാണ് സര്‍ക്കാര്‍ അവിടെ നടത്തുന്നത്. അതിന് കഴിഞ്ഞിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവര്‍ കണ്ടെത്തിയ ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ ഇത്തരം ശക്തികള്‍ പരസ്പരം പകപോക്കലിനായി സംഭരിച്ചതും ഉപേക്ഷിച്ചതുമായ ആയുധങ്ങളും മറ്റും എവിടെനിന്ന് ലഭ്യമായി, എന്താണ് അതിന്റെ ഉറവിടം എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ കണ്ടെത്താന്‍ ജാഗ്രതയോടെയുള്ള അന്വേഷണം പൊലീസ് നടത്തുകയും കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും വ്യക്തമാക്കി.

വിഷയദാരിദ്ര്യമാണ് പ്രമേയ നോട്ടീസിന് കാരണമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അവരുടെ രാഷ്ട്രീയ നിലപാട് ഉന്നയിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നോട്ടീസില്‍ ‘സി പി ഐ എം കേന്ദ്രത്തില്‍ നിന്ന്’ എന്ന് ഒരിടത്തു പറയുന്നു. മറ്റൊരിടത്തും ഒരു രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചും പരാമര്‍ശിച്ചില്ല. എന്തേ അതൊക്കെ അരാഷ്ട്രീയ ബോംബാണോ? അവിടെയാണ് കോണ്‍ഗ്രസിന്റെ ആര്‍ എസ് എസ് ബന്ധവും വര്‍ഗീയ ശക്തികളോടുള്ള അമിതമായ താത്പര്യവും തെളിയുന്നത്.”

കണ്ണൂര്‍ ജില്ലയില്‍ സമാധാനത്തിന് ഭംഗമുണ്ടാക്കാന്‍ ശ്രമിക്കുന്നത് സി പി എമ്മല്ല. ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നത് ആര്‍ എസ് എസ്സ്, എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവരാണ്. ഇവരെക്കുറിച്ച് എന്തേ നോട്ടീസില്‍ ഒരക്ഷരം പരാമര്‍ശിച്ചില്ല?

കേരളത്തിന്റെ ക്രമസമാധാന നിലയെ കുറിച്ച് ഉത്കണ്ഠ നല്ലതു തന്നെ. ഇടതുപക്ഷത്തിന്റെ എത്രയോ പ്രവര്‍ത്തകര്‍ ഇവിടെ കൊല ചെയ്യപ്പെട്ടു? എത്ര ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു? പ്രതിഷേധ പരിപാടികളെന്ന് പറഞ്ഞു സിപിഐഎമ്മിന്റെ കൊടി പൊതുജനമധ്യത്തില്‍ വെച്ച് കത്തിച്ചില്ലേ? സാമൂഹ്യ മാധ്യങ്ങളില്‍ അത് പ്രചരിപ്പിച്ചില്ലേ? ഒരിക്കലെങ്കിലും അതിനെയൊക്കെ അപലപിച്ചോ? തെറ്റാണെന്ന് പറഞ്ഞോ? 2020 മുതല്‍ ഇന്നേ വരെ ഒമ്പത് സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. എത്ര കൊലപാതകങ്ങളെ നിങ്ങള്‍ അപലപിച്ചു?

ഇതില്‍ അഞ്ച് കൊലപാതകങ്ങള്‍ യുഡിഎഫ് തന്നെയാണ് ചെയ്തത്. കൊലപാതകികളെ സംരക്ഷിക്കാനല്ലേ തയാറായത്? കോളേജ് വിദ്യാര്‍ത്ഥിയായ ധീരജിനെ കൊലപ്പെടുത്തിയപ്പോള്‍ ‘ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം’ എന്ന് പറഞ്ഞതും പോരാ, ധീരജിന്റെ അനുഭവം ഉണ്ടാകും’ എന്ന് ഭീഷണിപ്പെടുത്തിയത് ആരാണ്? ആ നേതാക്കള്‍ ഇപ്പോഴും നിങ്ങളെ നയിക്കുകയല്ലേ? നാല് കൊലപാതകങ്ങള്‍ ആര്‍ എസ് എസ് നടത്തിയപ്പോള്‍ നിങ്ങളൊന്നു മിണ്ടിയോ? നാടിന്റെ ഓര്‍മ്മകള്‍ അങ്ങനെയൊന്നും നശിച്ചു പോകുന്നതല്ല, മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ക്രമസമാധാന നില ഭദ്രമായി പരിപാലിക്കപ്പെടുന്നു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് നിങ്ങള്‍ അനുഭവിക്കുന്ന വിഷയദാരിദ്ര്യം. കേവല സങ്കുചിത രാഷ്ട്രീയ ലക്ഷ്യം വച്ച് ഉന്നയിച്ച തെറ്റായ കാര്യങ്ങളില്‍ നിന്നും യുഡിഎഫ് പിന്മാറണം. കേരളത്തില്‍ ക്രമസമാധാന നില ഭദ്രമാണ്. അത് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നിയമത്തിന്റെ ശക്തമായ കരങ്ങള്‍ ഉയര്‍ന്നുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥനത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

അതേസമയം, പ്രതിപക്ഷത്തിന് വിഷയദാരിദ്യം ഇല്ലെന്ന് വിഡി സതീശന്‍ തിരിച്ചടിച്ചു.വർഗീയതക്ക് എതിരായ പോരാട്ടം എങ്ങനെ നയിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റഡി ക്ലാസെടുക്കുന്നു. ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർ പാർട്ടിക്ക് വേണ്ടി രക്ത സാക്ഷികൾ ആയെന്നു പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ പറഞ്ഞ പിണറായി ഇപ്പോൾ മുഖ്യമന്ത്രി ആയപ്പോൾ ഞങ്ങൾക്ക് ക്ലാസ് എടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ് വോട്ട് നേടി സഭയിൽ എത്തിയ ആളല്ലേ പിണറായി എന്ന് സതീശൻ ചോദിച്ചു. ആർഎസ്എസുകാർ പ്രതികളായ ബോംബ് സ്ഫോടന കേസിൽ പോലും അറസ്റ്റ് ഇല്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kannur bomb blast in kerala assembly pinarayi vijayan