കണ്ണൂര്‍: തോട്ടടയില്‍ വിവാഹാഘോഷത്തിനിടെ ജിഷ്ണു എന്ന യുവാവിനെ കൊലപ്പടുത്താന്‍ ഉപയോഗിച്ച ബോംബ് നിര്‍മ്മിച്ചത് ഇന്നലെ പിടിയിലായ മിഥുനാണെന്ന് അന്വേഷണ സംഘം. മിഥുന്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു. അക്ഷയ്, ഗോകുല്‍ എന്നിവര്‍ ബോംബുണ്ടാക്കാനായി സഹായിച്ചതായും മിഥുന്റെ വെളിപ്പെടുത്തല്‍.
ഒളിവില്‍ കഴിഞ്ഞിരുന്ന ഏച്ചൂര്‍ സ്വദേശിയായ മിഥുനെ ഇന്നലെ ഉച്ചയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ പിടിയിലായ അക്ഷയ്ക്കും മിഥുനും ബോംബിന്റെ കാര്യം അറിയാമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഏറ് പടക്കം വാങ്ങി സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു ബോംബ് നിര്‍മ്മാണം.
മിഥുന് പുറമെ ഇന്നലെ രാത്രിയോടെയാണ് കേസിലുള്‍പ്പെട്ട ഗോകുലെന്നയാളെ പൊലീസ് പിടികൂടിയത്. രണ്ട് പേരുടേയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം. പിടിയിലായവര്‍ എല്ലാവരും കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സുഹൃത്തുക്കളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ബോംബേറില്‍ ജിഷ്ണുവിന്റെ തല പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു കൊലപാതകം നടന്നത്. കല്യാണത്തിന്റെ തലേന്ന് വരന്റെ വീട്ടില്‍ ഏച്ചൂരില്‍ നിന്നെത്തിയ സംഘവും തോട്ടടയിലെ യുവാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. നാട്ടുകാരിടപെട്ട് സംഘര്‍ഷം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചയോടെ ഏച്ചൂരില്‍ നിന്നുള്ള സംഘം ബോംബുമായി എത്തുകയായിരുന്നു.
Also Read: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ നേരിയ വര്‍ധന; 30,615 പുതിയ കേസുകള്‍