scorecardresearch

കാര്‍ഷിക മേഖലയ്ക്ക് ‘ലഹരി’ പകരുമോ പയ്യാവൂർ ഫെനി? ഉത്പാദനം ജനുവരിയിൽ

വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ പയ്യാവൂർ സർവിസ് സഹകരണ ബാങ്കിന് അനുമതി നൽകിയ സർക്കാർ തീരുമാനത്തിന് നിയസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ അംഗീകാരം ഈ മാസത്തോടെ ലഭിച്ചേക്കും

Feni, Payyavoor, Payyavoor Service Cooperative Bank, Alcohol, Cashew apple

കൊച്ചി: ഗോവയെന്നാല്‍ ചിലര്‍ക്കു മനോഹരമായ ബീച്ചുകളാണെങ്കില്‍ മറ്റു ചിലര്‍ക്കതു ഫെനിയാണ്. ഗോവ മാതൃകയില്‍ കശുമാങ്ങയില്‍നിന്നു ഫെനി ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്കു പുറകെ മുപ്പതാണ്ടിലേറെയായി നടക്കുന്ന ഒരു നാടുണ്ട് കേരളത്തില്‍. പയ്യാവൂരിന്റെ ആ ‘വീര്യം കൂടിയ സ്വപ്‌നം’ ഇന്നിപ്പോള്‍ യാഥാര്‍ഥ്യത്തിനു തൊട്ടരികെയാണ്.

സര്‍ക്കാരില്‍നിന്നുള്ള അന്തിമാനുമതി ലഭിക്കുന്ന മുറയ്ക്ക് രണ്ടു മാസത്തിനുള്ളില്‍ വീര്യം കുറഞ്ഞ മദ്യം ഉത്പ്പാദിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണു പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. പദ്ധതിക്കു ജൂണില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നു. ഇതിനു നിയസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുകയെന്ന നടപടിക്രമം മാത്രമാണു ബാങ്കിനു മുന്നിലുള്ള കടമ്പ.

ഈ മാസത്തോടെ നിയസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ അംഗീകാരവും തുടര്‍ന്നു അധികം വൈകാതെ എക്‌സസൈ് വകുപ്പില്‍നിന്നു ലൈസന്‍സ് ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു ബാങ്ക് പ്രസിഡന്റും സി പി എമ്മിന്റെ വര്‍ഗബഹുജന സംഘടനയായ കര്‍ഷക സംഘത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമായ ടി എം ജോഷി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. ഇപ്പോഴത്തെ കണക്കുകൂട്ടലനുസരിച്ച് ജനുവരിയോടെ ഉത്പാദനം തുടങ്ങാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

ഫെനി ഉത്പാദനത്തിന് അനുമതി തേടി പയ്യാവൂര്‍ ബാങ്ക് 2016 ല്‍ വിശദ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നിയമ തടസങ്ങള്‍ കാരണം അനുമതി നീളുകയായിരുന്നു. പഴങ്ങളില്‍നിന്നും കാര്‍ഷികോല്‍പ്പന്നങ്ങളില്‍നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുമെന്ന നയപരമായ തീരുമാനം ഇടതു സര്‍ക്കാര്‍ അടുത്തിടെ കൈക്കൊണ്ടു. തുടര്‍ന്ന്, പഴങ്ങളില്‍നിന്നും ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളില്‍നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കാനുള്ള ചട്ടം ഒക്‌ടോബര്‍ 22നു നിലവില്‍ വരികയും ചെയ്തു. കശുമാങ്ങയില്‍നിന്നു വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ പയ്യാവൂര്‍ ബാങ്കിന്റേത് ഉള്‍പ്പെടെ ഒന്നിലേറെ അപേക്ഷകള്‍ സര്‍ക്കാരിനു മുന്നിലുണ്ട്.

കശുമാങ്ങയുടെ നീരെടുത്ത് ഒറ്റത്തവണ വാറ്റിയെടുക്കുന്ന ഗോവയിലെ ‘ഉറാക്ക്’ മാതൃകയിലായിരിക്കും പയ്യാവൂര്‍ ബാങ്ക് സഹകരണ സംഘം വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുക. കശുമാങ്ങയുടെ ചുവയുള്ള ഈ മദ്യം നിർമിക്കാൻ മാത്രമാണു സംഘത്തിന് അവകാശം. ബിവറേജസ് കോര്‍പറേഷനാണു വ്യത്യസ്ത അളവുകളിൽ വിൽപ്പന നടത്തുക. ഈ മദ്യം നിര്‍മിക്കാന്‍ ലിറ്ററിനു 200 രൂപ ചെലവ് വരും. ഇതു 500 രൂപയ്ക്കു ബിവറേജസ് കോര്‍പറേഷനു വില്‍ക്കാന്‍ കഴിയുമെന്നാണു ബാങ്ക് സര്‍ക്കാരിനു നല്‍കിയ പദ്ധതി നിര്‍ദേശത്തില്‍ പറയുന്നത്. ഇതേ മദ്യം ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വില്‍ക്കാനുള്ള അനുമതിക്കായി ബാങ്ക് ശ്രമിക്കുന്നുണ്ട്.

വീര്യം കൂടിയ ‘ഫെനി’ ഉത്പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യാനും ബാങ്ക് ലക്ഷ്യമിടുന്നുണ്ട്. ഇക്കാര്യത്തിലും സര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്നാണു ബാങ്കിന്റെ പ്രതീക്ഷ. വീര്യം കുറഞ്ഞ മദ്യം ഒരു തവണ കൂടി വാറ്റുന്നതോടെയാണു ഫെനിയാവുന്നത്. ഇവ ഒരു ലിറ്റര്‍ കുപ്പികളില്‍ വിദേശത്തേക്കു കയറ്റുമതി ചെയ്യുന്നതിനാണു ബാങ്കിന്റെ പ്രഥമ പരിഗണന. വിപണി സംബന്ധിച്ച സജീവ അന്വേഷണത്തിലാണു ബാങ്ക്. കയറ്റുമതി സാധ്യമായാല്‍ മദ്യത്തിന് ആഭ്യന്തര വിപണിയിലേക്കാള്‍ മൂന്നിരട്ടി വില സംഘത്തിനു ലഭിക്കും. കശുവണ്ടിയേക്കാള്‍ വില കശുമാങ്ങയ്ക്കു ലഭിക്കുന്ന സാഹചര്യമാണു വരാനിരിക്കുന്നതെന്നും അതു കര്‍ഷകര്‍ക്കു വന്‍ വരുമാനം നല്‍കുമെന്നും ജോഷി പറഞ്ഞു.

സര്‍ക്കാരില്‍നിന്ന് ഈ മാസത്തിനുള്ളില്‍ അന്തിമാനുമതി ലഭിച്ചാല്‍, കശുമാങ്ങ പഴുത്തു തുടങ്ങുന്ന ജനുവരിയോടെ മദ്യം ഉത്പ്പാദിപ്പിച്ചു തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു ബാങ്ക്. ഈ വൈകിയ വേളയില്‍ പൂര്‍ണതോതിലുള്ള ഉത്പാദനത്തിലേക്കു പോകാന്‍ കഴിയില്ലെങ്കിലും പകലും രാത്രിയുമായുള്ള ഷിഷ്റ്റുകളിലൂടെ ഈ സീസണ്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

ഫെബ്രുവരിയില്‍ കശുവണ്ടി വിളപ്പെടുപ്പ് സജീവമാകുന്നതോടെ കൂടുതല്‍ കശുമാങ്ങ എത്തും. ദിവസം ഏറ്റവും കുറഞ്ഞത് 50 ടണ്‍ കശുമാങ്ങ എത്തുമെന്നാണു സംഘത്തിന്റെ പ്രതീക്ഷ. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 109 പഞ്ചായത്തുകളിലായി ഏറ്റവും കുറഞ്ഞത് 30,000 കശുമാവ് കൃഷിക്കാരുണ്ടെന്നാണു ബാങ്കിന്റെ കണക്ക്. കണ്ണൂര്‍ ജില്ലയിലെ ലോഡുകള്‍ തന്നെ കൈാര്യം ചെയ്യാന്‍ പ്രയാസമാവുമെന്നു ബാങ്ക് വൃത്തങ്ങള്‍ പറഞ്ഞു. കര്‍ഷരില്‍നിന്നു നേരിട്ട് കശുമാങ്ങ ശേഖരിക്കണോ അതോ സൊസൈറ്റികള്‍ മുഖേനെ വേണമോ എന്ന കാര്യത്തില്‍ ലൈസന്‍സ് കിട്ടിയശേഷമായിരിക്കും സംഘം അന്തിമ തീരുമാനമെടുക്കുക.

നീരെടുത്ത് പുളിപ്പിച്ച് മൂന്നാം ദിവസം വാറ്റുന്നതോടെ മദ്യം വില്‍പ്പനയ്ക്കു തയാറാവും. ഗോവയില്‍ ജാക്കി പോലുള്ള ചെറിയ യന്ത്രമുപയോഗിച്ചാണു വലിയ ഉത്പാദന യൂണിറ്റുകള്‍ കശുമാങ്ങ നീരെടുക്കുന്നത്. ഇതില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടുള്ള സ്വന്തം സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ലളിതവും ചെലവ് കുറഞ്ഞതുമായ യന്ത്ര സംവിധാനം ബാങ്ക് ആവിഷ്‌കരിച്ചിട്ടുണ്ട്. ഉത്പാദനത്തിന് അന്തിനുമതി ലഭിക്കുന്ന മുറയ്ക്ക് യന്ത്രങ്ങൾ നിര്‍മിക്കും.

നീര് വാറ്റാനുള്ള ചെമ്പ് പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഗോവയില്‍നിന്നാണു കൊണ്ടുവരുന്നത്. ലൈസന്‍സ് കിട്ടുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഇവ പറഞ്ഞുവച്ചിരുന്നു. ചെലവ് കുറയ്ക്കാനായി അലൂമിനിയം പാത്രങ്ങള്‍ ഉപയോഗിക്കുന്നതും ആലോചനയിലുണ്ട്.

പയ്യാവൂര്‍ ടൗണില്‍നിന്നും രണ്ടു കിലോ മീറ്റര്‍ അകലെയുള്ള കാക്കത്തോട്, വണ്ണായക്കടവ് എന്നീ സ്ഥലങ്ങളിലെ ഫാക്ടറികളിലാണു മദ്യം ഉത്പ്പാദിപ്പിക്കുക. കശുമാങ്ങ സംസ്‌കരിക്കുന്നതിനും മദ്യം സൂക്ഷിക്കാനും ബാങ്കിന്റെ ഗോഡൗണുകള്‍ക്കു പുറമെ സ്വകാര്യ വ്യക്തികളുടെ ഗോഡൗണുകള്‍ വാടകയ്‌ക്കെടുക്കും. മദ്യത്തിനു ബാങ്ക് പേര് കണ്ടുവച്ചിട്ടുണ്ടെങ്കിലും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ‘പയ്യാവൂര്‍ ഫെനി’ എന്നൊക്കെ മാധ്യമങ്ങളും മറ്റും പറയുന്നുണ്ടെങ്കിലും തീരുമാനിച്ചിട്ടില്ലെന്നു ജോഷി പറഞ്ഞു.

പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 1991ല്‍ ആരംഭിച്ചതാണു കശുമാങ്ങയില്‍നിന്നു മദ്യം ഉത്പാദിപ്പിക്കാനുള്ള ടി എം ജോഷിയുടെ പരിശ്രമം. ഉത്പാദനത്തിന് അനുമതി ലഭിച്ചു കഴിഞ്ഞാല്‍ അത് കാര്‍ഷികമേഖലയുടെ മുഖച്ഛായാ മാറ്റത്തിനു തുടക്കമിടുമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ ലാഭമല്ല, കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കുകയാണു മദ്യ ഉത്പാദനത്തിന്റെ ലക്ഷ്യം. അതിനാല്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. ഗോവയില്‍ സുഗന്ധനവ്യഞ്ജനങ്ങളും ആയുര്‍വേദ സസ്യങ്ങളും ചേര്‍ത്തു ഫെനിയുണ്ടാക്കി തുടങ്ങിയിട്ടുണ്ട്. അത്തരം വൈവിധ്യവല്‍ക്കരണത്തിന്റെ വിപ്ലവം തന്നെ ഭാവിയില്‍ സംഭവിക്കുമെന്നും ജോഷി പറഞ്ഞു.

ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ചുമാസം മാത്രമുള്ളതാണു ഒരു കശുവണ്ടി സീസണ്‍. അതുകഴിഞ്ഞാല്‍ മദ്യം ഉത്പാദിപ്പിക്കുന്ന ഫാക്ടറി അടച്ചിടേണ്ടി വരും. എന്നാല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ തൊഴിലാളികള്‍ക്കു തൊഴില്‍ നല്‍കാനായി കശുവണ്ടി സംസ്‌കരണ ഫാക്ടറി തുടങ്ങുന്നതും ബാങ്കിന്റെ ആലോചനയിലുണ്ട്. ആദ്യ ഘട്ടത്തില്‍ 50 തൊഴിലാളികള്‍ക്കു മദ്യ ഉത്പാദന യൂണിറ്റില്‍ തൊഴില്‍ നല്‍കും.

മഹാരാഷ്ട്ര (32.98 ശതമാനം), ആന്ധ്രാപ്രദേശ് (14.31), ഒഡിഷ (12.07), കര്‍ണാടക (10.95), കേരളം (10.79) തമിഴ്നാട്(8.69), എന്നീ ആറ് സംസ്ഥാനങ്ങളാണ് ഇന്ത്യയുടെ കശുവണ്ടി ഉത്പാദനത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്യുന്നത്. ഫെനിയുടെ നാടായ ഗോവയിൽ 4.19 ശതമാനം മാത്രമാണ് ഉത്പാദനം.

രാജ്യത്ത് മൊത്തം 10.62 ലക്ഷം ഹെക്ടറിൽനിന്ന് 8.71 ലക്ഷം മെട്രിക് ടണ്ണാണ് ഉത്പാദനമെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിൽ 1.91 ലക്ഷം ഹെക്ടറിൽനിന്ന് 2.69 ലക്ഷം മെട്രിക് ടൺ ഉത്പാദന ലഭിക്കുമ്പോൾ കേരളത്തിൽ 0.92 ലക്ഷം ഹെക്ടറിൽനിന്ന് 0.88 ലക്ഷം മെട്രിക് ടണ്ണാണ്. സംസ്ഥാനത്ത് കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണു കൃഷി ഏറെയും. കണ്ണൂരില്‍ ആറളം ഫാം ഉള്‍പ്പെടുന്ന മേഖല ഇതിൽ പ്രധാനമാണ്. ഗോവയ്ക്കു പുറമെ മഹാരാഷ്ട്രയിൽ മാത്രമാണു നിലവിൽ കശുമാങ്ങയില്‍നിന്നു മദ്യം ഉത്പാദിപ്പിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kannur bank likely to begin payyavur feni bottling soon

Best of Express