കണ്ണൂര്‍: സിപിഎം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ പതാക ഉയര്‍ന്നു. പൊതുസമ്മേളനവേദിയായ എകെജി നഗറില്‍ (ജവഹര്‍ സ്റ്റേഡിയം) സ്വാഗതസംഘം ചെയര്മാന് മുഖ്യമന്ത്രി പിണറായി വിജയനാണ് പതാക ഉയര്‍ത്തിയത്.
പുന്നപ്ര-വയലാറില്നിന്നു കൊണ്ടുവരുന്ന പതാക വൈകീട്ട് അഞ്ചിന് എകെജി നഗറിലെത്തുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും വൈകി. കൊടിമരം കാസര്‍ഗോഡ് കയ്യൂരില്നിന്നാണ് എത്തിച്ചത്. കൊടിമരജാഥ കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയും പതാക ജാഥ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജുമാണ് നയിച്ചത്.
ഇ കെ നായനാര്‍ അക്കാദമിയിലെ പ്രത്യേകം തയാറാക്കിയ വേദിയില്‍ നാളെ രാവിലെ പ്രതിനിധി സമ്മേളനത്തിനു തുടക്കമാവും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും.
പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 815 പേരാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളും കണ്ണൂരിലെത്തിക്കഴിഞ്ഞു. ഇന്ന് പൊളിറ്റ് ബ്യൂറോ യോഗം ചേരും.
സിപിഎമ്മിന്റെ രാജ്യത്തെ ശക്തമായ കോട്ടയായ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ വരവേല്‍ക്കാന്‍ ചുവപ്പില്‍ മുങ്ങിയിരിക്കുകയാണ്. സമ്മേളന വേദിയായ നായനാര്‍ അക്കാദമിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറുകളിൽ പങ്കെടുക്കും.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടതും കേരളത്തില്‍ തുടര്‍ഭരണം പിടിച്ചതുമായ സാഹചര്യത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുന്നത്. ലോക്സഭയില്‍ മൂന്ന് അംഗങ്ങൾ മാത്രമാണു പാർട്ടിക്കുള്ളത്. ഭരണത്തിലുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ കേരളം മാത്രമാണ് ഇപ്പോഴുള്ളത്. മൂന്ന് പതിറ്റാണ്ട് അധികാരത്തിലിരുന്ന പശ്ചിമബംഗാളില്‍ കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് പോലും നേടാനായില്ല. 2018ല്‍ അധികാരം നഷ്ടപ്പെട്ട ത്രിപുരയില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ബിജെപിക്കെതിരെ ദേശീയതലത്തിൽ രൂപപ്പെടേണ്ടേ സഖ്യം സംബന്ധിച്ച് 10 വരെ നടക്കുന്ന പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യും.
ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി മൂന്നാം വട്ടവും തുടരണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിലെ ധാരണ. വിശാഖപട്ടണത്ത് നടത്ത ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് തർക്കത്തിനൊടുവിൽ യെച്ചൂരി ജനല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. എസ് രാമചന്ദ്രന് പിള്ളയുടെ പേരും സെക്രട്ടറി സ്ഥാനത്തേക്കു ശക്തമായി ഉയര്‍ന്നിരുന്നു. അവസാനഘട്ടത്തിലാണ് ഒത്തുതീര്‍പ്പുണ്ടാവുന്നതും യെച്ചൂരി സെക്രട്ടറിയാവുന്നതും.
ഹൈദരാബാദില്‍ നടന്ന ഇരുപത്തി രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിലും സെക്രട്ടറി പദത്തില്‍ യെച്ചൂരി തുടരുന്നതു സംബന്ധിച്ച് തര്‍ക്കമുണ്ടായി. എന്നാല്‍ ഇത്തവണ ആ തര്‍ക്കമില്ലെന്നു മാത്രമല്ല എസ്ആര്‍പി പോളിറ്റ് ബ്യൂറോയില്‍നിന്ന് ഒഴിവാകുകയും ചെയ്യും.
എഴുപത്തി രണ്ട് വയസ് പരിധി നിര്‍ബന്ധമാക്കുന്നതോടെ ബിമന്‍ ബസു, ഹനന്‍ മൊള്ള എന്നിവരും പിബിയില്‍നിന്ന് ഒഴിവാകും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് ലഭിച്ചേക്കും. എസ് രാമചന്ദ്രന് പിള്ളയ്ക്കു പകരമായി കേരളത്തില്‍നിന്ന് എ വിജയരാഘവന് പിബിയില്‍ എത്തിയേക്കും. എകെ ബാലന്, മന്ത്രി കെ രാധാകൃഷ്ണന് എന്നിവരുടെ പേരും പിബിയിയിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
Also Read: ഉറുമ്പ് ആനയ്ക്ക് കല്ല്യാണം ആലോചിച്ചപോലെ; സിപിഎമ്മിനെ പരിഹസിച്ച് കെ. സുധാകരൻ