കാലടി: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന (കിയാൽ) യാത്രക്കാർക്ക് ആനന്ദ കാഴ്ചയൊരുക്കാൻ വിഷ്ണുമൂർത്തി തെയ്യം. ‘കിയാലി’ന്റെ ചുമരിൽ 60 അടി ഉയരത്തിലും 80 അടി വീതിയിലുമാണ് ചുമർ ചിത്രം ചെയ്തിട്ടുള്ളത്. കാലടി സംസ്കൃത സർവ്വകലാശാലയിലെ ഫൈൻ ആർട്സ് കൺസോർഷ്യമാണ് ഈ തെയ്യത്തിന്റെ രചന നിർവഹിച്ചിട്ടുളളത്. തെയ്യത്തിന്റെ ഏറ്റവും വലിയ ചുമർചിത്രമാണിതെന്ന് സംസ്കൃത സർവ്വകലാശാല അധികൃതർ പറഞ്ഞു
വിഷ്ണുമൂർത്തി തെയ്യത്തിന്റെ ശില്പം ആദ്യം സിമന്റിലാണ് ചെയ്തത്. പിന്നീട് അക്രലിക് നിറങ്ങൾ ഉപയോഗിച്ച് മോടി കൂട്ടി. ആടയാഭരണങ്ങൾ ചെമ്പിലും അലൂമിനിയം പൊതിഞ്ഞുമാണ് ചെയ്തിരിക്കുന്നത്. നിറങ്ങളുടെ പ്രയോഗം തികച്ചും കേരളീയ ചുമർചിത്ര ശൈലിയിൽ തന്നെയാണ് ഉപയോഗിച്ചത്. നാല് മാസത്തിലധികം സമയമെടുത്താണ് ചുമർചിത്രം പൂർത്തിയാക്കിയത്.
കലാകാരനും കാലടി സംസ്കൃത സർവ്വകലാശാല ചിത്രകലാ വിഭാഗം അധ്യക്ഷനുമായ സാജു തുരുത്തിലിന്റെ നേതൃത്വത്തിൽ സർവ്വകലാശാല പൂർവ്വ വിദ്യാർത്ഥികളായ ദിൽജിത്ത് വിഷ്ണു, സുജിത്ത് ശ്രീജ എന്നിവർ ചേർന്നാണ് ചുമർചിത്ര ശില്പം തയ്യാറാക്കിയത്.
കണ്ണൂരിലെ പൈതൃകം ആസ്പദമാക്കി വിമാനത്താവളത്തിൽ കൂടുതൽ ചിത്രങ്ങൾ തയ്യാറാക്കുന്നത് സംബന്ധിച്ച് കിയാൽ അധികൃതരുമായി ചർച്ച നടത്തിവരികയാണ് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാ ശാലയുടെ ഫൈൻ ആർട്സ് കൺസോർഷ്യം.
തുറവൂർ ക്ഷേത്രത്തിലെ 350ഓളം വർഷം പഴക്കമുള്ള ചുമർ ചിത്രത്തെ പുനഃപ്രക്രിയയിലൂടെ ഫൈൻ ആർട്സ് കൺസോർഷ്യം തിരിച്ചെടുത്തിരു ന്നു. ഫൈൻ ആർട്സ് കൺസോർഷ്യം എന്നത് വിദ്യാർത്ഥികൾക്ക് പഠനശേഷം ആ മേഖലയിൽ തന്നെ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന പദ്ധതിയാണെന്ന് സർവ്വകലാശാല അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ധർമരാജ് അടാട്ട്, പ്രോ-വൈസ് ചാൻസലർ ഡോ. കെ.എസ്.രവികുമാർ, രജിസ്ട്രാർ ഡോ. ടി.പി.രവീന്ദ്രൻ, ഫിനാൻസ് ഓഫീസർ ടി.എൽ.സുശീലൻ ചിത്രകാരൻ സാജു തുരുത്തിൽ എന്നിവർ സംസാരിച്ചു.