Kannur Airport: തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും പാർട്ടി നേതാക്കൾക്കും ഒപ്പം വിമാനയാത്ര നടത്തിയത് വിവാദത്തിൽ. ഒറ്റ പിഎൻആറിൽ ഗോ എയർ വിമാനത്തിൽ 63 യാത്രക്കാർ ഉണ്ടായിരുന്നെന്ന് ടിക്കറ്റ് ഉൾപ്പടെ പുറത്ത് വിട്ട് കെ.എസ്.ശബരിനാഥൻ എംഎൽഎ ആരോപിച്ചു.
മുഖ്യമന്ത്രിയുടെയും മറ്റുളളവരുടെയും യാത്രയ്ക്കായി ആകെ 2,28,000 രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് ചിലവഴിച്ചത്. യാത്രയിൽ പാര്‍ട്ടി നേതാക്കളെയും ഡിവൈഎഫ്ഐ നേതാക്കളെയും കൂടെ കൂട്ടിയത് സർക്കാർ പണം ധൂർത്തടിച്ചതാണെന്ന് കോൺഗ്രസ് യുവ എംഎൽഎ ആരോപിക്കുന്നു.
കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മുഖ്യമന്ത്രിയും സംഘവും ഗോ എയറിന്റെ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് വന്നത്. ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപി ലോക്നാഥ് ബെഹ്റയും സംഘത്തിലുണ്ടായിരുന്നു. ഇതിന് പുറമെ ആദ്യത്തെ ഏഴ് ടിക്കറ്റുകൾ മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടിയുളളതായിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ, മകൻ വിവേക്, മകൾ വീണ എന്നിവർക്ക് പുറമെ കൊച്ചുമക്കളും മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്തു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഭാര്യ വിനോദിനി, പേഴ്സണല്‍ സ്റ്റാഫില്‍ അംഗങ്ങളായ മറ്റ് പാര്‍ട്ടി നേതാക്കൾ എന്നിവരും യാത്രയിൽ ഒപ്പമുണ്ടായിരുന്നു. ആകെ 63 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന ഒഡെപെക് എന്ന ഏജന്‍സിയാണ് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്തത്. സർക്കാർ നടപടി പ്രളയകാലത്തെ ധൂര്‍ത്തെന്ന് കെ.എസ്.ശബരീനാഥൻ കുറ്റപ്പെടുത്തി.
Kannur Airport Opening: കണ്ണൂർ വിമാനത്താവളം 22 വർഷത്തെ സ്വപ്‌നം; കേരളത്തിന് അഭിമാന നേട്ടം
“പണ്ട് രാജാക്കന്മാർ നായാട്ടിന് പോകുമ്പോൾ സർവ്വസന്നാഹവുമായി യാത്രചെയ്യാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ ഇടതുപക്ഷ രാജവാഴ്ചയായതുകൊണ്ടായിരിക്കും പ്രളയകാലത്ത് ഏമാൻമാരുടെ ഈ ധൂർത്ത്. വിപ്ലവാഭിവാദ്യങ്ങൾ,” എന്നാണ് ശബരീനാഥൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഒരാള്‍ക്ക് 3600 രൂപ തോതില്‍ ഇളവോടെയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.
Kannur Airport Opening: വിമാനത്തിനകത്ത് കൈകൊട്ടി പാട്ടുപാടി കണ്ണൂർ യാത്രക്കാർ; വീഡിയോ കാണാം