കണ്ണൂർ: പത്തു വർഷം മുമ്പ് കണ്ണൂർ രാജ്യാന്തര വിമാനത്താവളം നിർമ്മിക്കുന്നതിനായി സ്ഥലം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ വീട്ടുമുറ്റത്തെത്തിയപ്പോൾ പ്രസാദിന് തന്റെ കുടുംബ വകയായി ലഭിച്ച ഒരേക്കർ സ്ഥലം വിട്ടു നൽക്കാൻ സമ്മതമായിരുന്നില്ല. കശുമാവും, പാമ്പുകളും മാത്രമുണ്ടായിരുന്ന മൂർഖൻപറമ്പെന്ന കുന്നിന് ലക്ഷങ്ങൾ ലഭിക്കുമെന്നൊരു ചിന്ത പ്രസാദിന്റെ മനസ്സിലുണ്ടായിരുന്നു.

പ്രസാദിനെ പോലെ പ്രദേശവാസികളിൽ പലരും സ്ഥലമെടുക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ അതൊന്നും ലക്ഷ്യം കണ്ടില്ല. പിന്നീട് അയൽവാസികൾ പലരും സെന്റിന് 50,000 രൂപ നഷ്ടപരിഹാരവും വാങ്ങി സ്ഥലം നൽകുന്ന കാഴ്ചയാണ് കണ്ടതെന്ന് പ്രസാദ് പറഞ്ഞു. അന്ന് അത് നല്ലൊരു തുകയായിരുന്നു.
എന്നാൽ ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളം എന്ന നേട്ടം തന്റെ നാടിനൊരു അഭിമാന ചിഹ്നമാണെന്നതിൽ മറ്റു പ്രദേശവാസികളെ പോലെ സന്തുഷ്ടനാണ് പ്രസാദും. എന്നാൽ തന്റെയും നാട്ടുകാരുടെയും ജീവിത നിലവാരത്തിന് പെട്ടന്നൊരു മാറ്റം കൊണ്ടു വരാൻ എയർപോർട്ടിനാകും എന്ന് വിശ്വസിക്കുന്നില്ല.
എയർപോർട്ടൊക്കെ പേരിന് മാത്രം നമുക്ക് ഒന്നുമില്ലെന്ന പരാതിയിലാണ് പ്രസാദ്.
കേരളത്തിലെ നാലാമത്തെ വിമാനത്താവളമാണ് ഡിസംബർ ഒൻപതിന് ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളം. മുഖ്യമന്ത്രി പിണറായി വിജയനും വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭുവുമാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കണ്ണൂർ ടൗണിൽ നിന്നും 30 കിലോമീറ്ററും മട്ടന്നൂരിൽ നിന്നും മൂന്ന് കിലോ മീറ്റർ ദൂരവുമാണ് വിമാനത്താവളത്തിലേക്ക്.
ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ഞായറാഴ്ച ചൈനീസ് വിളക്ക് മുതലായവ കൊണ്ട് വിമാനത്താവളത്തിലേക്കുളള വഴി അലങ്കരിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് പ്ലാസ്റ്റിക്ക് ഒഴിവാക്കിയാണ് അലങ്കാരം നടത്തിയിരിക്കുന്നത്.
വിമാനത്താവളം സ്ഥിതി ചെയ്യുന്നത് 2000 ഏക്കറോളം വരുന്ന കുന്നിൻ പ്രദേശത്താണ്. തൊണ്ണൂറുകളുടെ മധ്യത്തിലാണ് വിമാനത്താവളത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. മലബാർ മേഖലയിലെ രണ്ടാമത്തെ വിമാനത്താവളമാണിത്. കോഴിക്കോട് ജില്ലയിലെ കരിപ്പൂർ വിമാനത്താവളത്തിലേക്ക് രണ്ട് മണിക്കൂർ യാത്രയാണുള്ളത്. അതിനാലാണ് കണ്ണൂരിൽ വിമാനത്താവളത്തിനായി ആവശ്യമുയർന്നത്.
കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നും ആയിരങ്ങളാണ് യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹറൈൻ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നത്. ഇവർക്കാണ് കണ്ണൂർ വിമാനത്താവളം അനുഗ്രഹമാകുന്നത്. കണക്ക് പ്രകാരം പത്തു ലക്ഷം യാത്രക്കാരെയാണ് പ്രതിവർഷം പ്രതീക്ഷിക്കുന്നത്. ഇതിന്റെ അഞ്ചു മടങ്ങ് വർധനവ് 2025ൽ ഉണ്ടാകുമെന്നാണ് അനുമാനിക്കുന്നത്.
ലോട്ടറി അടിച്ചത് പോലെ
മട്ടന്നൂർ, കാര പേരാവൂർ പ്രദേശത്തുള്ളവർക്ക് വിമാനത്താവളത്തിന്റെ വരവോട് കൂടി നേട്ടമാണുണ്ടായത്. പലർക്കും സ്ഥലം വിട്ടു നൽകുന്നതിലൂടെ സാമ്പത്തിക നേട്ടമുണ്ടായി. അതിനാൽ തന്നെ സ്വമനസ്സാൽ സ്ഥലം വിട്ടു നൽകി.
“ലോട്ടറി അടിച്ചത് പോലെയായിരുന്നു. പെട്ടെന്ന് വലിയൊരു തുക കൈയ്യിൽ വന്നു. അത്രയും പണം മുൻപ് ഒരുമിച്ച് കണ്ടിട്ടില്ല. പണം എന്ത് ചെയ്യണമെന്ന് പലർക്കും അറിയില്ലായിരുന്നു.” ടിപ്പർ ഡ്രൈവറായ ബാബു പറഞ്ഞു. ചിലർ പണം നന്നായി വിനിയോഗിച്ചു, ചിലർ പണം തുലച്ചു കളഞ്ഞു. വലിയ തുക ഒരുമിച്ച് വന്നതോടെ എന്തു ചെയ്യണമെന്ന് അറിയാതായ ഒരുപാടു പേരെ അറിയാമെന്ന് പ്രസാദ് പറഞ്ഞു.
തന്റെ ഭാര്യ സഹോദരന്റ കഥ തന്നെ അതിന് ഉദാഹരണമായി പറഞ്ഞു. “കൈയ്യിൽ പണം വന്നതിന് ശേഷം ദിവസേന മട്ടന്നൂരിലേക്ക് ഓട്ടോറിക്ഷയ്ക്ക് പോകും, മദ്യപിക്കുന്നതിനായി ബാറിൽ കേറുമ്പോൾ ഓട്ടോറിക്ഷക്കാരൻ കാത്തു കിടക്കും, പിന്നെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന് ശേഷം അതേ ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങും, ഇങ്ങിനെ ആർഭാടമായാണ് ജീവിതം നയിച്ചത്. എന്നാൽ ഭാഗ്യത്തിന് രണ്ടു മക്കളും രക്ഷപ്പെട്ടു. മകന് നേവിയിലും, മകൾക്ക് വിമാനത്താവളത്തിലും ജോലി കിട്ടി,” പ്രസാദ് പറഞ്ഞു.
തിരക്ക് കുറഞ്ഞ വീതിയേറിയ റോഡുകൾ വേണം

തലശ്ശേരി- വളവുപാറ റോഡ് വിമാനത്താവളത്തിന് മുമ്പ് മട്ടന്നൂർ ടൗണിലൂടെയാണ് കടന്ന് പോകുന്നത്. ഗതാഗത തിരക്ക് താങ്ങാനാവാത്ത 15 മീറ്റർ മാത്രം വീതിയുള്ള റോഡാണ് ഇതെന്ന് പ്രദേശവാസികൾ പറയുന്നു. രാവിലെയും വൈകിട്ടും ഈ വഴിയിൽ ഗതാഗത തിരക്കുമൂലം ബ്ലോക്ക് ഉണ്ടാകാറുണ്ട് , ഇത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും.
“വിമാനത്താവളം വരുന്നതിൽ സന്തോഷമേയുള്ളൂ, അഭിമാനവുമുണ്ട്. എന്നാൽ അതിന് വേണ്ട ഗതാഗത സൗകര്യം ഒരുക്കിയിട്ടില്ല. വിമാനത്താവളം തുറക്കുന്നതിന് മുമ്പ് തന്നെ നിരവധി വാഹനങ്ങൾ ഇതിലെ കടന്ന് പോകുന്നുണ്ട്. അപ്പോള്‍ പിന്നെ വിമാനത്താവളം തുറന്നാലുള്ള കാര്യം പറയണോ,” മട്ടന്നൂരിൽ കട നടത്തുന്ന അബ്ദുൾ ഖാദർ പറഞ്ഞു.

റോഡ് വികസനം കുറേ നാളുകളായി ചർച്ചയിലുണ്ട്. എന്നാൽ ചുവപ്പ്നാടയിൽ കുരുങ്ങി പുരോഗതിയില്ലാതെ തുടരുകയാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ലോക ബാങ്കിന്റെ സഹായത്തോടെ നാലു മാസത്തിനുള്ളിൽ 44 കിലോ മീറ്റർ ദൈർഘ്യത്തിൽ റോഡ് പണിയാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
ഇതുപോലെയുള്ള വാഗ്‌ദാനങ്ങൾ കുറേ കേട്ടിട്ടുണ്ടെന്നാണ് പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ കട നടത്തുന്ന ഷുക്കൂർ പറയുന്നത്. വികസനത്തിനായി സ്ഥലം വിട്ടു നൽകിയിട്ടുണ്ടെന്നും ഷുക്കൂർ പറഞ്ഞു.
നാട് വികസിക്കണം എന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്, എന്നാൽ സർക്കാർ തലത്തിൽ നിന്നും നടപടികൾ ഉണ്ടാകുന്നില്ല. പണി വൈകിപ്പിച്ച് അവർ പണം സമ്പാദിക്കുന്നുണ്ട്. എന്റെ 2.5 ഏക്കർ സ്ഥലം റോഡിനായി വിട്ടു നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ പണി തുടങ്ങിയിട്ടില്ലെന്നും ഷുക്കൂർ പറഞ്ഞു.