Kannur International Airport Opening Today by CM Pinrayi Vijayan: കോട്ടയം: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വിളിക്കാത്തതിനെ ചൊല്ലി വിവാദത്തിന് താൽപര്യമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇത് സന്തോഷ നിമിഷമാണ്. 2017 ൽ പണി തീർക്കാനായിരുന്നു യുഡിഎഫ് ഭരണത്തിലിരുന്നപ്പോൾ തീരുമാനിച്ചിരുന്നത്. യുഡിഎഫ് സർക്കാർ അധികാരം വിട്ടൊഴിയുന്നതുവരെ വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ സമയക്രമം കൃത്യമായിരുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് നിർമ്മാണം വൈകിപ്പിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Read: പറന്നുയർന്ന് കണ്ണൂർ, വിമാനത്താവളം നാടിന് സമർപ്പിച്ചു
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങ് യുഡിഎഫ് ബഹിഷ്കരിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനെയും ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ചടങ്ങിൽനിന്നും വിട്ടുനിന്നത്.
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ആയിരുന്നു 2010 ഡിസംബറിൽ വിമാനത്താവളത്തിന് തറക്കല്ലിട്ടത്. 2014 ഫെബ്രുവരിയിൽ റൺവേ നിർമ്മാണം ഉദ്ഘാടനം അന്ന് കേന്ദ്രമന്ത്രിയായിരുന്നു എ.കെ.ആന്റണി നിർവ്വഹിച്ചു. 2014 ജൂലൈയിൽ ടെർമിനൽ കെട്ടിടം ശിലാസ്ഥാപനം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു. എന്നാൽ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ഉമ്മൻ ചാണ്ടിയെയും വിഎസ്സിനെയും സർക്കാർ ക്ഷണിച്ചില്ല. ഇതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയത്.
Read: ആദ്യ യാത്രക്കാരന് പിണക്കം സർക്കാരിനോട്, നാദാപുരം സ്വദേശി ആദ്യ യാത്രക്കാരൻ
Read: ‘തിരക്ക് കൂട്ടേണ്ട, നമ്മൾ ഇനി ഇവിടെയൊക്കെ തന്നെ കാണും’: പിണറായി വിജയൻ
കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഇന്ന് നാടിന് സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തത്. അബുദാബിയിലേക്കായിരുന്നു ആദ്യ വിമാന സർവ്വീസ്.